
തമിഴ് സിനിമാ മേഖലയിലെ ആരാധകര്‍ മക്കള്‍ സെല്‍വം എന്ന പേരു ചൊല്ലി വിളിക്കുന്ന സൂപ്പര്‍താരമാണ് വിജയ് സേതുപതി. ഏറ്റവും ജനപ്രിയനായ വിജയിച്ചു നില്ക്കുന്ന നടന്മാരിൽ ഒരാളായ വിജയ് സേതുപതിയുടെ പ്രശസ്തിയും താരപദവിയിലേക്കുള്ള ഉയർച്ചയും അസാധാരണമായിരുന്നു. ചെറുതും സഹനായക വേഷങ്ങളും ചെയ്തുകൊണ്ട് തന്റെ കരിയർ ആരംഭിച്ച വിജയ് സേതുപതി തന്റെ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. പിസ്സ, തേൻമേർക്ക് പരുവകാറ്റ്, ചൂട് കവ്വും, സേതുപതി എന്നീ ചിത്രങ്ങളിലെ പ്രകടനം താരത്തെ കൂടുതല്‍ ജനപ്രിയനാക്കി. ഒരു വിജയകരമായ നടൻ എന്നതിലുപരി, നിർമ്മാതാവ്, ഗാനരചയിതാവ്, സംഭാഷണ രചന എന്നീ നിലകളിൽ വിജയ് സേതുപതി മറ്റ് വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ശ്രീറാം രാഘവൻ സംവിധാനം ചെയ്ത മെറി ക്രിസ്മസ് എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ തിരക്കിലാണ് താരം. ബോളിവുഡ് താരം കത്രീന കെയ്ഫാണ് ഇതില്‍ വിജയ് സേതുപതിയുടെ നായികയാകുന്നത്. ഇപ്പോഴിതാ പ്രൊമോഷനിടെ താരം തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ആരാധിക താങ്കളുടെ സിമ്പ്ലിസിറ്റി ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞപ്പോള്‍, ‘‘എല്ലാവരും ഇങ്ങനെ പറയുന്നുണ്ട്. പക്ഷേ ഇത് അങ്ങനെയല്ല. ഞാനീ ഡ്രസ്സിംഗില്‍ കംഫര്‍ട്ടബിളാണ്. ബ്ലേസറും ജാക്കറ്റും ധരിച്ച് ജേംയിസ് ബോണ്ടിനെ പോലെ വരാന്‍ എനിക്ക് വയ്യാഞ്ഞിട്ടല്ല. ഞാനതില്‍ കംഫര്‍ട്ടല്ല. അതുകൊണ്ടാണങ്ങനെ വരാത്തത്. ഞാനിട്ടിരിക്കുന്ന ഈ ഡ്രസ്സ് ശരിക്കും എക്സ്പെന്‍സീവാണ്. പണ്ടു മുതലേ ആളുകള്‍ എന്നെ നോക്കി ഞാന്‍ വളരെ സിമ്പിളാണെന്ന് പറയാറുണ്ട്. പക്ഷേ ഞാനങ്ങനെയല്ല. കാര്യങ്ങള്‍ യഥാർത്ഥവും സുഖപ്രദവുമായി ഞാന്‍ സൂക്ഷിക്കുന്നു. ഞാന്‍ അഭിനയിക്കുകയല്ല. സത്യമായും എനിക്കിത് കംഫര്ട്ടബിളായതു കൊണ്ടാണ് ഞാന്‍ ധരിക്കുന്നത്. സിമ്പിള്‍ എന്ന ലേബല്‍ എനിക്ക് ഇഷ്ടമല്ല...’’ എന്നാണ് വിജയ് സേതുപതി പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടിയും പിന്തുണയുമാണ് കേട്ടിരിക്കുന്ന ആരാധകര്‍ നല്‍കുന്നത്. ഒരാൾക്ക് കഴിയുന്നത്ര സത്യസന്ധനായിരിക്കാന്‍ കഴിയുന്നത് വിജയ് സേതുപതിയില്‍ നിന്നാണ് എന്നാണ് പലരും ഈ വീഡിയോയ്ക്ക് താഴെ നല്കുന്ന കമന്റുകള്‍.






