
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വീഡനില്‍ നിന്നുള്ള ഇന്‍ഫ്ളുന്‍സറായ എല്‍വിറ ലന്‍ഡ്ഗ്രെന്‍ എന്ന യുവതി പങ്കുവച്ച ഒരു വീഡിയോയാണ് കാണുകളില്‍ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോയില്‍ സ്വീഡനിലെ ആളുകളുടെ നിലവിലെ അവസ്ഥയാണ് വ്യക്തമാകുന്നത്.
കൊടും തണുപ്പിലൂടെയാണ് സ്വീഡിഷ് ജനത കടന്നുപോകുന്നത് എന്നാണ് നമ്മുക്ക് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്വീഡനില്‍ ഇപ്പോള്‍ -30 ഡിഗ്രി സെല്‍ഷ്യസ് ആണ് ടെംപറേച്ചര്‍. ആ തണുപ്പത്ത് എങ്ങനെയാണ് തങ്ങളുടെ തലമുടി വരെ ഫ്രീസായിപ്പോകുന്നത് എന്നാണ് എല്‍വിറ കാണിച്ചുതരുന്നത്. അവള് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ മഞ്ഞില്‍ മൂടിക്കിടക്കുന്ന പ്രദേശം കാണാം. ഒപ്പം അവളുടെ തലമുടി ആകെ ഫ്രീസായിപ്പോയിരിക്കുന്നതും കാണാം. 'ടെംപറേച്ചര്‍ ഇവിടെ -30 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരിക്കുന്നു. എനിക്ക് ഒരു ചെറിയ പരീക്ഷണം നടത്തേണ്ടി വന്നു' എന്നാണ് അവള് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.
പങ്കുവച്ച വീഡിയോയില്‍ ചുറ്റും മഞ്ഞ് വീണുകിടക്കുന്ന ഒരു പ്രദേശത്ത് എല്‍വിറ നില്‍ക്കുന്നത് കാണാം. ശേഷം അവളുടെ മുടി അവള് മുന്നിലോട്ടും പിന്നിലോട്ടും ഒക്കെ മാറ്റുന്നുണ്ട്. എന്നാല്‍, ഫ്രീസായ അവസ്ഥയിലാണ് മുടിയുള്ളത്. അവള് ആ മുടി അതുപോലെ തന്നെ ഉയര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എത്ര കഠിനമായ സാഹചര്യത്തിലാണ് സ്വീഡനിലെ ജനങ്ങള്‍ കഴിഞ്ഞു പോരുന്നത് എന്നുകൂടി തെളിയിക്കുന്നതാണ് വീഡിയോ.






