
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്യുവിയായ പഞ്ച് ഇവി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2024 ജനുവരി 17-ന് ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍.
പഞ്ചിന്റെ പെട്രോള്‍ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് അകത്തളം അടിമുടി മാറിയിട്ടുണ്ടെന്ന് സ്പൈ ചിത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. സ്പൈ ചിത്രങ്ങളില്‍ കാണുന്നത് പഞ്ച് ഇവിയുടെ ടോപ്പ് എന്‍ഡ് എംപവേര്‍ഡ് പ്ലസ് പതിപ്പാണ്. അതിനാല്‍ നെക്സോണ്‍, നെക്സണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവയ്ക്കൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്ന അതേ 10.2 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നുണ്ട്. ഇതുകൂടാതെ, ടാറ്റയില്‍ നിന്നുള്ള അര്‍ക്കേഡ് ഡോട്ട് ഇവി ആപ്പ് സ്യൂട്ടിനൊപ്പം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന അതേ 10.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍ പഞ്ച് ഇവിയില്‍ ഒരുക്കും. നെക്സോണ്‍ ഇവിക്ക് സമാനമായ ഇല്യൂമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ 2-സ്പോക്ക് സ്റ്റിയറിംഗ് വീലാണ് മറ്റൊരു ആകര്‍ഷണം. ടച്ച്, ടോഗിള്‍ ഡിസൈന്‍ HVAC നിയന്ത്രണങ്ങളുള്ള ഒരു പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയും അകത്തെ ആകര്‍ഷണങ്ങളായിരിക്കും.
സ്റ്റാന്‍ഡേര്‍ഡ് , ലോംഗ് റേഞ്ച് എന്നീ രണ്ട് മോഡലുകളില്‍ വരുന്ന വാഹനത്തിന് സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാവും ഉണ്ടാവുക. 3.3kW വാള് ബോക്സ് ചാര്‍ജറാണ് വാഹനത്തിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. അതേസമയം ലോംഗ് റേഞ്ച് പതിപ്പ് 7.2kW ഫാസ്റ്റ് ഹോം ചാര്‍ജറിനൊപ്പം ലഭ്യമാകും. വരാനിരിക്കുന്ന പഞ്ച് ഇവിയുടെ മികച്ച മൂന്ന് വേരിയന്റുകള്‍ക്ക് ഓപ്ഷണല്‍ ഫീച്ചറായി ഇലക്ട്രിക് സണ്റൂഫുമുണ്ടാവും. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍ വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിക്ക് 6 എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESC) എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. ഇതുകൂടാതെ ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍, ഒരു SOS ഫംഗ്ഷന് എന്നിവയും സുരക്ഷാ സവിശേഷതകളുടെ ഭാഗമായി പഞ്ച് ഇലക്ട്രിക്കിലേക്ക് വരും.






