
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.വീഡിയോ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ എത്തിയിരുന്നു. കെ.എസ് ചിത്രയെ പരിഹസിച്ചുള്ള ട്രോളുകള്‍ അടക്കം ഇറങ്ങിയതോടെ ചിത്രയെ പിന്തുണച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ.
കൃഷ്ണപ്രഭയുടെ വാക്കുകള്‍:
'ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!
രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം.. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവര്ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു.
എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ.. തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഞാന്‍ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം..''. കൃഷ്ണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ പോസ്റ്റിന് താഴെ വരികയുണ്ടായി.






