
ജനുവരി 22-ന് അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്. ഇതുസംബന്ധിച്ച ചിത്രവും വിവരവും മിഥാലി രാജ് തന്നെയാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. അമ്മയാണ് മിഥാലിയുടെ അസാന്നിധ്യത്തില്‍ ക്ഷണക്കത്ത് കൈപ്പറ്റിയത്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്കുവേണ്ടി അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയതെന്നും മിഥാലി എക്സില്‍ കുറിച്ചു. ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. നേരത്തേ തന്നെ ക്രിക്കറ്റ് താരങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് ക്ഷണക്കത്ത് ലഭിച്ചിരുന്നു.






