
മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്ത്തുന്ന മൃഗമാണ് നായ. എന്നാല് ഇവയില് തന്നെ മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നതിന് പേര് കേട്ടവയാണ് ഗോള്ഡന് റിട്രീവറുകള്. സ്നേഹത്തിനും സംരക്ഷണത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ട ഇവ ഉടമകളുടെ മികച്ച സുഹൃത്തുക്കളുമായിരിക്കും. മാത്രമല്ല മനുഷ്യന്റെ ചേഷ്ടകള് അതുപോലെ അനുകരിക്കാനും ഇവ മുന്പന്തിയിലാണ്. ഇത് ഒരിക്കല് കൂടി തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വീഡിയോയില് ഒരു ഗോള്ഡന് റിട്രീവര് നായ്ക്കുട്ടി വളരെ ശ്രദ്ധയോടെ മൊബൈല് ഫോണില് കാര്ട്ടൂണ് ആസ്വദിക്കുന്നതാണ് കാണുന്നത്.
@adore_pankaj എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില് വളരെ ആഡംബരപൂര്ന്നമായി കിടന്ന് കാര്ട്ടൂണ് ആസ്വദിക്കുന്ന നായ്ക്കുട്ടിയെയാണ് കാണുന്നത്. ഒരു കിടക്കയില് പുതപ്പ്, പുതച്ച് കിടക്കുന്നതിന് തൊട്ടരികിലായി മൊബൈല് സ്റ്റാന്ഡില് ഉറപ്പിച്ചിരിക്കുന്ന മൊബൈല് ഫോണിലാണ് കക്ഷി വീഡിയോ കാണുന്നത്. ഈ ഹൃദ്യമായ രംഗം സാമൂഹിക മാധ്യമ ഉപയോക്താക്കള് ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 'ഇങ്ങനെയല്ലേ വാരാന്ത്യങ്ങള് എല്ലാവരും ആഘോഷിക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
നിമിഷ നേരങ്ങള്ക്കുള്ളില് വൈറലായ ഇതിനോടകം 9 ദശലക്ഷത്തിലധികം ആളുകള് കാണുകയും ഇന്സ്റ്റാഗ്രാമില് 27,000 -ത്തിലധികം പേര് അഭിപ്രായങ്ങള് എഴുതുകയും ചെയ്തു. ''മൊബൈല് ഫോണുകള് ആദ്യം നശിപ്പിച്ചത് മനുഷ്യരെയാണ്, ഇപ്പോള് നായ്ക്കളെയും,'' എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. മറ്റൊരാളുടെ രസകരമായ കമന്റ്, 'ഒരു നായയായി എങ്കിലും പുനര്ജനിച്ചാല് ജീവിതം ഇങ്ങനെ ആയിരിക്കും' എന്നായിരുന്നു. 'നായ്ക്കള്ക്ക് എല്ലാം അറിയാമെന്നും എന്നാല്, അവ ഒന്നും അറിയാത്ത പോലെ നടിക്കുന്നതാണ'ന്നുമായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ അഭിപ്രായം. 'അവന് എന്നെക്കാള് നന്നായി ജീവിക്കുന്നു' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.







Comments