
തങ്ങളുടെ സ്വപ്നങ്ങളുടെയും പ്രതീകങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതീകമായിട്ടാണ് മനുഷ്യന് സ്മാരകങ്ങള്‍ സ്ഥാപിക്കാനായി തുടങ്ങിയത്. ഇതില്‍ പ്രണയവും, വിരഹവും, മരണവും, സന്തോഷവും എല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇന്ന് ലോകത്തില്‍ ഇത്തരത്തില്‍ ഒട്ടനവധി സ്മാരകങ്ങളെ നമുക്ക് കാണാനാകും. ഇന്ത്യയില്‍ വിശുദ്ധ പ്രണയത്തിന്റെ സ്മാരകമായി ഷാജഹാന് ചക്രവര്‍ത്തി നിര്‍മ്മിച്ച താജ്മഹല്‍ ഉയര്‍ന്നു നില്ക്കുന്നു. ഇത്തരത്തില്‍ വിശുദ്ധ ദാമ്പത്യത്തിന്റെ ചിഹ്നമായി ഒരു പാറയുണ്ട് അങ്ങ് ജപ്പാനില്‍. മിയോട്ടോ ഇവ (Meoto Iwa) എന്ന വിവാഹ പാറ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഈ പാറയുടെ ഒരു ചിത്രം വൈറലായി.
കടല്‍ തീരത്ത് നിന്നും അകലെ കടലില്‍ നിന്നും അല്പം ഉയര്‍ന്ന് നില്ക്കുന്ന രീതിയിലാണ് ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. ജാപ്പാനില്‍ ഈ പറകളെ വിശുദ്ധ പാറകളായി കരുതുന്നു. അവ 'ഭര്‍ത്താവിന്റെയും ഭാര്യയുടെയും പാറകള്‍' (Husband and Wife Rocks) എന്നും 'വിവാഹിതരായ പാറകള്‍' (Married Rocks) എന്നും പ്രശസ്തമാണ്. ഈ പാറകള്‍ സ്നേഹത്തിന്റെയും സ്ത്രീ-പുരുഷ ഐക്യത്തിന്റെയും സന്തുഷ്ട കുടുംബ ജീവിതത്തിന്റെയും പ്രതീകമായും ജപ്പാന്‍കാര്‍ കണക്കാക്കുന്നു. ഈ പറയുടെ മുന്നില്‍ നിന്നും വിവാഹം കഴിച്ചാല്‍ സന്തോഷകരമായ കുടുംബ ജീവിതമുണ്ടാകുമെന്ന വിശ്വാസത്തില്‍ ജപ്പാന്‍കാര്‍ ഈ പറകള്‍ക്ക് മുന്നില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.
ജാപ്പനീസ് തീരദേശ നഗരമായ ഫുട്ടാമിക്ക് (Futami) സമീപമുള്ള കടലിലാണ് ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. 9 മീറ്റര്‍ ഉയരവും ഏകദേശം 40 മീറ്റര്‍ ചുറ്റളവുമുള്ളതാണ് വലിയ പാറ. അതിന്റെ പേര് ഇസാനഗി ( Izanagi), ഇത് ഒരു ഭര്‍ത്താവിന്റെ പ്രതീകമാണ്. ഈ പാറയുടെ ഏറ്റവും മുകളിലായി ഒരു ചെറിയ ഷിന്റോ ടോറി ഗേറ്റ് (Shinto torii gate - പരമ്പരാഗത ജാപ്പനീസ് കവാടം) ഉണ്ട്. ഈ പാറയുടെ വലതുവശത്ത് ഏകദേശം 9 മീറ്റര്‍ വൃത്താകൃതിയിലുള്ള 3.6 മീറ്റര്‍ ഉയരമുള്ള ഇസാനാമി എന്ന ചെറിയ ഒരു പാറയാണ് ഭാര്യയുടെ പ്രതീകമായി കരുതുന്നത്.
Kaihatsu എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവാണ് ഈ പാറകളുടെ ചിത്രം പങ്കുവച്ചത്. ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'ഇന്ന് ഞാന്‍ മിയോട്ടോ ഇവായ വെഡ് റോക്സിലാണ്. ഈ പാറകള്‍ കാമി ഇസാനാമി, ഇസാനഗി, അവരുടെ ഐക്യം, വിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ടോറിയുള്ള വലിയ പാറ പുരുഷ ദേവതയായ ഇസാനഗിയെ പ്രതീകപ്പെടുത്തുന്നു, അതേസമയം ചെറിയ പാറ അദ്ദേഹത്തിന്റെ ഭാര്യ ഇസാനാമിയെ പ്രതിനിധീകരിക്കുന്നു,' ചിത്രത്തില്‍ ഇരുപാറകളും തമ്മില്‍ ഒരു കയറിനാല്‍ ബന്ധിപ്പിച്ചിരിക്കുന്നതും കാണാം.
അതേസമയം ആ കയറിനെ ചൊല്ലിയും ചില വിശ്വാസങ്ങളുണ്ട്. അത് ആത്മീയവും ഭൗമികവുമായ മേഖലകള്‍ തമ്മിലുള്ള വിഭജനത്തെ പ്രതിനിധീകരിക്കുന്ന ഷിമെനാവ കയറാണ് (Shimenawa rope). ഷിമെനാവ എന്ന നെല്ലിന്റെ തണ്ടുകൊണ്ടാണ് ഏതാണ്ട് ഒരു ടണ്‍ ഭാരമുള്ള ഈ കയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മെയ്, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വര്‍ഷത്തില്‍ മൂന്ന് തവണ ഈ കയര്‍ മാറ്റുന്നു. ഇന്ന് വിവാഹിതര്‍ക്കുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമായി ഈ പറകളെ ജപ്പാന്‍കാര്‍ കരുതുന്നു. പാറയ്ക്ക് മുന്നില്‍ നിന്ന് പുതുതായി വിവാഹിതരായ ദമ്പതികള്‍ പരസ്പരം കൈകള്‍ കോര്‍ത്ത് ജീവിതകാലം മുഴുവന്‍ ഒരുമിച്ച് താമസിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഷിന്റോ വിശ്വാസമനുസരിച്ച്, പാറകള്‍ ഒരു പുരുഷനും സ്ത്രീയും വിവാഹത്തില്‍ ഒന്നിക്കുന്നതായി കരുതുന്നു.






