
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സുചിത്ര നായര്‍. വാനമ്പാടി എന്ന സീരിയലിലെ ക്രൂരയായ വില്ലത്തി പത്മിനിയെ അവതരിപ്പിച്ചാണ് സുചിത്ര കൂടുതല്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്ന സുചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹൗസില്‍ നിന്നും പടിയിറങ്ങിയത്.
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇന്ന് റിലീസാകുന്ന മലൈക്കോട്ടൈ വാലിബനില്‍ സുചിത്രയും അഭിനയിക്കുന്നുണ്ട്. ഒരു സിനിമയെങ്കിലും ചെയ്യണം എന്ന നടിയുടെ വലിയ ആഗ്രഹമായിരുന്നു. അത് ഇതുപോലൊരു ഗംഭീര ടീമിനൊപ്പം ആയതിന്റെ സന്തോഷം ആവോളം നടി പങ്കുവച്ചിട്ടുണ്ട്. സിനിമയില്‍ ചെറിയ ഒരു റോള്‍ ആണെങ്കിലും അത് ചെയ്യാന്‍ സാധിച്ചു എന്നത് തന്നെയാണ് വലിയ സന്തോഷം എന്ന് സുചിത്ര പറഞ്ഞിരുന്നു.
സുചിത്രയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ട കൂട്ടുകാരന് കുട്ടി അഖില്‍. ബിഗ്ഗ് ബോസില്‍ വച്ചുള്ള ഇരുവരുടെയും സൗഹൃദം ഏറെ തെറ്റിദ്ധരിക്കപ്പെടുകയും, രണ്ടുപേരെയും പലരും ട്രോളുകളും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും സുചിത്രയ്ക്കും- കുട്ടി അഖിലിനും ഇടയിലുള്ള സൗഹൃദം ഇല്ലാതെയായില്ല. പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഏറ്റവും വലിയ സ്വപ്നം സഫലമാകുമ്പോള്‍ ആശംസകളുമായി അഖില്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തി.
' ഏതൊരു കലാകാരന്റെയും കലാകാരിയുടെയും സ്വപ്നം ആണ് മലയാള സിനിമ. ആ സ്വപ്നത്തിലേക്ക് വലതുകാല്‍ വയ്ക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍. ഇത് ഒരു തുടകമാകട്ടെ നിന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കം. ഒരുപാടു ഉയരങ്ങള്‍ കീഴടക്കാന്‍ നിന്റെ മഹാദേവന് കൂടെ ഉണ്ടാകട്ടെ.ഒരുപാടു അഭിമാനിക്കുന്നു ഈ നിമിഷം, അതിലുപരി സന്തോഷിക്കുന്നു. എല്ലാ പ്രാര്‍ത്ഥനയും ആശംസകളും കൂടെ ഉണ്ട്, മുന്നോട്ടു പൊകൂ. ഇനിയങ്ങോട്ട് നിന്റെ സമയം ആകട്ടെ. ആശംസകള്‍, നിനക്കും മലൈക്കേട്ടൈ വാലിബനും' എന്നാണ് അഖിലിന്റെ പോസ്റ്റ്.
അഖിലിന്റെ പോസ്റ്റിന് മറുപടിയായി കൈ കൂപ്പി തൊഴുന്ന ഇമോജിയാണ് സുചിത്ര പങ്കുവച്ചരിയ്ക്കുന്നത്. അതേ ബിഗ്ഗ് ബോസ് സീസണില്‍ മത്സരിച്ച സൂരജും അശ്വിനും എല്ലാം സുചിത്രയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ആ ബിഗ്ഗ് ബോസ് ഷോയിലൂടെയാണ് തനിക്ക് ഇത്രയും വലിയ അവസരം കിട്ടിയത് എന്ന് സുചിത്ര നേരത്തെ പറഞ്ഞിരുന്നു.






