Authored by Web Desk | Last updated: 25 Jan 2024, 3:02 PM | 1 min read
സുഹൃത്തിനു വേണ്ടിയാണ് കത്ത്. അദ്ദേഹത്തിന് 55 വയസുണ്ട്. രണ്ടു വര്‍ഷം മുമ്പ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സ നടന്നു വരുന്നതിനിടെ തൊണ്ടയില്‍ വീക്കവും ബുദ്ധിമുട്ടും ഉണ്ടായി. സംശയം തോന്നിയ ഡോക്ടര്‍ വിശദമായി പരിശോധന നടത്തി. ഫലം തൊണ്ടയില്‍ കാന്‍സറായിരുന്നു. ഒരാള്‍ക്ക് രണ്ടുതരം കാന്‍സര്‍ ഒരേസമയം ഉണ്ടാകുമോ? ഒരു കാന്‍സറിനു ചികിത്സ നടക്കുമ്പോള്‍ മറ്റൊരു കാന്‍സര്‍ ഉണ്ടാകാന്‍ കാരണമെന്താണ്? ഇരു രോഗത്തിനും ഒരേ ചികിത്സ മതിയാകുമോ?
രമേഷ് ആര് നായര്‍, കൊയിലാണ്ടി
ഒരു വ്യക്തിക്ക് ഒന്നിലധികം കാന്‍സര്‍ വരുന്നത് അപൂര്‍വമാണ്. എങ്കിലും അടുത്തകാലത്തായി ഇത്തരം കേസുകള്‍ കൂടുതലായി കണ്ടുവരുന്നുമുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളാവാം ഇതിനു കാരണം. ഓരോ കാന്‍സറിനും ചികിത്സ വ്യത്യസ്തമാണ്. തൊണ്ടയിലെ കാന്‍സറിന് ചികിത്സ റേഡിയേഷന് ആണെങ്കില്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ചികിത്സ രോഗം ഏത് ഘട്ടത്തിലാണെന്ന് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
അണ്ഡാശയമുഴയും കാന്‍സറും
ഞാനൊരു വീട്ടമ്മയാണ്. 47 വയസ്. എനിക്ക് കുറച്ചു കാലമായി അടിവയറ്റില്‍ അതികഠിനമായ വേദന ഇടയ്ക്കിടെ അനുഭവപ്പെടുന്നു. അര മണിക്കൂര്‍ ഇടവിട്ട് മൂത്രം പോകുന്നുണ്ട്. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍. ഇതോടൊപ്പം നടുവിന് വേദനയും ഉണ്ടാകും. എന്റെ ഇടത്തേ അണ്ഡത്തില് 1.5 സെന്റീ മീറ്റര്‍ വലുപ്പമുള്ള മുഴ വളരുന്നുണ്ട്. ഡോക്ടറെ കണ്ട് മൂത്ര പരിശോധന നടത്തിയപ്പോള്‍ ന്നരൂപനു്വന്ഥദ്ധനുരൂപരൂപന്റ കണ്ടെത്തി. ഈ ലക്ഷണങ്ങള്‍ കാന്സറിന്റേതാകുമോ? എനിക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
ആര്. ജി, പെരുന്തല്‍മണ്ണ
അണ്ഡാശയ മുഴയെല്ലാം കാന്‍സറാകണമെന്നില്ല. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. ആര്‍ത്തവവിരാമത്തിന് മുമ്പ് അണ്ഡാശയത്തില്‍ മുഴകള്‍ കാണപ്പെടാറുണ്ട്. ഒന്നര സെന്റീമീറ്റര്‍ മുഴ വളരെ ചെറുതാണ്. മുഴയുടെ അള്‍ട്രാസൗണ്ട് ഫലങ്ങളാണ് കാന്‍സറിന്റെ സൂചനകള്‍ നല്‍കുന്നത്. പിന്നീട് രക്തപരിശോധനയും നടത്തുന്നു. കാന്‍സര്‍ കണ്ടെത്തിയാല്‍ സര്‍ജറി ആവശ്യമായി വരും.
ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റല്‍, ആലുവ