
സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? ഒരു മണിക്കൂര്‍ പോയിട്ട് ഒരു സെക്കന്റ് പോലും ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല അല്ലേ? എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ ഒരു മാസം കഴിയുമോ എന്ന് ചോദിച്ചാല്‍ പലരും കഴിയില്ല എന്നായിരിക്കും ഉത്തരം പറയുക. എന്നാല്‍ അങ്ങനെ തയ്യാറാകുക ആണെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അടിപൊളി സമ്മാനമാണ്. പ്രമുഖ യോഗര്‍ട്ട് കമ്പനിയായ Siggi's ആണ് 'ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ'മിന്റെ ഭാഗമായിട്ട് ഈ ഓഫര്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരു മാസം സ്മാര്‍ട്ട് ഇല്ലാതെ കഴിയുകയാണെങ്കില്‍ എട്ട് ലക്ഷം രൂപയാണ് കമ്പനി സമ്മാനമായി നല്‍കുന്നത്.
ഒരുമാസം മുഴുവനായും സ്മാര്‍ട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാര്‍ട്ട് ഫോണിനും അപ്പുറമുള്ള യഥാര്‍ത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി, കമ്പനി നല്കുന്ന ബോക്സുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ പൂട്ടി വയ്ക്കണം. ശേഷം ഒരുമാസം വെര്‍ച്വല്‍ ലോകം ഇല്ലാതെ ചുറ്റുമുള്ള ലോകം ആസ്വദിച്ച് ജീവിക്കണം. അങ്ങനെ ഒരുമാസം ഡിജിറ്റല്‍ ബ്രേക്ക് എടുത്ത് കഴിയുമ്പോഴാണ് വിജയികള്‍ക്ക് എട്ടുലക്ഷം രൂപ ($10,000) നല്‍കുക. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കാന്‍ ഒരു പ്രീപ്പെയ്ഡ് സിം കാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും. അതുപോലെ, ഈ ഡിജിറ്റല്‍ ഡീടോക്സ് ലൈഫിന് ഊര്‍ജ്ജം പകരാന്‍ മൂന്നുമാസത്തേക്ക് സൗജന്യമായി സിഗ്ഗിസിന്റെ യോഗര്‍ട്ടും നല്‍കും.
'ഞങ്ങള്‍ ഈ വര്‍ഷം ഒരു വ്യത്യസ്തമായ ഡ്രൈ ജനുവരി പരിചയപ്പെടുത്തുകയാണ്. ഒരുമാസം മദ്യം ഉപേക്ഷിക്കുന്നതിന് പകരം നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിക്കാനാണ് ഞങ്ങള്‍ ചലഞ്ച് ചെയ്യുന്നത്. അധികം ശ്രദ്ധ വ്യതിചലിക്കാത്ത, വളരെ ലളിതമായ ഒരു ജീവിതത്തിന്റെ ശക്തിയെ കുറിച്ച് ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ കവരുന്നത് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകളാണ്. ശരാശരി ഒരു മനുഷ്യന് ദിവസത്തില്‍ നാലോ അഞ്ചോ മണിക്കൂറുകളെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്' എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നത്.






