
തെന്നിന്ത്യയിലെ ശ്രോതാക്കളുടെ മനസ്സ് കവര്‍ന്ന സംഗീത സംവിധായകനാണ് ഇളയരാജ എന്ന ഡാനിയല്‍ രാജയ്യ. സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ. സിനിമാസംഗീത ത്തിലൂടെ സിനിമാപ്രേമികളെയും സംഗീതസ്നേഹികളെയും ഒരു പോലെ തൃപ്തിപ്പെടുത്താനായി എന്നതാണ് ഇളയരാജയുടെ വിജയം. കഴിഞ്ഞ ദിവസമാണ് ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചത്. ഇപ്പോഴിതാ അന്തരിച്ച മകള്‍ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. ‘അൻപ് മകളേ’ എന്ന ക്യാപ്ഷന്‍ നല്കി കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇളയരാജ കുറിച്ചു. നിരവധി പേരാണ് ഇളയരാജയ്ക്ക് ആശ്വാസവാക്കുകള്‍ കമന്റുകളിലൂടെ കുറിക്കുന്നത്.
വ്യാഴാഴ്ചയാണ് ഇളയരാജയുടെ മകളും ഗായികയുമായ 47 വയസ്സുള്ള ഭവതാരിണി ഇളയരാജ അന്തരിച്ചത്. കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന ഗായികയുടെ അന്ത്യം ശ്രീലങ്കയില്‍ വെച്ചായിരുന്നു. 1976ല്‍ ചെന്നൈയിലായിരുന്നു ഭവതാരിണിയുടെ ജനനം. ബാല്യകാലത്തു തന്നെ അച്ഛന്റെ കൈപിടിച്ച് ശാസ്ത്രീയ സംഗീതലോകത്തിലേക്ക് കടന്നു. 1995ല്‍ രാസയ്യ എന്ന ചിത്രത്തിന്റെ പാട്ട് പാടിക്കൊണ്ടാണ് ഭവതാരിണി പിന്നിണിഗാന രംഗത്ത് എത്തുന്നത്. ഇളയരാജ ആയിരുന്നു സംഗീത സംവിധാനം. ആദ്യഗാനം തന്നെ സൂപ്പര്‍ ഹിറ്റായതോടെ വീണ്ടും നിരവധി പാട്ടുകള്‍ ഭവതാരിണി ആലപിച്ചു. 2000ൽ ഭാരതി എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ഭവതാരിണിക്ക് ആ ചിത്രത്തിലെ ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഗായികയായും സംഗീതസംവിധായികയായും തിളങ്ങി. 2002ൽ രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനാണ് ആദ്യമായ സംഗീതം നൽകിയത്. ‘കളിയൂഞ്ഞാല്’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. ഈ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംനേടിയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, ഫ്രണ്ട്സ്, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവര്‍ സഹോദരങ്ങളാണ്. ‘ഭാരതി’യിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന തമിഴ് ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്. 2019 ൽ പുറത്തിറങ്ങിയ മായാനദി എന്ന തമിഴ് ചിത്രത്തിനാണ് അവസാനമായി സംഗീതം നൽകിയത്. ഭർത്താവ് ആർ. ശബരിരാജ്, സംഗീത സംവിധായകരായ കാർത്തിക് രാജയും യുവൻ ശങ്കർരാജയും സഹോദരങ്ങളാണ്.






