
കോഴിപ്പോരിനെക്കുറിച്ച് കേൾക്കാത്തവരായി ആരും കാണില്ല. കോഴികൾ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ കാണികളെ ഏറെ ആവേശഭരിതരാക്കാറുണ്ട്. എന്നാൽ ഇന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും കോഴിപ്പോര് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഇന്നും ഇവ നടത്തുന്ന നിരവധി ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ പ്രധാനമാണ് പഞ്ചാബിലെ ബതിൻഡ. എന്നാൽ ഇവിടെ വച്ച് നടന്ന ഒരു കോഴിപ്പോരിൽ ഉണ്ടായിരുന്ന ഒരു കോഴി ഇപ്പോൾ പോലീസ് സംരക്ഷണത്തിലാണ്. കോഴിക്കെന്തിനാണ് പോലീസ് പ്രൊട്ടക്ഷൻ എന്നല്ലേ? കോഴിപ്പോരിൽ ഈ കോഴിക്ക് പരുക്കേറ്റത്രേ.അതുകൊണ്ടാണ് പോലീസ് ഇതിനെ രക്ഷപ്പെടുത്തി തങ്ങളുടെ സംരക്ഷണത്തിൽ നിർത്തിയിരിക്കുന്നത്.
പരുക്കേറ്റതിനെ തുടർന്ന് കോഴിയെ ആദ്യം കൊണ്ടുപോയത് ആശുപത്രിയിലേക്കാണ്. കോഴി ഇപ്പോൾ പോലീസ് സംരക്ഷണത്തിലാണ്. ബല്ലുവാന ഗ്രാമത്തിൽ നടന്ന കോഴിപ്പോരിൽ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത് എന്നാണ് നിർമ്മൽ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. അദ്ദേഹമാണ് ആദ്യം ഇവിടെ കോഴിപ്പോര് നടക്കുന്നതായി അറിഞ്ഞത്. പോലീസിൽ വിവരം കിട്ടിയ ഉടനെ തന്നെ പോലീസുകാർ സംഭവ സ്ഥലത്തെത്തി. പോലീസ് വരുന്നുണ്ട് എന്നറിഞ്ഞയുടനെ തന്നെ ഇവിടെ കൂടിയിരുന്നവർ പലവഴിക്ക് രക്ഷപ്പെട്ടു. എന്നാൽ, രണ്ട് കോഴികളെയും ഒരാളെയും പോലീസ് സംഭവ സ്ഥലത്ത് നിന്നും പിടികൂടി. ആനിമൽ ക്രുവൽറ്റി ആക്ട് പ്രകാരം കോഴിപ്പോര് സംഘടിപ്പിച്ച മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ് എന്നാണ് പോലീസ് പറയുന്നത്. രജ്വീന്ദർ സിംഗ് എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സംഭവം വളരെ ഗൗരവപൂർണമാണ്. കോഴിപ്പോരിലെ വിജയികൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നും നിർമ്മൽ സിംഗ് പറയുന്നു. പരിക്കേറ്റ കോഴിക്ക് ഇപ്പോൾ ആവശ്യമായ സംരക്ഷണവും, ചികിത്സയും, ഭക്ഷണവും പൊലീസ് നൽകുന്നുണ്ട്. അതിന് ഏകാന്തത അനുഭവപ്പെടാതിരിക്കാൻ അതിനെ നോക്കാൻ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട്. കോഴിയെ കോടതിയിൽ ഹാജരാക്കണം.






