
മരിച്ചുപോയ തന്റെ മുത്തശ്ശി ഒരിക്കല്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ വായിച്ച് വികാരഭരിതായായിരിക്കുകയാണ് ഇവിടെ ഒരു യുവതി. കാരണം അത്രത്തോളം ഹൃദയസ്പര്‍ശിയായ കാര്യങ്ങളാണ് മുത്തശ്ശി അതില്‍ കുറിച്ചിരുന്നത്. നതാലി കാര്‍ലോ മഗ്നോ എന്ന യുവതിയാണ് തന്റെ മുത്തശ്ശി രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആ ഡയറിക്കുറിപ്പ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെയും ഹൃദയം കവര്ന്നരിക്കുകയാണ്.
നതാലി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്, മുത്തശ്ശി ഡയറിയില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ് എന്നാണ്, 'നതാലിക്ക് ഇന്ന് ഒരാഴ്ച പ്രായമായി. എല്ലാം നന്നായി പോകുന്നു.' കുറച്ച് പേജുകള്‍ കഴിയുമ്പോള്‍ മുത്തശ്ശി എഴുതിയ മറ്റൊരു കുറിപ്പുണ്ട്. അതില്‍ തനിക്കും നതാലിക്കും ഇടയില്‍ ഇന്നൊരു രഹസ്യം പറയാനുണ്ട് എന്നാണ് മുത്തശ്ശി പറയുന്നത്. 'നതാലി ഇന്ന് ആറ് ചുവടുകള്‍ തനിച്ച് നടന്നു' എന്നാണ് അതില്‍ പറയുന്നത്. എന്നാല്‍, അത് ആരോടും പറയാത്ത, തനിക്കും നതാലിക്കും ഇടയില്‍ മാത്രമുള്ള രഹസ്യമായിരിക്കും എന്നും മുത്തശ്ശി എഴുതുന്നു. 'കാരണം നീ ആദ്യം നടക്കുന്നത് കാണേണ്ടത് നിന്റെ മമ്മിയും ഡാഡിയും ആണ്. നീ ഒരു ഭാഗ്യവതിയായ കുഞ്ഞാണ്. കാരണം, എല്ലാവരും നിന്നെ സ്നേഹിക്കുന്നു' എന്നും അതില്‍ കുറിച്ചിരിക്കുന്നു.
തുടര്‍ന്നുള്ള പേജുകളില്‍ നതാലിയുടെ അച്ഛനും അമ്മയും അവള് നടക്കുന്നത് കണ്ടു എന്നും മുത്തശ്ശനേയും മുത്തശ്ശിയേയും വിളിച്ച് അത് കാണിച്ചു തന്നു എന്നും കുറിച്ചിരിക്കുന്നു. മറ്റൊരു പേജില്‍ മുത്തശ്ശി കുറിച്ചിരിക്കുന്നത്, നതാലി തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചാണ്. ഒരു മുത്തശ്ശി എന്ന നിലയില്‍ താനെത്ര സന്തോഷവതിയാണ് എന്നാണ് അവര്‍ ആ കുറിപ്പില്‍ പറയുന്നത്. നതാലി ഇല്ലാത്ത ജീവിതം തനിക്ക് ആലോചിക്കാന്‍ പോലും വയ്യെന്നും അവര്‍ പറയുന്നു.
നതാലി ഷെയര്‍ ചെയ്ത തന്റെ മുത്തശ്ശിയുടെ ഡയറിക്കുറിപ്പുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയെ കീഴടക്കിയത്. നതാലി ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടാന്‍ എത്രമാത്രം ഭാഗ്യം ചെയ്തവളാണ് എന്ന് പലരും പറഞ്ഞു. ചിലര്‍, സ്വന്തം മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ച് പറഞ്ഞ് വികാരഭരിതരായി.






