
ടാറ്റ മോട്ടോഴ്സിന്റെ ആള്‍ട്രോസ് ഇവി 2019 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് 2020 ഓട്ടോ എക്സ്പോയില്‍ പ്രീമിയം ഹാച്ചിന്റെ വൈദ്യുതീകരിച്ച മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പും പ്രദര്‍ശിപ്പിച്ച് ഹൈപ്പ് കൂട്ടാന്‍ കമ്പനിക്കായിരുന്നു. എന്നാണ് വണ്ടി വിപണിയിലെത്തുകയെന്നും കാത്തിരിക്കുന്നവര്‍ക്കായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കണ്‍സെപ്റ്റ് മോഡല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച് ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷം ആള്‍ട്രോസ് ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
25kWh, 35kWh എന്നിങ്ങനെ രണ്ട് വകഭേദങ്ങളും വാഹനത്തിലുണ്ടാവും. അതായത് ആള്‍ട്രോസ് ഇവിക്ക് യഥാക്രമം 315 കിലോമീറ്റര്‍, 421 കിലോമീറ്റര്‍ റേഞ്ച് ആയിരിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. പക്ഷേ കൂടുതല്‍ മെച്ചപ്പെടുത്തി റേഞ്ച് 500 ആക്കാനുള്ള ശ്രമങ്ങളും ടാറ്റയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും. കൂടാതെ ആള്‍ട്രോസ് ഇവിയുടെ മോട്ടോറിന്റെ പവര്‍ കണക്കുകളും പഞ്ച് ഇലക്ട്രിക് എസ്യുവിക്ക് സമാനമായിരിക്കും. വില നിര്‍ണയം വലിയൊരു ഘടകമായിരിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ മോഡലുകളേക്കാള്‍ കൂടുതലായിരിക്കും.
ആള്‍ട്രോസ് ഇവി അടുത്ത വര്‍ഷമെത്തുമ്പോള്‍ ഏകദേശം 10.50 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് സൂചന. ആള്‍ട്രോസ് ഇവി ടാറ്റയുടെ അടുത്ത തലമുറ ഡിസൈന്‍ ശൈലിയും പിന്തുടരും. സ്ലീക്കര്‍-ലുക്ക് ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകളും അലോയ് വീലുകളും സ്വീകരിക്കാന്‍ സാധ്യതയുണ്ട്.






