
ഹീറോ മോട്ടോകോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍ജ് സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ആദ്യ S32 വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതൊരു മോഡുലാര്‍ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. മുകളില്‍ പറഞ്ഞതുപോലെ രണ്ട് തരത്തില്‍ ഉപയോഗിക്കാനാവുന്ന വണ്ടിയാണിത്. എന്നാല്‍ കാര്‍ അല്ലെന്ന് മാത്രം. പകരം ഇതൊരു ഇലക്ട്രിക് സ്കൂട്ടറിന്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ്. ത്രീവീലറായും ടൂവീലറായും ഈ വാഹനം കൊണ്ടുനടക്കാം. കാര്‍ഗോ അല്ലെങ്കില്‍ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.
വാഹനം വാങ്ങുന്നതിലൂടെ സ്വകാര്യ ഉപയോഗവും ഒപ്പം ജോലിക്കാവശ്യമായ യാത്രകളും ഒരേസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതുവഴി, സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് ഒന്നിന്റെ വിലയ്ക്ക് രണ്ട് വാഹനങ്ങള്‍ ലഭിക്കും. സര്‍ജ് ഇതിനെ 'ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിള്‍' എന്നാണ് വിളിക്കുന്നത്. ഉപയോക്താക്കള്‍ക്കും വാങ്ങുന്നവര്‍ക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയര്‍ത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു വാഹനം സ്വന്തമാക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്കും വാങ്ങുന്നവര്‍ക്കും രണ്ട് മോഡലുകളായി മാറാം എന്നതാണ് സര്‍ജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പില്‍ നിന്ന് സ്കൂട്ടര്‍ വേര്‍തിരിച്ചെടുക്കാന്‍ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സര്‍ജ് പറയുന്നു.
ത്രീവീലര്‍ വാഹനവും സ്കൂട്ടറും തമ്മിലുള്ള പരിവര്‍ത്തനം എവിടെവെച്ച് വേണമെങ്കിലും സാധ്യമാണെന്നും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കാന്‍ അഡാപ്റ്റീവ് കണ്ട്രോളുകളും പ്രവര്‍ത്തനങ്ങളും ഉണ്ടെന്നും സര്‍ജ് S32 മോഡല്‍ ഉറപ്പുവരുത്തുന്നുണ്ട്. ഒറ്റനോട്ടത്തില്‍ സര്‍ജ് S23 ഏതെങ്കിലും 3W ഇലക്ട്രിക് കാര്‍ഗോ വാഹനമോ റിക്ഷയോ പോലെയാണിരിക്കുന്നത്. ഫ്രണ്ട് പാസഞ്ചര്‍ ക്യാബിനും ഇതിന്റെ പ്രത്യേകതയാണ്. ഓട്ടോയുടേതായ വിന്‍ഡ്സ്ക്രീന്‍, ഹെഡ്ലൈറ്റുകള്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, വിന്‍ഡ്സ്ക്രീന്‍ വൈപ്പറുകള്‍ തുടങ്ങി എല്ലാ സവിശേഷതകളും ഇതില്‍ കമ്പനി കോര്‍ത്തിണക്കിയിട്ടുമുണ്ട്.
സ്കൂട്ടറായി ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ ക്യാബിനിലുള്ള ഒരു ബട്ടണില്‍ അമര്‍ത്തിയാല്‍ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ് ഭാഗം ലംബമായി ഉയര്‍ത്തുകയും ഉള്ളിലുള്ള സീറ്റ് കണ്‍സോള്‍ തുറക്കുകയും തുടര്‍ന്ന് ഇലക്ട്രിക് സ്കൂട്ടര്‍ വെളിപ്പെടുത്തുകയും ചെയ്യും. 3W വാഹനത്തിന്റെ ക്യാബിന് വിന്യസിച്ചിരിക്കുന്ന സ്പ്രിംഗ്-ലോഡഡ് ഡബിള്‍ സ്റ്റാന്‍ഡ് പോലെയുള്ള മെക്കാനിസവും ലഭിക്കുന്നു. അങ്ങനെ ടൂവീലറായി മാറിയാലും വാഹനത്തിന്റെ ബാക്കിയുള്ള ഭാഗം സേഫായി തന്നെയിരിക്കും. സ്കൂട്ടറിന് അതിന്റേതായ എല്‍ഇഡി ഹെഡ്ലൈറ്റുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ലഭിക്കുന്നു. സ്കൂട്ടറിലാണ് സ്പീഡോയും സ്വിച്ച് ഗിയറുകളും ഒരുക്കിയിരിക്കുന്നത്.
കൂടാതെ 3W വാഹനത്തിന്റെ ഘടകങ്ങള്‍ പവര്‍ട്രെയിന്‍, ബാറ്ററി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രിക് ഇന്റര്‍ഫേസ് ഉടമ സ്വമേധയാ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. 3W വാഹനത്തിനും 2W സ്കൂട്ടറിനും ഇടയിലാണ് ബാറ്ററിയും പവര്‍ട്രെയിനും വിഭജിച്ചിരിക്കുന്നത്. ഓട്ടോറിക്ഷക്ക് 10 kW (13.4 bhp) പവറുള്ള 11 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇതിന് പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിക്കാനാവുന്നതെന്ന് കമ്പനി പറയുന്നു. ലോഡ് വഹിക്കാനുള്ള ശേഷി 500 കിലോഗ്രാമാണെന്നും സര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കാര്‍ഗോ മോഡലുകളുടെ 3 വകഭേദങ്ങളും യാത്രക്കാരെ കൊണ്ടുപോകാന്‍ ഒരു വേരിയന്റും (ഇ-റിക്ഷ) സര്‍ജ് വാഗ്ദാനം ചെയ്യും. മറുവശത്ത് സ്കൂട്ടറില്‍ 3 kW (4 bhp) കരുത്തുള്ള 3.5 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് 60 കിലോമീറ്റര്‍ വേഗതയാണ് പുറത്തെടുക്കാനാവുക.






