
ജനിച്ചിട്ടിന്നേവരെ കരയാത്തവരായി ആരും തന്നെയുണ്ടാകില്ല. എല്ലാവരും സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും കരയാറുണ്ട്്. അത് മനുഷ സഹജമാണ്. എന്നാല്‍ അതേസമയം കരയുന്നത് ഒരു മോശം പ്രവൃത്തിയായിട്ട് കാണുന്നവരും ഉണ്ട്. 'അയ്യേ, കരയുകയാണോ' എന്നാണ് നമ്മള് ചോദിക്കുന്നത് പോലും. എന്നാല്‍, കരയുന്നത് ഒരു നല്ല കാര്യമാണ്. നമ്മുടെ മനസില്‍ അടക്കിപ്പിടിച്ചിരിക്കുന്ന വികാരങ്ങളും വേദനകളും എല്ലാം പുറത്തേക്ക് തുറന്നു വിടാന്‍ കിട്ടുന്ന ഒരവസരം. എന്നാല്‍ പോലും, 'ആണ്‍കുട്ടികള്‍ കരയില്ല', 'മുതിര്‍ന്നവര്‍ കരയില്ല' എന്നൊക്കെയാണ് നമ്മള് പറയാറ്. അതേസമയം, ആഴ്ചയിലൊരിക്കല്‍ ആളുകളെ കരയാന്‍ പ്രേരിപ്പിക്കുകയാണ് cryonceaweek.com എന്ന വെബ്സൈറ്റ്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഈ വെബ്സൈറ്റ് ആളുകളെ കരയാന്‍ പ്രേരിപ്പിക്കുകയാണ്്.
ഈ വെബ്സൈറ്റ് തങ്ങളുടെ യൂസര്‍മാരെ കരയാന്‍ അനുവദിക്കുന്നു. അതിലൂടെ അവര്‍ക്ക് അവരുടെ വികാരങ്ങളെ പ്രകടിപ്പിക്കാം. പഠനങ്ങള്‍ പറയുന്നത് ആഴ്ചയിലൊരിക്കല്‍ കരയുന്നത് കൊണ്ട് ദോഷമൊന്നും ഉണ്ടാവുന്നില്ല എന്നാണ്. മാത്രമല്ല, അടക്കിപ്പിടിച്ച വേദനകളെ തുറന്നുവിടാന്‍ ഇത് സഹായിക്കുന്നു എന്നും കരയുന്നത് നമ്മുടെ മനസിനെ ശുദ്ധീകരിക്കുന്നുവെന്നും വെബ്സൈറ്റ് പറയുന്നു. ആളുകളെ കരയിപ്പിക്കാന്‍ വെബ്സൈറ്റ് എന്താണ് ചെയ്യുന്നത് എന്നല്ലേ? ആളുകളെ ചില പ്രത്യേക വീഡിയോകള്‍ കാണുന്നതിന് വേണ്ടി ക്ഷണിക്കും. അത് ആളുകളെ വൈകാരികമായി സ്പര്‍ശിക്കുകയും അവരെ കരയാന്‍ സഹായിക്കുകയും ചെയ്യും. ആളുകളെ കരച്ചിലില്‍ കൊണ്ടെത്തിക്കുന്ന നിരവധി വീഡിയോകള്‍ വെബ്സൈറ്റിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതുകൂടാതെ, 2018 -ല്‍ ദി ഇന്‍ഡിപെന്‍ഡന്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് നമ്മെ കരയിപ്പിക്കുന്ന സിനിമകളോ വീഡിയോകളോ ഒക്കെ കാണുന്നത് നമ്മുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും എന്നാണ്. ഇത് നമ്മുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. നമ്മള് കരയുമ്പോള്‍, നമ്മുടെ ശരീരം സ്ട്രെസ് ഹോര്‍മോണുകളും ടോക്സിനുകളും പുറത്തുവിടുന്നു. ഇത് നമ്മുടെ സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്നു. അതിനാല്‍ തന്നെ കരയുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കേണ്ടതില്ല. കരയാന്‍ തോന്നിയാല്‍ ഇടയ്ക്കൊക്കെ കരയുന്നത് നല്ലതാണ് എന്ന് തന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്.






