
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘മലൈക്കോട്ട വാലിബന്’ എന്ന വിസ്മയ ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ജനുവരി 25 ന് റിലീസ് ചെയ്തതു മുതൽ തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിമനോഹരമായ ഫ്രെയിമുകളിലൂടെ കഥ പറഞ്ഞ ചിത്രമാണിത്. ചിലര്‍ സിനിമയെ മോശമാക്കി പലരും സോഷ്യല്‍ മീഡിയയിലൂടെ കമന്റുകളിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചില അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘മലൈക്കോട്ട വാലിബന്’ മേക്കിങ് വീഡിയോയാണ് ലിജോ പങ്കിട്ടിരിക്കുന്നത്. ‘ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു’ എന്ന മോഹൻലാലിന്റെ ഉദ്ധരണിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമയുടെ വിസിൽ ബാക്ക്ഗ്രൗണ്ട് സ്കോറാണ് വീഡിയോയിൽ ഉള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും മേക്കിങ് വീഡിയോയില്‍ കാണാം. സഹതാരങ്ങളുമായി കണ്ണിൽ നോക്കി നിൽക്കേണ്ടതിന്റെ പ്രാധാന്യം ലിജോ വിശദീകരിക്കുന്നത് കാണാം, കൂടാതെ സിനിമയിലെ ചില ആക്ഷൻ സീക്വൻസുകളിൽ കടുപ്പമുള്ളതും കഠിനവുമായ ശരീരഭാഷ നിലനിർത്താൻ അദ്ദേഹം അഭിനേതാക്കളോട് നിർദ്ദേശിക്കുന്നു. മോഹൻലാലിൻ്റെ മേക്കപ്പും റെഡി ഷോട്ടുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഷോട്ടുകളിൽ രാജസ്ഥാനിലെ സിനിമാ ലൊക്കേഷൻ കാണാം. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പ്രതിബദ്ധത ഈ വീഡിയോയിൽ ശരിക്കും ശ്രദ്ധേയമാണ്. ‘ഇത് ഫിലിം സ്കൂൾ ആയിരുന്നു’ എന്ന് നടൻ ഡാനിഷ് സേട്ട് ഈ വീഡിയോയെയിൽ പ്രതികരിച്ചിട്ടുണ്ട്. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
മലൈക്കോട്ടൈ വാലിബനായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തിന്റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന് മരുഭൂമിയില്‍ ആയിരുന്നു. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടിവന്നത്. രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ അനായാസത എല്ലാവരും എടുത്തുപറയുന്ന ഒന്നാണ്. അത്തരത്തിലുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗ് രംഗങ്ങളും പുറത്തെത്തിയ മേക്കിംഗ് വീഡിയോയില്‍ ഉണ്ട്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍.






