
നിയോജക മണ്ഡലങ്ങളില്‍ ഒരുങ്ങുന്ന 39 ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, അതത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിെന്റ ഭാഗമായാണ് മള്‍ട്ടിപര്‍പ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കെ.എം.എസ്.സി.എല്‍. ആണ് എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. മെഡിക്കല്‍ ഗ്യാസ് ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന് വാര്‍ഡുകള്‍ പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ്നിര്മ്മിക്കുന്നത്.
ഓരോ ഐസോലേഷന് വാര്‍ഡിലും 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, നഴ്സസ് സ്റ്റേഷന്, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്.






