
ലോകമെമ്പാടുമുള്ള കമിതാക്കളുടെ വിശേഷപ്പെട്ട ദിവസമാണ് വാലന്റെന്‍സ് ഡേ. പ്രണയം ഉള്ളിലുള്ളവര്‍ക്കും പ്രണയം നഷ്ടം സംഭവിച്ചവര്‍ക്കും എല്ലാം ഈ ദിവസം ഒരു പ്രത്യേക അനുഭവമാണ്. പരസ്പരം ഗിഫ്റ്റുകള്‍ വാങ്ങി നല്‍കിയും ഒരുമിച്ചുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവച്ചുമാണ് ഈ ദിവസത്തെ കമിതാക്കള്‍ ആഘോഷകരമാക്കുന്നത്. എന്നാല്‍ ഈ സമയം മുന്‍ കാമുകനെയയോ കാമുകിയെയോ ഒക്കെ ഓര്‍ത്ത് ഏറ്റവും അധികം വിഷമിക്കുന്ന ദിനവും ഇതായിരിക്കും. ലോകമെങ്ങും പ്രണയ ദിനത്തില്‍ പ്രണയം ആഘോഷമാക്കുമ്പോള്‍ ഇത്തരത്തില്‍ നിരാശ അനുഭവിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടമാക്കാന്‍ അവസരം ഒരുക്കുകയാണ് അമേരിക്കിലെ ഒരു മൃഗശാല. ഇനി സംഭവം എന്താണന്നല്ലേ? ഒട്ടും ഇഷ്ടമില്ലാത്ത ആളുകളുടെ പേരുകള്‍ പാറ്റയ്ക്കോ എലിക്കോ സസ്യാഹരത്തിനോ നല്‍കാനുള്ള അവസരമാണ് മൃഗശാല ഒരുക്കുന്നത്.
സാന്‍ അന്റോണിയോ എന്ന മൃഗശാല സംഘടിപ്പിക്കുന്ന പരിപാടിയുടെ പേര് 'ക്രൈ മീ എ കോക്ക്റോച്ച്' . ഇതൊരു ധനസമാഹരണ യത്നമാണ്. പഴയകാലത്തെ മറന്നു കളയാനും അതുവഴി ഒരു നല്ല കാര്യത്തിനായി സംഭാവന നല്‍കാനും ആളുകള്‍ക്ക് അവസരം ഒരുക്കുകയാണ് മൃഗശാലയുടെ ലക്ഷ്യം. പ്രതീകാത്മകമായി പാറ്റ, എലി തുടങ്ങിയ ജീവജാലങ്ങള്‍ക്കോ വ്യത്യസ്ത സസ്യാഹാരങ്ങള്ക്കോ മനസ്സില്‍ നിന്നും മറന്നു കളയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരിടാം. സ്നേഹം കാരണം ഹൃദയത്തിലേറ്റ മുറിവുണക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് മൃഗശാല ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുന്നു.
അതേസമയം പേരിടാന്‍ തിരഞ്ഞെടുക്കുന്ന ജീവിയെ മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കാനുള്ള അവസരമുണ്ട്. ഇതിന് ആഗ്രഹിക്കുന്നവര്‍ 5 ഡോളറോ അല്ലെങ്കില്‍ 25 ഡോളറോ മൃഗശാലയ്ക്ക് സംഭാവനയായി നല്‍കാം. അതിനുശേഷം നന്ദി സൂചകമായി ഇവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന ഒരു ഡിജിറ്റല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡും കണ്ഫര്മേഷന് ഇ-മെയിലും ലഭിക്കും. സംഭാവന നല്കുന്ന വ്യക്തിക്ക് ഈ ലിങ്കിലൂടെ മനസ്സിലുള്ള വ്യക്തിയുടെ ആദ്യ പേര് സമര്‍പ്പിക്കാം. ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന പണം വന്യ ജീവികളുടെ ഭാവി സുരക്ഷിതമാക്കാനായി ആരംഭിച്ചിരിക്കുന്ന ദൗത്യത്തിന് വേണ്ടി ചിലവഴിക്കുമെന്ന് മൃഗശാല പറയുന്നു.






