
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്ക് ചുട്ടഭാഷയില്‍ മറുപടി നല്കി ഗായിക സയനോര ഫിലിപ്പ്. തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി എത്തിയത്.
ദുബായില്‍ വെച്ചായിരുന്നു സംഗീത പരിപാടി. പുത്തന്‍ ലുക്കും വേറിട്ട വസ്ത്രവുമാണ് പരിപാടിയ്ക്കായി സയനോര തിരഞ്ഞെടുത്തത്. ബോഡിഫിറ്റ് മിനി ഫ്രോക്കും അതിനൊപ്പം ഫ്ലെയര്‍ ആയി നെറ്റ് ഫാബ്രിക്കും ചേര്‍ത്ത് പിടിപ്പിച്ച വസ്ത്രമായിരുന്നു താരം ധരിച്ചത്. പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ നേരത്തേ താരം പങ്കിട്ടിരുന്നു. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചത്. എന്നാല്‍ ചിലര്‍ ഗായികയ്ക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞു.
ഗായികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമര്‍ശനം. തന്റെ സ്വകാര്യ ജീവിതത്തില്‍ ആരും ഇടപെടേണ്ടെന്ന് ഗായിക താക്കീത് നല്കി. ബോഡി ഷെയ്മിങ് കമന്റുകളോടും രൂക്ഷമായിട്ടാണ് സയനോര പ്രതികരിച്ചത്.
ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥന. എന്റെ ജീവിതം , എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാെതാരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊളളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live! ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുളളതല്ല- സയനോര കുറിച്ചു.
സയനോരയുടെ പ്രതികരണക്കുറിപ്പ് ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു ഗായികയ്ക്കു പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്. മുന്‍പും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് സയനോര. ഇതിനോടെല്ലാം ശക്തമായി തന്നെ സയനോര പ്രതികരിച്ചിട്ടുമുണ്ട്.






