
വാലന്റൈന്‍സ് ദിനത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. ലോകമെമ്പാടുമുള്ള കമിതാക്കളെല്ലാം വലിയ ആവേശത്തിലായിരിക്കും. ഈ പ്രണയദിനം തങ്ങളുടെ കാമുകനോടൊത്ത്, അല്ലെങ്കില്‍ കാമുകിയോടൊത്ത് എങ്ങനെ ആഘോഷിക്കും എന്ന ചിന്തയിലായിരിക്കും പലരും. എന്നാല്‍ അതേസമയം ബ്രേക്കപ്പിന്റെ വേദനയിലൂടെ കടന്നുപോകുന്ന നിരവധി ആളുകളുമുണ്ടാകും നമ്മുക്ക് ചുറ്റും . കടുത്ത വിരഹത്തിലേക്കായിരിക്കും ബ്രേക്കപ്പ് അഥവാ നഷ്ടപ്രണയം ആളുകളെ തള്ളിവിടുന്നത്. കാരണം പലരും ഈ കടമ്പ കടക്കാന്‍ അല്പം പാടുപെടാറുണ്ട്.
എന്നാല്‍, പ്രണയിക്കുന്നവര്‍ നിങ്ങളെ ഉപേക്ഷിച്ച് പോവുകയും നിങ്ങളതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഇരിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ തയ്യാറായി ഒരു കമ്പനി എത്തിയിരിക്കുകയാണ്. യുകെയിലുള്ള സ്ക്രാപ്പ് കാര്‍ കംപാരിസണ് എന്ന കമ്പനിയാണ് ബ്രേക്കപ്പായിരിക്കുന്നവരെ, പ്രത്യേകിച്ചും തങ്ങളുടെ എക്സിനോട് കലിപ്പുള്ളവരെ സഹായിക്കാന്‍ വാലന്റൈന്‍സ് ഡേയ്ക്ക് ഒരു ഓഫറുമായി എത്തിയിരിക്കുന്നത്.
വര്‍ഷവും ആയിരക്കണക്കിന് കാറുകളാണ് ഈ കമ്പനി പൊളിക്കുന്നത്. എന്നാല്‍, അതും ബ്രേക്കപ്പും തമ്മില്‍ എന്താണ് ബന്ധം എന്നോ? ഇത്തവണ അങ്ങനെ കാറുകള്‍ പൊളിക്കുമ്പോള്‍ അത് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്രദമായിക്കോട്ടെ എന്നാണ് ഈ കമ്പനി പറയുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ എക്സിനോട് കലിപ്പുണ്ടെങ്കില്‍ അയാളുടെ പേര് ഈ കമ്പനിക്ക് നല്‍കാം. കമ്പനി ഇടിച്ചുപൊളിച്ചു കളയുന്ന ഏതെങ്കിലും ഒരു കാറിന് നിങ്ങളുടെ ഈ എക്സിന്റെ പേര് നല്‍കും. അങ്ങനെ നിങ്ങളുടെ എക്സിന്റെ പേരിലുള്ള കാര്‍ തവിടുപൊടിയാവും. ഇതിന്റെ ഒരു ചിത്രവും നിങ്ങള്‍ക്ക് അയച്ചുതരും.
ഇത് പ്രതീകാത്മകമായി നിങ്ങളുടെ എക്സിനെ നിങ്ങളുടെ മനസ്സില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും മായ്ച്ചു കളയാന്‍ സഹായിക്കും എന്നാണ് കരുതുന്നത് എന്നാണ് സ്ക്രാപ്പ് കാര്‍ കംപാരിസണ് ഓപ്പറേഷന്‍സ് മാനേജര്‍, ഡേവിഡ് കോട്ടൗണ് പറയുന്നത്. സ്ക്രാപ്പ് കാര്‍ കംപാരിസണിന്റെ വെബ്സൈറ്റിലൂടെ നിങ്ങള്‍ക്ക് ഇതില്‍ പങ്കാളികളാകാം. വാലന്റൈന്‍സ് ഡേ വരെയാണത്രെ ഈ ഓഫര്‍. ഏതായാലും സംഭവം അറിഞ്ഞ് നിരവധി നിരാശ കാമുകന്മാരും കാമുകിമാരും ഇവിടേക്ക് എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.






