
മാധ്യമപ്രവർത്തക സാഗരിക ഘോഷിനെ നാമനിർദ്ദേശം ചെയ്ത് തൃണമൂൽ കോൺഗ്രസ്. ഘോഷിന് പുറമേ, ടിഎംസി നേതാക്കളായ സുസ്മിത ദേവ്, മമത ബാല ഠാക്കൂർ, മുഹമ്മദ് നദിമൽ ഹക്ക് എന്നിവർക്കും പാർട്ടി അവസരം നൽകിയിട്ടുണ്ട്. പാർട്ടി ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27നാണ് 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
1964 നവംബർ 8 ന് ഡൽഹിയിലാണ് സാഗരിക ഘോഷ് ജനിച്ചത്. 1991 മുതൽ ഇന്ത്യൻ വാർത്താ ലോകത്തെ അറിയപ്പെടുന്ന ഒരാളാണ് സാഗരിക ഘോഷ്. ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഔട്ട്ലുക്ക്’, ‘ദി ഇന്ത്യൻ എക്സ്പ്രസ്’, സിഎൻഎൻ-ഐബിഎൻ, ബിബിസി വേൾഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ഇവര് പ്രവർത്തിച്ചു. വാർത്താ ശൃംഖലയായ CNN-IBN-ലെ പ്രൈം ടൈം അവതാരക കൂടിയായിരുന്നു സാഗരിക. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമായ ഇന്ദിര – ദ മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ, അടൽ ബിഹാർ വാജ്പേയി – ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് പ്രൈംമിനിസ്റ്റർ, ദ ജിൻ ഡ്രിങ്കേഴ്സ് തുടങ്ങിയവയാണ് സാഗരിക എഴുതിയ പ്രധാന പുസ്തകങ്ങൾ.





