
അഭിനയത്തിന് പുറമേ വ്യത്യസ്ത കഴിവുകൾ പ്രദർശിപ്പിച്ച് ആരാധകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് ടൊവിനോ തോമസ്. അടുത്തിടെ നിൻജ യോദ്ധാവിനെപ്പോലെ വാളുമായി ആയോധന മുറ പരിശീലിക്കുന്ന ടൊവിനോയുടെ വീഡിയോ അമ്പരപ്പോടെയാണ് ആരാധകർ ഏറ്റെടുത്തത്. മെയ്വഴക്കത്തോടെയുള്ള നിൻജാ പരിശീലനത്തിൽ നിന്ന് വ്യത്യസ്തമായി, എകെ 47 തോക്കിൽ ഉന്നം തെറ്റാതെ വെടിയുതിർക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിങ്ങ് പരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്ന ഷൂട്ടിങ്ങ് റേഞ്ചിലാണ് ടൊവിനോ എകെ 47 തോക്കിൽ ഉന്നം പരീക്ഷിക്കുന്നത്. ഉന്നം തെറ്റാതെ വെടിയുതിർത്ത ശേഷം "എകെ 47 വച്ച് ഫയർ ചെയ്തതാണ്" എന്ന് ടൊവിനോ പറയുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ 'ഉന്നമുണ്ടത്രെ' എന്ന ക്യാപഷനോടെയാണ് താരം പോസ്റ്റുചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയിൽ കമന്റുമായെത്തിയിരിക്കുന്നത്.
ടൊവിനോ നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 9നാണ് തിയേറ്ററിലെത്തിയത്. വിജയകരമായ പ്രദർശനം തുടരുന്ന ചിത്രത്തിൽ പൊലീസുദ്യോഗസ്ഥനായാണ് താരം എത്തുന്നത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയുടെ അച്ഛൻ ഇല്ലിക്കൽ തോമസും അഭിനയിക്കുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിന്റെ അച്ഛനാണ് ഇല്ലിക്കൽ തോമസ് എത്തുന്നത്.






