
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തതായി ഈ ലോകത്ത് ആരും തന്നെ ഉണ്ടാകില്ല. കാരണം ഒരു കുടുംബത്തിന്റെയും അതിലൂടെ ഉടലെടുക്കുന്ന സമൂഹത്തിന്റെയും വളര്‍ച്ചയുടെ പ്രധാന ഘടകം കുഞ്ഞുങ്ങളാണ്. ഓരോ തലമുറ കഴിയുമ്പോഴും മനുഷ്യന്റെ അസ്ഥിത്വം നീട്ടിക്കൊണ്ട് പോകുന്നതും അടുത്ത ഓരോ തലമുറകളാണ്. എന്നാല്‍ കാലം പുരോഗതി പ്രാപിച്ചതോടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും കുഞ്ഞുങ്ങളോടുമുള്ള മനുഷ്യന്റെ താത്പര്യം കുറഞ്ഞു. പണ്ട് ഒരു കുടുംബത്തില്‍ പത്തും പതിനാലും മക്കള്‍ ആയിരുന്നെങ്കില്‍ ഇന്ന് ഒന്നും രണ്ടും കുഞ്ഞുങ്ങള്‍ എന്ന എണ്ണത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
പല വികസ്വര രാജ്യങ്ങളിലും ജനസംഖ്യാവര്‍ദ്ധനവില്‍ വലിയ കുറവാണ് രേഖപ്പെടിത്തിയിരിക്കുന്നത്. അതേസമയം വികസ്വര രാജ്യങ്ങളില്‍ തന്നെ അപൂര്‍വ്വമായിട്ടാണെങ്കിലും മൂന്നോ മൂന്നില്‍ കൂടുതലോ അല്ലെങ്കില്‍ പത്തോ കുട്ടികളുള്ള കുടുംബങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തകാലത്തായി സാമൂഹിക മാധ്യമമായ ടിക് ടോക്കിലൂടെ ഏറെ ശ്രദ്ധേയയായ 40 വയസ്സുള്ള കരിസ്സ കോളിന്‍സ് അത്തരത്തിലൊരാളാണ്. ടിക് ടോക്കില്‍ 30 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അമേരിക്കന്‍ യുവതിയാണ് കരിസ്സ കോളിന്‍സ്. 2009 ലാണ് കരിസ്സയ്ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. പിന്നീടിങ്ങോട്ട് വലിയ ഇടവേളകളില്ലാതെ ഓരോ വര്‍ഷം ഓരോ കുട്ടിയെന്ന തരത്തില്‍ കരിസ്സ ജന്മം നല്കി. 2024 ല്‍ അവര്‍ തന്റെ പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി തയ്യാറെടുക്കുന്നുനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ മൂന്ന് ആണ്‍കുട്ടികളുടെയും ഏഴ് പെണ്‍കുട്ടികളുടെയും അമ്മയാണ് കരിസ്സ. തനിക്ക് ഭര്‍ത്താവിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കരിസ്സ പറയുന്നു.
അനീസ (14), ആന്ദ്രെ (13) ആനിസ്റ്റണ്‍ (11) ആഞ്ചലി (10) ആന്ഡേഴ്സണ് (9), എയ്ഞ്ചല്‍ (7) എന്സിര് (6) ആങ്കര്‍ (4) ആന്തിം (3), എന്നിങ്ങനെയാണ് കരിസ്സയുടെ മക്കളുടെ പേരുകള്‍. ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ബേബി ആര്‍മര്‍. ഭര്‍ത്താവ് കഠിനാധ്വാനിയാണെന്നും അദ്ദേഹവും താനും കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്താറുണ്ടെന്നും കരിസ്സ കൂട്ടിചേര്‍ക്കുന്നു. കുട്ടികളോടൊപ്പം കളിക്കാനും ടിവി കാണാനുമുള്ള സമയം തങ്ങള്‍ കണ്ടെത്തുന്നു. സോഷ്യല്‍ മീഡിയ താരമായ ഇവര്‍ തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. അതിനാല്‍ തന്നെ ഒരേസമയം അകമഴിഞ്ഞ പിന്തുണയും രൂക്ഷമായ വിമര്‍ശനവും ഇവര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ നേരിടേണ്ടിവരുന്നു.






