
ലോകമെമ്പാടുമുള്ള പ്രണയികള്‍ കഴിഞ്ഞ ഏതാനും ദിവസമായി വാലന്റൈന്‍സ് ദിനാഘോഷത്തിന്റെ തിരക്കിലാണ്. ഇതുമായി ബന്ധപ്പെട്ട വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട ഒരു പ്രണയലേഖനത്തിന്റെ ഉടമയെ തേടി നടക്കുകയാണ് ഇവിടെ ഒരു യുവാവ്. റിക്ക് ട്രോജനോവ്സ്കി എന്നയാളാണ് കത്തി എഴുതിയ ആളെ അന്വേഷിച്ചുള്ള തന്റെ ശ്രമം ആരംഭിച്ചിരിക്കുന്നത്.
2017 ലാണ് റിക്ക് യുഎസില്‍ ഒരു ഫാം ലേലത്തില്‍ പിടിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫാം ഹൌസിലെ ഒരു ടൂള്‍ബോക്സ് പരിശോധിക്കുന്നതിനിടെയാണ് റിക്കിന് ഒരു കത്ത് ലഭിച്ചത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ്, താന്‍ വരുമെന്നും പ്രണയിനിയെ വിവാഹം കഴിക്കുമെന്നും അറിയിച്ച് കൊണ്ട് ആരോ എഴുതിയ ഒരു പ്രണയലേഖനമായിരുന്നു അത്. കത്തിലെ ഉള്ളടക്കം വായിച്ച റിക്ക് ഒരു പ്രതിജ്ഞ എടുത്തു. ഈ കത്തില്‍ എഴുതിയിരിക്കുന്ന പ്രണയജോഡികളെ കണ്ടെത്തുക. ഇതിനായി റിക്ക് സോഷ്യല്‍ മീഡിയയുടെ സഹായവും തേടിയിരിക്കുകയാണ്.
70 വര്‍ഷം മുമ്പ് ആര്‍മി കോര്‍പ്പറല്‍ ആയിരുന്ന ഇര്വിന് ജി ഫ്ലെമിംഗ് എന്ന ആള് എഴുതിയ പ്രണയ ലേഖനമായിരുന്നു അത്. ഗ്രാന്‍ഡ് റാപ്പിഡ്സില്‍ താമസിക്കുന്ന മേരി ലീ ക്രിബ്സ് എന്ന യുവതിയെ അഭിസംബോധന ചെയ്താണ് എഴുത്ത് ആരംഭിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് എഴുതിയ കത്തില്‍ അതിന് മുമ്പ് ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ച അകല്‍ച്ചയ്ക്ക് ഹൃദയത്തോട് ചേര്‍ത്തി നിര്‍ത്തി അദ്ദേഹം ക്ഷമാപണത്തോടെ കത്ത് ആരംഭിക്കുന്നു. തന്നില്‍ മേരി ലീ ക്രിബ്സിനോട് അചഞ്ചലമായ പ്രണയമാണെന്നും സര്‍വീസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ക്രിബ്സിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഫ്ലെമിംഗ് വൈകാരികമായി സൂചിപ്പിക്കുന്നു. കത്തിന്റെ ഉള്ളടക്കം വായിച്ച റിക്കിന് പിന്നെ ആ പ്രണയിനികള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ അതിയായ ആകാംഷയുണ്ടായി. കത്ത് അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചേല്‍പ്പിക്കണമെന്ന് റിക്ക് തീരുമാനിച്ചു.
സോഷ്യല്‍ മീഡിയയില്‍ കത്തിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നിരവധി പേര് അവരുടെ പ്രണയം സഫലമായോ എന്ന് അന്വേഷിച്ചെത്തിയതും റിക്കിനെ ആവേശം കൊള്ളിച്ചു. വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കപ്പെട്ടു. ഇതൊരു യഥാര്‍ത്ഥ പ്രണയകഥ പോലെയാണ്. ഇക്കാലത്ത് ആളുകള്‍ ഇങ്ങനെയല്ല എഴുതുന്നത്. ഇത് ഏതാണ്ട് കവിത പോലെയാണ്.' കത്തിനെ കുറിച്ച് സംസാരിക്കവെ റിക്ക് WXMI-TV-യോട് പറഞ്ഞു. 'എനിക്ക് അതില്‍ ഒരു പ്രയോജനവുമില്ല, എന്നാല്‍ അതില്‍ ഉള്‍പ്പെടുന്ന ആളുകളെ, കുട്ടികളെ കണ്ടെത്താന്‍ കഴിയുമെങ്കില്‍, അത് അവര്‍ക്ക് ശരിക്കും അത്ഭുതമാകുമെന്ന് ഞാന്‍ കരുതുന്നു.' റിക്ക് കൂട്ടിച്ചേര്‍ത്തു. ഈ വാലന്റൈന്‍ ദിനത്തിലെങ്കിലും ആ പ്രണയിനികള്‍ക്ക് ഒന്നാകാന്‍ കഴിയട്ടെ എന്ന് നിരവധി പേരാണ് ആശംസിച്ചത്.






