
ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് വിചിത്രമായ പല അനുഭവങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. ഇവയില്‍ ഒന്നാണ് വാഹനങ്ങളുടെ പുറത്തെഴുതിയിരിക്കുന്ന ചില വാചകങ്ങള്‍. ഇവയില്‍ കൂടുതലും ആളുകളെ മോട്ടിവേറ്റ് ചെയ്യാനായി എഴുതിയിരിക്കുന്നവയാണ്. അത്തരത്തിലൊരു 'മോട്ടിവേഷനല്‍ വാചക'മാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. ബംഗളൂരു നഗരത്തിലെ ഓട്ടോറിക്ഷയുടെ പുറകിലുള്ള വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ഏതായാലും ബ്രേക്ക്അപ്പിലിരിക്കുന്നവര്ക്ക് ഈ വാക്കുകള്‍ പ്രചോദനമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
@Rishika Gupta എന്ന എക്സ്സ് അക്കൗണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'സ്നേഹം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല,' ( love is life but lover is not wife) എന്ന് വണ്ടിയുടെ പിറകിലെ വാക്കുകളെ ഇന്റര്‍നെറ്റ് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഓട്ടോഡ്രൈവറുടെ ചിന്ത കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തി. 'ശരി, ഞാന്‍ തിരയുന്ന പ്രചോദനം ഇതല്ല' എന്ന ക്യാപ്ഷനോടെയാണ് റിഷിക ഗുപ്ത പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഓട്ടോക്ക് പിറകിലെ വാക്കുകളേക്കാള്‍ തമാശയാണ് ആളുകളുടെ കമന്റുകള്‍. കല്യാണം കഴിഞ്ഞ് ഭാര്യയായുണ്ടായിട്ടും കാമുകി അവളല്ലെന്ന് പറഞ്ഞ ഇയാളുടെ ആത്മവിശ്വാസം തനിക്കും വേണമെന്നാണ് ഒരു വിരുതന്റെ കമന്റ്. സത്യത്തില്‍ കാമുകി 'ഇതുവരെ' ഭാര്യയായില്ലെന്നാണ് ഇയാള്‍ ഉദ്ദേശിച്ചതെന്നും അതെഴുതാന്‍ വണ്ടിയില്‍ സ്ഥലമില്ലാതെ പോയതാണെന്നുമാണ് മറ്റൊരു യൂസറിന്റെ നിരീക്ഷണം. തേപ്പ് കിട്ടിയതാണോ ഇങ്ങനെ എഴുതാന്‍ കാരണമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചവരുണ്ട്.
ബംഗളൂരിലെ ആളുകള്‍ക്ക് പ്രണയത്തിന്റെ ക്ലീഷേകള്‍ മടുത്ത മട്ടാണ്. ഓട്ടോയുടെയും ബസുകളുടെയും പിറകില്‍ ഇത്തരത്തിലുള്ള വാചകങ്ങള്‍ കാണുന്നതും, അത് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാവുന്നതും ഇതാദ്യമല്ല. പണ്ട് 'സ്നേഹം പാര്‍ക്കിലെ നടത്തം പോലെയാണ്.' 'ജുറാസിക് പാര്‍ക്ക്' എന്ന് ബംഗളുരുവിലെ ഒരു ഓട്ടോയുടെ പിറകില്‍ വന്നതും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.






