
"ഈ അമൽ ഡേവിസ് ആള് കൊള്ളാലോ..." ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന സിനിമ കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ഒരേ സ്വരത്തിൽ പറയുന്നതാണിത്. സിനിമയിൽ നസ്ലിന്റെ ചങ്കായി അഭിനയിച്ച അമൽ ഡേവിസ് എന്ന കൂട്ടുകാരൻ മറ്റാരുമല്ല സംഗീത് പ്രതാപാണ്. ഹൃദയത്തിൽ പ്രണവിനെ ഇടിക്കുന്ന അതേ വില്ലൻ. 4 ഇയേഴ്സ്, ലിറ്റിൽ മിസ്സ് റാവുത്തർ, പത്രോസിന്റെ പടപ്പുകൾ എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളിൽ സ്പോട് എഡിറ്ററായും പ്രവർത്തിച്ചിട്ടുള്ള സംഗീതിന്റെ ആദ്യ മുഴുനീള വേഷമാണ് പ്രേമലുവിലേത്. സൂപ്പർ ശരണ്യ, ഹൃദയം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അമൽ ഡേവിസ് എന്ന കഥാപാത്രം വളരെ സ്പെഷൽ ആണെന്നാണ് സംഗീതിന്റെ അഭിപ്രായം. പുതിയ വിശേഷങ്ങളും സന്തോഷവും പങ്കുവയ്ക്കുകയാണ് സംഗീത്, മംഗളം ഓൺലൈനിനൊപ്പം...
ഈ സിനിമയ്ക്ക് ഇത്രേം വലിയൊരു റെസ്പോൺസ് പ്രതീക്ഷിച്ചിരുന്നോ?
സിനിമയ്ക്ക് നല്ലൊരു വിജയം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയ്ക്കൊക്കെ ജനങ്ങൾ ഏറ്റെടുക്കുമെന്നത് തികച്ചും അവിചാരിതം ആയിരുന്നു. ഒരു വെൽ മെയ്ഡ് ഗുഡ് ഫിലിം എന്ന തരത്തിൽ പ്രേക്ഷകർ സ്വീകരിക്കും എന്നുള്ളത് അറിയാമായിരുന്നു. പക്ഷേ ഒരു ബ്ലോക്ക്ബസ്റ്റർ എന്ന തലത്തിലേക്ക് ഉയരും എന്ന് ഓർത്തില്ല. എന്നും അപ്ഡേറ്റ് വരുന്നു. വീക്ക് ഡേയ്സിൽ പോലും ടിക്കറ്റ് സോൾഡ് ഔട്ട് ആകുന്നു എന്നത് ഒട്ടും വിചാരിക്കാത്തതാണ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ പറ്റുമെന്ന് ഓർത്തില്ല. പല സിനിമകൾ കാണുമ്പോഴും അങ്ങനെയൊരു വിജയത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിന് മുമ്പും ഞാൻ പല സിനിമകളിൽ അഭിനിയിച്ചിരുന്നു. അപ്പോഴൊന്നും കിട്ടാത്ത ഒരു വലിയ സക്സസ് ആണിപ്പോൾ കിട്ടിയിരിക്കുന്നത്. വലിയ സന്തോഷം. 600 സീറ്റുള്ള തിയറ്റർ ഹൗസ്ഫുൾ ആവുക, പ്രേക്ഷകർ തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുക, ഗിരീഷേട്ടന്റെ പേര് എഴുതിക്കാണിക്കുമ്പോൾ ഗംഭീര കയ്യടി ഉയരുക... ഇതൊക്കെ വലിയ സന്തോഷമാണ്. പക്ഷേ ഗിരീഷേട്ടന് പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ടിംഗിൽ തന്നെ ഒരു പോസിറ്റീവ് വൈബ് അദ്ദേഹം തന്നിരുന്നു. അമൽ ഡേവിസും സച്ചിനും തമ്മിലുള്ള കോംബോ പുതിയ പരിപാടിയായി പ്രേക്ഷകർക്കു തോന്നിയെന്നു കേൾക്കുമ്പോൾ എക്സൈറ്റ്മെന്റ് എന്നല്ല വേറെ വലിയ വലിയ വാക്കുകൾ പറയേണ്ടി വരും. ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം
നസ്ലിന്റെ ചങ്കായ അമൽ, സിനിമയിലെ ഈ സൗഹൃദം റിയൽ ലൈഫിൽ നിന്നും എടുത്തതാണോ?
അങ്ങനെ ചോദിച്ചാൽ അറിയില്ല. തിരക്കഥയിൽ തന്നെ എല്ലാമുണ്ടായിരുന്നു. പക്ഷേ അത് പെർഫോമൻസിനു ഒരുപാട് സഹായിച്ചിട്ടുണ്ട്. തിരക്കഥയിൽ കഥാപാത്രത്തിനെക്കുറിച്ച് കൃത്യമായി വിവരിച്ചിരുന്നു. മാനറിസങ്ങളും റിയാക്ഷനും അതിന്റെയൊരു ഗ്രാഫും മാത്രമാണ് ഞങ്ങൾ കൊടുത്തത്. നസ്ലിൻ, ഗിരീഷേട്ടൻ ഇവരുമായിട്ടുള്ള സൗഹൃദം ഒരുപാട് സഹായിച്ചിട്ടുണ്ട്. തണ്ണീർമത്തനിൽ തുടങ്ങി ആ സൗഹൃദം ഉണ്ട്. അന്ന് ഞാൻ സ്പോട്ട് എഡിറ്റർ ആണ്. അന്ന് മുതൽ ഗിരീഷേട്ടനുമായി ഒരു വൈബ് ഉണ്ട്. ഒരേ വേവ് ലെങ്തിലാണ് വർക്ക് ചെയ്തിട്ടുള്ളത്. ഗിരീഷേട്ടന്റെ കോമഡി എനിക്ക് പെട്ടെന്ന് കണക്ട് ആകും. നസ്ലിനുമായി ഒരു ഇൻഹിബിഷൻ ഇല്ലാതെ സംസാരിക്കാൻ പറ്റും. അങ്ങനെയൊരു സ്പേസ് ഉണ്ട്. അത് പെർഫോമൻസിനു സഹായിച്ചു. സിനിമയുടെ ഒരു പകുതി വരെ സച്ചിനും അമൽ ഡേവിസും തമ്മിലുള്ള കോമ്പോ തന്നെയാണ് വർക്ക് ഔട്ട് ആകുന്നത്. ഗിരീഷേട്ടനും അത് പറഞ്ഞിരുന്നു. അത് കൂടുതൽ വിജയിക്കാൻ അഭിനയിക്കുന്ന സമയത്തു ആ സൗഹൃദം കുറച്ചു കൂടി ഡീപ്പായി ചെയ്തു. ഗിരീഷേട്ടന്റെ ഗൈഡൻസിൽ കുറെ ഇംപ്രവൈസേഷൻസ് സ്പോട്ടിൽ ചെയ്തിരുന്നു. റിയൽ ലൈഫ് കൂട്ടുകാർ ചിലപ്പോഴൊക്കെ തോളത്തു കിടന്നും തൊട്ടും തല്ലിയുമൊക്കെയല്ലേ സംസാരിക്കുന്നത്. ചില സീനുകളിലെ സംഭാഷണങ്ങൾ സ്ക്രിപ്റ്റിൽ പോലും ഇല്ലാത്ത, തികച്ചും ആകസ്മികമായി വന്നതാണ്. കയ്യീന്നിടൽ പരിപാടി സ്വാഭാവികമായും നടന്നിട്ടുണ്ട്. ശ്രദ്ധിച്ചാൽ മനസ്സിലാകും, സച്ചിനും അമലും സാധാരണ നമ്മൾ സിനിമകളിൽ കാണുന്ന തരം സൗഹൃദസംഭാഷണമല്ല നടത്തുന്നത്. ഇവർ രണ്ടു പേരും പരസ്പരം ഒന്നു തള്ളിയിട്ടോ തല്ലിയിട്ടോ പിച്ചിയിട്ടോ ഒക്കെയാകും സംസാരിക്കുന്നത്. ആ ശരീരഭാഷയും ചലനങ്ങളും അറിഞ്ഞോ അറിയാതെയോ ഗിരീഷേട്ടൻ പറഞ്ഞും അല്ലാതെയുമൊക്കെ വന്നു ചേർന്നതാണ്. മാനറിസങ്ങളും അങ്ങനെ തന്നെ നമ്മളറിയാതെ വന്നു. ഇതൊക്കെയായിരിക്കും സച്ചിനെയും അമലിനെയും പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണം. ക്യാമറയ്ക്ക് പിന്നിലുള്ള സൗഹൃദം തന്നെയാണ് അങ്ങനെയൊരു പെർഫെക്ഷൻ വരാനുള്ള കാരണം.
സംവിധായകൻ ഗിരീഷ്, പ്രേമലുവിന്റെ ക്രൂ.. ആസ്വദിക്കാവുന്ന ഒരു ലൊക്കേഷൻ ആയിരുന്നോ അത്?
നേരത്തെ തന്നെയുള്ള ഒരു സൗഹൃദമാണ് ഗിരീഷേട്ടനുമായി ഉള്ളത്. ഗിരീഷേട്ടൻ ഉണ്ട് എന്നുള്ളത് തന്നെയാണ് ഇത്രേം വലിയൊരു കഥാപാത്രത്തിനു ഞാൻ യെസ് പറയാനുള്ള കാരണം. എന്റെ പെർഫോമൻസിനെ ഗ്രാഫ് ചെയ്യാനും മോൾഡ് ചെയ്യാനും ഏറ്റവും പെർഫെക്ട് ആൾ ഗിരീഷേട്ടൻ തന്നെയാണ്. ഒരു സീനിൽ മാത്രമേ ഉള്ളുവെങ്കിലും ശരണ്യയിലെ കഥാപാത്രം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. സ്ക്രീനിൽ കാണുമ്പോൾ എനിക്ക് അധികം ചളിപ്പ് തോന്നാത്ത ഒരു കഥാപാത്രം ആണത്. അത് ഗിരീഷേട്ടൻ ഗ്രാഫ് ചെയ്തതാണ്. അതുകൊണ്ട് തന്നെ ഗിരീഷേട്ടന്റെ സംവിധാനത്തിൽ അഭിനയിക്കുക എന്നത് വലിയ ആത്മവിശ്വാസമായിരുന്നു. ഒരേ സമയം ഹെല്പ്ഫുള്ളും ഹോപ്പ്ഫുള്ളും ആയിരുന്നു അത്. അങ്ങനെയൊരു ആത്മവിശ്വാസം ഗിരീഷേട്ടൻ കാണിക്കുമ്പോൾ വ്യക്തിപരമായി ഒരു വിശ്വാസവും സന്തോഷവും തോന്നും.
പ്രേമലുവിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ അമൽ ഡേവിസ് എന്ന കഥാപാത്രം എത്ര പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
മമിതയുമായുമായി വളരെ അടുപ്പമുള്ള ഒരു സൗഹൃദം ഉണ്ടെന്ന് കേട്ടിട്ടുണ്ട്... സിനിമ വഴിയാണോ ആ സൗഹൃദം തുടങ്ങിയത് ?
മമിതയുമായി ഈ സിനിമയ്ക്ക് മുൻപ് സൗഹൃദമില്ല. പടം കഴിഞ്ഞ സമയത്തു റീനുവിന്റെയും അമൽ ഡേവിസിന്റെയും സച്ചിന്റെയും യാത്ര പോലെ തന്നെ ഞങ്ങൾക്കും ഒരു യാത്ര ഉണ്ടായിരുന്നു. അതിലൂടെയാണ് ഞങ്ങൾ കണക്റ്റഡ് ആയി. സിനിമയിലെ ലാസ്റ്റ് സീക്വൻസിലെ എയർപോട്ട് ഷോട്ടിൽ ഒക്കെ ശരിക്കും ഞങ്ങൾ സെന്റിമെന്റൽ ആയി. പോകുന്ന സച്ചിനും നോക്കി നിൽക്കുന്ന റീനുവിനും അമലിനും ഉള്ള അതേ പെയിൻ ഞങ്ങൾക്കും ഫീൽ ചെയ്തു. സിനിമയ്ക്ക് ശേഷം ആ സൗഹൃദം വളരെ ഡീപ്പ് ആയി. വ്യക്തി ജീവിതത്തിൽ ഒരു ഷോൾഡർ ആകുമ്പോഴാണല്ലോ സൗഹൃദം കൂടുതൽ ആത്മാർത്ഥമാകുന്നത്. സിനിമയ്ക്ക് ശേഷമായിരുന്നു എന്റെ കല്യാണം. അതിനൊക്കെ കൂടുതൽ ഇൻവോൾവ് ആയത് അവളാണ്. മമിത ലൈഫിൽ ഒരു പ്രധാനപെട്ട വ്യക്തിയാണിപ്പോൾ. നസ്ലിൻ ആണെകിലും അങ്ങനെ തന്നെ. പ്രേമലു ടീം മുഴുവൻ എന്റെ വിവാഹത്തിന് കസിൻസിനെക്കാൾ കൂടുതൽ ഉണ്ടായിരുന്നു. എന്റെ വൈഫ് ആൻസിയുമായി നല്ല അടുപ്പമാണ്. യാത്രകളൊക്കെ ഒരുമിച്ചു ചെയ്യാറുണ്ട്.
ഹൃദയം തന്നെയാണോ പ്രേമലുവിലെ അമൽ ഡേവിസിലേക്ക് എത്താനുള്ള കാരണം?
ഹൃദയം ആണോ എന്ന് ചോദിച്ചാൽ അല്ല. ഹൃദയം ഇറങ്ങും മുൻപ് ഗിരീഷേട്ടൻ എന്നെ സൂപ്പർ ശരണ്യയിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. ക്യാമറയ്ക്കു പിന്നിൽ സ്പോട്ട് എഡിറ്റർ ആയി ഞാൻ ഗിരീഷേട്ടനൊപ്പം ഉണ്ടായിരുന്നു. മാനറിസവും സംസാര രീതിയും അറിയാം. അത് വച്ചിട്ടാവും എന്നെ പിന്നീട് ശരണ്യയിലേക്ക് വിളിച്ചത്. ഗിരീഷേട്ടൻ എഴുതി, ഞാനും അദ്ദേഹവും ഒരുമിച്ച് അഭിനയിച്ച വശീകരണം എന്നൊരു ഹ്രസ്വചിത്രം വന്നിരുന്നു. പൂവൻ സിനിമയുടെ സംവിധായകൻ വിനീത് ചാക്യാരാണത് സംവിധാനം ചെയ്തത്. അതിലേക്ക് എന്നെ സജസ്റ്റ് ചെയ്തതും ഗിരീഷേട്ടനാണ്.
അഭിനയം ആകസ്മികമായി വന്നതാണോ?
പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് മിമിക്രിക്ക് ജില്ലയിൽ ഒന്നാം സ്ഥാനമുണ്ടായിരുന്നു. സംസ്ഥാന യുവജനോൽസവത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട്, അതെല്ലാം വിട്ടു. തണ്ണീർമത്തൻ ദിനങ്ങളുടെ സെറ്റിൽ തമാശയ്ക്ക് പഴയതെല്ലാം പുറത്തെടുത്തിരുന്നു. അതെല്ലാം ഗിരീഷേട്ടൻ ശ്രദ്ധിച്ചിരുന്നു. അമൽ ഡേവിസിൽ അതെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. സംവിധാനം എന്റെ വലിയ മോഹമായിരുന്നു. ആ ആഗ്രഹമാണ് എന്നെ എഡിറ്റിങ്ങിൽ എത്തിച്ചത്. ചെയ്തു തുടങ്ങിയപ്പോൾ രസം പിടിച്ചു. ബിഎസ്സി അനിമേഷനാണ് പഠിച്ചത്. അതിൽ സബ് ആയി എഡിറ്റിങ് പഠിക്കാനുണ്ട്. അനിമേഷനിലാണ് ആദ്യം ജോലി ചെയ്തത്. കല്യാണം എഡിറ്റ് ചെയ്യാൻ തുടങ്ങിയത് പിന്നീടാണ്. അത് കഴിഞ്ഞു ഷോർട്ട് ഫിലിമുകൾ ചെയ്തു. അതിലൂടെ സന്തോഷവും പണവും കിട്ടിത്തുടങ്ങി. അങ്ങനെയാണ് ഞാൻ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അടുത്ത് എത്തുന്നത്. ഷമീറിക്കയാണ് എനിക്ക് ഫിലിം എഡിറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞു തരുന്നത്. സിനിമ എങ്ങനെ കാണണം, എന്താണ് അതിന്റെ താളം എന്നതെല്ലാം പറഞ്ഞു തന്നത് ഷമീറിക്കയാണ്. ഞാനെപ്പോഴും എന്റെ തുടക്കകാലത്തെക്കുറിച്ചും അവിടെനിന്ന് ഇതുവരെയുള്ള എന്റെ ജീവിതത്തെക്കുറിച്ചും ആലോചിക്കാറുണ്ട്. ആ ട്രാൻസിഷൻ വളരെ സർപ്രൈസിങ് ആണ്. ഞാനെന്തിനു വേണ്ടി വന്നു, എവിടെയെത്തി എന്നതെല്ലാം ആലോചിക്കുമ്പോൾ അതിനു കാരണക്കാരായവരെ നന്ദിയോടല്ലാതെ ഓർക്കാൻ കഴിയില്ല.
സ്പോട്ട് എഡിറ്റർ സിനിമാക്കാരനായതിനു പിന്നിൽ?
തണ്ണീർമത്തൻ ദിനങ്ങളിൽ ഞാൻ സ്പോട്ട് എഡിറ്റർ ആയിരുന്നു. എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന സമയത്താണ് ആ സിനിമ സംഭവിക്കുന്നത്. ആ സെറ്റിൽ വച്ച് ഗിരീഷേട്ടനുമായി നല്ല കൂട്ടായി. ഗിരീഷേട്ടന്റെ കോമഡി എനിക്ക് പെട്ടെന്ന് കണക്ട് ആകും. പിന്നീട് സൂപ്പർ ശരണ്യ ചെയ്തപ്പോൾ എന്നെ അഭിനയിക്കാൻ വിളിച്ചു. അന്ന് ഹൃദയം പുറത്തിറങ്ങിയിട്ടില്ല. ആ സിനിമയിലാണ് ആദ്യം ഞാൻ അഭിനയിക്കുന്നത്. സിനിമയിൽ ഞാൻ അഭിയിച്ചു കണ്ടിട്ടല്ല ഗിരീഷേട്ടൻ എന്നെ അഭിനയിക്കാൻ വിളിച്ചത്. അദ്ദേഹത്തിന്റെ ട്രസ്റ്റ് ആണത്. ഞാൻ ഗിരീഷേട്ടനെ വിശ്വസിച്ചിട്ടാണ് അന്നും ഇന്നും അഭിനയിച്ചിട്ടുള്ളത്. കാരണം, അഭിനയം എനിക്കു പറ്റുന്ന പരിപാടിയാണോ എന്ന് അറിയില്ലായിരുന്നു. ഗിരീഷേട്ടന് വ്യക്തിപരമായി എന്നെ നന്നായിട്ട് അറിയാം. അത് അമൽ ഡേവിസ് എന്ന കഥാപാത്രത്തെ വികസിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.
വിനീതിന്റെ ഹൃദയത്തിൽ വില്ലൻ, ആ കഥാപാത്രം വന്ന വഴി?
എന്നെ അഭിനയിപ്പിക്കുന്നത് വിനീതേട്ടനാണ് (വിനീത് ശ്രീനിവാസൻ). ഹെലനിലും തണ്ണീർമത്തനിലും സ്പോട്ട് എഡിറ്റർ ഞാനായിരുന്നു. അന്ന് അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ എല്ലാ അലമ്പും തമാശകളും വിക്രിയകളും അദ്ദേഹത്തിനറിയാം. കോമഡിയല്ല, എന്റെ രൂപമാണ് ഹൃദയത്തിലെ വേഷത്തിലേക്ക് എന്നെ പരിഗണിക്കാൻ കാരണം. വളരെ അഗ്രസീവ് ആയ വേഷം മെലിഞ്ഞിരിക്കുന്ന ഒരാൾ ചെയ്യുമ്പോഴുള്ള ഇംപാക്ട് ഇല്ലേ. അതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ! ആ മീറ്റർ പോലും വിനീതേട്ടൻ കൃത്യമായി പറഞ്ഞു തന്നിരുന്നു.
കുടുംബത്തിന്റെ പിന്തുണ എങ്ങനെയാണ്?
ചെറായി ആണ് നാട്. അച്ഛൻ പ്രതാപ് കുമാർ സിനിമയിൽ ക്യാമറാമാൻ ആയിരുന്നു. തൂവാനത്തുമ്പികൾ, ഇൻ ഹരിഹർ നഗർ തുടങ്ങിയവയിലും പണ്ടത്തെ ഐവി ശശി, ജോഷി സിനിമകളിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. വിഖ്യാത ഛായാഗ്രാഹകൻ ജയനൻ വിൻസന്റിന്റെ അസോഷ്യേറ്റ് ആയിരുന്നു അച്ഛൻ. അതുകൊണ്ട്, ഞാൻ സിനിമയിൽ വന്നതിന് വീട്ടിൽനിന്ന് കട്ട സപ്പോർട്ട് ആയിരുന്നു. പത്തിലൊക്കെ പഠിക്കുമ്പോൾ ഞാൻ അച്ഛന്റെ കൂടെ വർക്കിന് പോയിട്ടുണ്ട്. അച്ഛൻ പണ്ടത്തെ കഥകൾ പറയാറുണ്ട്. മുപ്പതോളം സിനിമകളിൽ അച്ഛൻ പ്രവർത്തിച്ചു. എന്റെ ഇപ്പോഴത്തെ നേട്ടങ്ങളിൽ അച്ഛനും അമ്മയുമാണ് സൂപ്പർ ഹാപ്പി. അമ്മ ആനി റിട്ടയേഡ് ടീച്ചറാണ്. ഈയടുത്താണ് എന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ആൻസി ജർമൻ അധ്യാപികയാണ്.
അമലുവിനെ സ്നേഹിച്ച പ്രേക്ഷകരോട് പറയാനുള്ളത്... വരാനിരിക്കുന്ന സിനിമകൾ, കഥാപാത്രങ്ങൾ ?
എല്ലാവർക്കും ഒരുപാട് നന്ദി. സംഗീത് എന്ന് വിളിച്ചിരുന്നവർ അത് മാറ്റി അമൽ ഡേവിസേ എന്ന് വിളിച്ച് തുടങ്ങി. അതൊരു വലിയ അച്ചീവ് മെന്റ് ആണ്. തീയേറ്ററിൽ പോകുമ്പോഴൊക്കെ എല്ലാവരും ഒരുമിച്ച് ഉച്ചത്തിൽ അമൽ ഡേവിസേ എന്ന് വിളിക്കുന്നു. ഒരുപാട് പോസ്റ്റുകളും കമന്റുകളും വരുന്നുണ്ട്. 'വൈ യു നീഡ് എ ഗേൾ ഫ്രണ്ട്, വീ ജസ്റ്റ് നീഡ് ആൻ അമൽ ഡേവിസ് ഇൻ ലൈഫ്, ഇഫ് യു ഹാവ് അമൽ ഡേവിസ് ഇൻ യുവർ ലൈഫ്, യുവർ ലൈഫ് വിൽ ബി മോർ കളർഫുൾ' എന്നൊക്കെ പോസ്റ്റുകൾ വരുന്നു. അത് കാണുമ്പോൾ വലിയ സന്തോഷം. അങ്ങനെയൊരു ഫ്രണ്ടിനെ വേണമെന്നു എല്ലാവരും ആഗ്രഹിക്കുന്നു. പലരും അവരുടെ ഫ്രണ്ടിന്റെ പേര് മാറ്റി അമൽ ഡേവിസ് എന്നാക്കിയെന്നു മെസ്സേജുകൾ വരുന്നുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്. ഞാനിപ്പോൾ ജയ് ഗണേശ് എന്ന സിനിമയുടെ എഡിറ്റിംഗിലാണ്. ആക്ടിങ് നല്ലത് നോക്കി മാത്രമേ ചെയ്യുന്നുള്ളൂ.