
സ്വന്തമായി ഒരു വീട് എന്നത് ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. എന്നാല്‍ ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് വരെ പലരും വാടക വീടുകളിലാണ് താമസിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. ഇയാള്‍ പറയുന്നതനുസരിച്ച് വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതിലും ലാഭം ആഡംബര റിസോര്‍ട്ടില്‍ താമസിക്കുന്നതാണ് നല്ലത് എന്നാണ്. മാഞ്ചസ്റ്റര്‍ സ്വദേശിയായ ജോഷ് കെര്‍ എന്ന വ്യക്തിയാണ് തന്റെ വിചിത്ര നിരീക്ഷണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ജോഷ് കൃത്യമായ ചില കണക്കുകളും നിരത്തുണ്ട്.
സിറ്റി സെന്ററിലെ തന്റെ അപ്പാര്‍ട്ട്മെന്റിന് പ്രതിമാസം 99,073 രൂപ (950 പൗണ്ട്) വാടകയായി നല്‍കുന്നുണ്ടെന്നാണ് ജോഷ് കെര്‍ പറയുന്നത്. എന്നാല്‍, 28 ദിവസം താമസിച്ചതിന് താന്‍ തുര്‍ക്കിയിലെ ഒരു റിസോര്‍ട്ടിന് നല്‍കിയത് 97,821 രൂപ ( 938 പൗണ്ട്) ആണെന്നും ഇയാള്‍ പറയുന്നു. അതിനാല്‍ മാഞ്ചസ്റ്ററില്‍ ഒരു വീട് വാടയ്ക്ക് എടുത്ത് താമസിക്കുന്നതിനേക്കാള്‍ ലാഭകരമാണ് തുര്‍ക്കിയിലെ ആഡംബര റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നാണ് ജോഷ് കെറിന്റെ വാദം. സംഗതി എന്തായാലും ഓരോ ദിവസം കഴിയുന്തോറും ജോഷിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതേസമയം ബ്രിട്ടീഷ് കറന്‍സിയായ പൌണ്ടും തുര്‍ക്കി കറന്‍സിയായ തുര്‍ക്കിഷ് ലിറയും തമ്മിലുള്ള അന്തരം 38.61 ആണെന്നും ഇതോടൊപ്പം വായിക്കണം.
ബ്രിട്ടീഷ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സോഫ്റ്റ്വെയര്, ഡാറ്റ, ഇന്‍സൈറ്റ് കമ്പനിയായ സൂപ്ലയില്‍ നിന്നുള്ള സമീപകാല ഡാറ്റ സൂചിപ്പിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ ശരാശരി പ്രതിമാസ വാടക ഏകദേശം 1,21,285 രൂപയാണന്നാണ് ( £1,163 ആണ്). കൂടാതെ, അവിടെ താമസിക്കുന്നതിന് ഈ വര്‍ഷം ബാന്‍ഡ് എയില്‍ കൗണ്‍സില്‍ നികുതിയായി നല്‍കേണ്ടി വരുന്നത് 3,42,321 രൂപയാണന്നും കമ്പനി കണക്കുകള്‍ പറയുന്നു. കെട്ടിടങ്ങളുടെ വാടക വില ഉയര്‍ന്നതോടെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഏറ്റവും ജീവിത ചെലവേറിയ സ്ഥലമായി മാഞ്ചസ്റ്റര്‍ മാറിക്കഴിഞ്ഞു എന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.






