
ലോകമെമ്പാടും നിരവധി ആരാധകരുള്ള നടനും റെസ്ലിംഗ് താരവുമാണ് ജോൺ സിന. 'വേൾഡ് റെസ്ലിംഗ് എന്റർടെയിൻമെന്റ്,' എന്ന പരിപാടിയിലൂടെ പ്രശസ്തനായ ജോൺ നിരവധി ഹോളിവുഡ് ചിത്രങ്ങളിലൂടെയും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സിനിമയിലെ ഗാനം ആലപിക്കുന്ന ജോൺ സിനയുടെ വീഡിയോയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.
റെസ്ലിംഗ് താരം ഗുർവ് സിഹ്റയാണ് ജോൺ സിനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ്, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച 'ദിൽ തോ പാഗൽ ഹേ' എന്ന ചിത്രത്തിലെ ഗാനമാണ് ജോൺ ആലപിക്കുന്നത്. "ഇത് നിങ്ങൾക്കായാണ്, ഷാരൂഖ് ഖാൻ' എന്നു പറഞ്ഞുകൊണ്ട് ഗുർവ് സിഹ്റയാണ് ജോൺ സിനയ്ക്ക് പാട്ട് പഠിപ്പിച്ച് കൊടുക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ ഷാരൂഖും ജോൺ സിനയും ഒന്നിച്ചൊരു സിനിമ കാണണമെന്ന ആഗ്രഹം ആരാധകർ പ്രകടിപ്പിച്ചു. നിരവധി ആരാധകരാണ് ഇരുവരും ഒന്നിക്കണമെന്ന് പോസ്റ്റിൽ കമന്റു ചെയ്തത്.
രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണെങ്കിലും, ഷാരൂഖ് ഖാൻ ഇതുവരെ ക്രോസ്ഓവർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. അടുത്തിടെ എന്തുകൊണ്ടാണ് താൻ ഇതുവരെ ഒരു ക്രോസ്ഓവർ സിനിമ ചെയ്യാത്തതെന്ന്, ലോക സർക്കാർ ഉച്ചകോടിയിൽ ഷാരൂഖ് പറഞ്ഞിരുന്നു.






