
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ ആള്‍ട്ടോ K10-ന്റെ വില പരിഷ്കരിച്ചു. അടുത്തിടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്ന മാരുതി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയാണ് കുറച്ചത്. ആള്‍ട്ടോ K10 ഓട്ടോമാറ്റിക് അതായത് AGS (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) വേരിയന്റുകളുടെ വിലയാണ് 5000 രൂപ കുറഞ്ഞിരിക്കുന്നത്.
ഹാച്ച്ബാക്കിന്റെ VXi AGS, VXi+ AGS വേരിയന്റുകള്‍ക്ക് ഇനി 5,000 രൂപ കുറച്ച് മുടക്കിയാല്‍ മതി.
പരിഷ്കാരത്തിന് ശേഷം ആള്‍ട്ടോ K10 VXi AGS വേരിയന്റിന്റെ പുതിയ വില 5.56 ലക്ഷം രൂപയും VXi+ AGS-ന്റെ വില 5.85 ലക്ഷം രൂപയുമായി. മാരുതി ആള്‍ട്ടോ K10-ന്റെ മറ്റ് വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. 3.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയില്‍ കാര്‍ തുടര്‍ന്നും ലഭ്യമാകും. ടോപ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കുക. പെട്രോളിനൊപ്പം ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വിപണിയില്‍ ഇറക്കുന്നുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്പീഡ് ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ വാങ്ങാനാകും.
കമ്പനിയുടെ അപ്ഡേറ്റ് ചെയ്ത ഹാര്‍ടക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ആള്‍ട്ടോ K10 കാര്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ തലമുറ K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന് ആണ് ഹാച്ചിന്റെ ഹൃദയം. ഈ എഞ്ചിന് 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്സ്മിഷന് ഓപ്ഷനില്‍ ഒന്ന് തെരഞ്ഞെടുക്കാം. സിഎന്‍ജി മോഡില്‍ 56 bhp പവറും 82.1 Nm ടോര്‍ക്കും മാത്രമേ നല്‍കുകയുള്ളൂ. ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്ററും മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്ററുമാണ് മൈലേജ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
കാറിന്റെ സിഎന്‍ജി വേരിയന്റിന്റെ കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോളുകള്, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നീ സവിശേഷതകള്‍ മാരുതി സുസുക്കി ആള്‍ട്ടോ K10-ന് ലഭിക്കുന്നു. 214 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്പേസും കാറില്‍ ഉള്‍പ്പെടുന്നു. ഈ മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്ക് സുരക്ഷയുടെ കാര്യത്തില്‍ മികച്ചതാണ്. ഈ ഹാച്ച്ബാക്കിന് ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയ്ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, ഹൈ സ്പീഡ് അലര്‍ട്ട് എന്നീ സവിശേഷതകള്‍ കാറില്‍ ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം ആള്‍ട്ടോ K10ന് പ്രീ ടെന്‍ഷനറും ഫോഴ്സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെല്‍റ്റും ലഭിക്കും. സുരക്ഷിതമായ പാര്‍ക്കിംഗിനായി റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളുമുണ്ട്.






