
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം റിലീസിന് പിന്നാലെ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രോമാഞ്ചം എന്ന സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ.
'എന്റെ പൊന്നോ എന്തൊരു പടമെടേയ്... ചിദംബരം പൊളിച്ചു മാൻ. സുഷിൻ ശ്യാം, ഷൈജു ഖാലിദ്... മലയാള സിനിമേടെ പരുവാടി മാറ്റി,' എന്നാണ് ജിത്തു മാധവൻ കുറിച്ചത്. സൗബിൻ ഷാഹിർ, ബാലു വർഗീസ് തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. അജയൻ ചാലിശ്ശേരിയാണ് ചിത്രത്തിന്റെ കലാസംവിധായകൻ.






