കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. മധുരയിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒളിത്താവളമൊരുക്കിയ അപ്സര എന്ന യുവതിയും പിടിയിലായിട്ടുണ്ട്. ഒരുമാസം മുന്‍പാണ് ഇയാള്‍ ജയില്‍ ചാടിയത്.
ലഹരികേസില്‍ ശിക്ഷിക്കപ്പെട്ട ഹര്‍ഷാദ് രാവിലെ പത്രക്കെട്ട് എടുക്കാന്‍ ഗേറ്റില്‍ എത്തിയ ശേഷമാണ് രക്ഷപ്പെട്ടത്. 2023ല്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട ഹര്‍ഷാദിനെ ഒരു വര്‍ഷം പോലും ശിക്ഷ പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണ് ഈ ജോലി ജയില്‍ അധികൃതര്‍ ഏല്പിച്ചത്. സ്ഥിരമായി പത്രക്കെട്ട് എടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് ലഹരിസംഘങ്ങളുടെ സഹായത്തോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന.
ജയിലിന്റെ ഗേറ്റില്‍ നിന്ന് അധികം അകലെയല്ല. ദേശീയപാത. ജയിലിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കയറി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
റിസ്വാന് എന്നയാളാണ് ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെയും പ്രതിചേര്‍ക്കും.






