
ജർമ്മനിയിലെ കോടീശ്വരനാണ് ഹെയ്ൻസ് ബി. ഏഴ് വീടുകളും രണ്ട് അപാർട്മെന്റുകളും അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. 80 വയസുകാരനായ അദ്ദേഹത്തിന്റെ ചില ജീവിതരീതികൾ പക്ഷേ ആരേയും അമ്പരപ്പിക്കുന്നതാണ്.
ഇത്രയേറെ സമ്പത്തുണ്ടായിട്ടും ഹെയ്ൻ തന്റെ ഭക്ഷണവും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും കണ്ടെത്തുന്നത് സമീപത്തെ ചവറ്റുകുട്ടകളിൽ നിന്നാണ്. ഇത് ചെലവ് ലാഭിക്കാനുള്ള മികച്ച വഴിയാണ് ഹെയ്ൻ കാണുന്നത്. അതുപോലെ അക്കൗണ്ടിൽ 1500 -ൽ രൂപയില്‍ താഴെ മാത്രമാണ് അദ്ദേഹം നിലനിർത്തിയിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഡാർംസ്റ്റാഡിൽ നിന്നുള്ളയാളാണ് ഹെയ്ൻസ് ബി. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സീനിയർ ഓഫീസറായി വിരമിച്ച ആളാണ് അദ്ദേഹം. മാസം മൂന്ന് ലക്ഷം രൂപ പെൻഷൻ ഇനത്തിൽ തന്നെ ഹെയ്ൻസിന് കിട്ടും. വളരെ ചുരുക്കം ചില കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. അതിൽ ഇന്റർനെറ്റ് കണക്ഷനും ലാപ്ടോപ്പും അത്യാവശ്യമായതിനാലാണ് അവ തന്നെ താനുപയോഗിക്കുന്നത് എന്നാണ് ഹെയ്ൻസ് പറയുന്നത്. മാസം നാല് യൂറോ മാത്രമാണ് താൻ ചെലവഴിക്കുന്നത്, മിതമായി ജീവിക്കുക എന്നതാണ് തന്റെ രീതി. ചെറുപ്പകാലം മുതൽ തന്നെ താൻ അങ്ങനെയാണ് ജീവിച്ച് ശീലിച്ചത് എന്നും ഹെയ്ൻസ് പറയുന്നു. ഒരു കുടുംബത്തിന് കഴിക്കാനുള്ള ഭക്ഷണം വരെ ആളുകൾ പാഴാക്കി കളയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണസാധനങ്ങൾ പാഴാക്കി കളയാനുള്ളതല്ല, അതിനാലാണ് താൻ അവ ഉപയോഗപ്പെടുത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.






