
മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. മോഹന്‍ലാല്‍ നായകനായെത്തിയ ‘ഉദയനാണ് താരം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ശേഷം നിരവധി ചിത്രങ്ങള്‍ റോഷന് ആന്‍ഡ്രൂസ് മലയാളത്തിന് സമ്മാനിച്ചു.
പ്രേക്ഷകരുടെ പ്രിയ നടി മഞ്ജുവാര്യരുടെ തിരിച്ചുവരവും ‘ഹൗ ഓള്‍ഡ് ആര് യു ’എന്ന റോഷന് ആന്‍ഡ്രുസ് ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ റീമേക്കായ ‘36 വയതിനിലേ ’എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴിലും അരങ്ങേറ്റം കുറിച്ചു.
ഇപ്പോഴിതാ മോളിവുഡും കോളിവുഡും ഒക്കെ വിട്ട് ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് റോഷന് ആന്‍ഡ്രൂസ്.‘ ദേവ ’എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍ ആണ് നായകനായി എത്തുന്നത്. ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഷാഹിദിന് പിറന്നാളാശംസിച്ച് റോഷന് ആന്‍ഡ്രൂസ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രമായ ദേവിന്റെ ഷൂട്ടിങ്ങിനിടയിലുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് റോഷന് ഷാഹിദിന് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട സഹോദരന് ഷാഹിദ് കപൂറിന് പിറന്നാള്‍ ആശംസകള്‍. നിങ്ങളുടെ സംഭാഷണങ്ങള്‍ക്കും ചിരികള്‍ക്കും നന്ദി. ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് നിങ്ങള്‍, നിങ്ങളെ എന്റെ ദേവനായി അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട് ഒരുപാട് സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞാന്‍ നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം ആശംസിക്കുന്നു- ചിത്രങ്ങള്‍ പങ്കുവെച്ച് റോഷന് ആന്‍ഡ്രൂസ് കുറിച്ചു.
സീ സ്റ്റുഡിയോയുമായി ചേര്‍ന്ന് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. അനിമല്‍ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ. പൂജ ഹെഗ്ഡേ , പാവല്‍ ഗുലാത്തി, പര്‍വേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.






