
മലയാളത്തിലും അതേ സമയം തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ താരങ്ങള്‍ അപൂര്‍വ്വമാണ്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന പേരാണ് മീനയുടേത്. ചെറിയ പ്രായത്തില്‍ തന്നെ അതായത് 20-22 വയസ്സില്‍ തന്നെ കരിയറിന്റെ പീക്ക് കണ്ട നടിയാണ് മീന. ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അവരുടെ ജോഡിയായി അഭിനയിച്ച ഏക നായികയാണ് മീന. വളരെ സിംപിളായിട്ടുള്ള താരം പല യുവ നായികമാര്‍ക്ക് ശരിക്കും ഒരു മാതൃകയാണ്.
മീന കുറെക്കാലത്തിന് ശേഷം മലയാള സിനിമയില്‍ വീണ്ടും നായികയാകുകയാണ്. ആനന്ദപുരം ഡയറീസ് എന്ന പേരില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ താരം കേരളത്തിലുടനീളം എത്തിയിരുന്നു. പല വേദികളും പ്രത്യക്ഷപ്പെട്ട താരം തന്റെ സിനിമയെക്കുറിച്ചും സിനിമാ കരിയറിനെക്കുറിച്ചും സംസാരിച്ചു. അക്കൂട്ടത്തില്‍ മലയാളത്തില്‍ മാത്രമാണ് സാര്‍ എന്ന വിളിയില്ലാത്തതെന്നും ആദ്യം തനിക്കത് കംഫര്‍ട്ടായിരുന്നില്ല എന്നും പറയുകയാണ് മീന.
‘‘തമിഴിലും തെലുങ്കിലുമെല്ലാം എല്ലാവരെയും സാര്‍ എന്നാണ് വിളിക്കുന്നത്. പക്ഷേ മലയാളത്തില്‍ മാത്രമാണ് അങ്ങനെയൊരു ചേട്ടാ വിളി. ലാലേട്ടനും മമ്മൂക്കയും എന്ന വിളി. അവരെന്നെ നിര്‍ബന്ധിച്ചു, സാര്‍ എന്ന് വിളിക്കരുത് എന്ന് പറഞ്ഞു. മമ്മൂക്ക എന്ന് വിളിക്കൂ, ലാലേട്ടാ എന്ന് വിളിക്കൂ. എല്ലാവരും അങ്ങനെയാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ആദ്യമൊക്കെ എനിക്കതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു.
ഞാനങ്ങനെ സീനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചു പരിചയച്ചിട്ടില്ല. എനിക്കത് ആദ്യം കംഫര്‍ട്ടായിരുന്നില്ല. ആദ്യമൊക്കെ സംസാരിക്കുന്നതിനിടയില്‍ സാര്‍ എന്ന് വരുമായിരുന്നു, അപ്പോഴൊക്കെ അവര്‍ രണ്ടാളും സാര്‍ അല്ല, അങ്ങനെ വിളിക്കേണ്ട എന്നു പറയും. അയ്യോ സോറി സോറി മമ്മൂക്ക, സോറി സോറി ലാലേട്ടാ എന്നവരോട് പറഞ്ഞിട്ടുണ്ട്. പതിയെപ്പതിയെയാണ് അത് ശീലമായി മാറിയത്...’’ മീന പറയുന്നു.
അവർ എന്നെ അതിന് നിർബന്ധിച്ചു #actressmeena #meenainterview
Posted by Kaumudy Movies on Monday, 26 February 2024
നാല് ഭാഷകളില്‍ സൂപ്പര്‍താരമായി ഒരുപോലെ അഭിനയിച്ചിട്ടുള്ള മീന മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പം ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുന്ന മീനയുടെ മകള്‍ നൈനികയും ബാലതാരമായി പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുണ്ട്. മീനയ്ക്ക് തന്റെ കരിയറില്‍ ഏറ്റവുമധികം പിന്തുണ കൊടുത്തിട്ടുള്ളത് ഭര്‍ത്താവ് വിദ്യാസാഗറായിരുന്നു. കഴിഞ്ഞ വര്‍ഷം വിദ്യാസാഗര്‍ മരിച്ചതും ഏവരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പിന്നീട് താരത്തെ തിരികെ ജീവിതത്തിലേക്കും സന്തോഷത്തിലേക്കും കൊണ്ടുവരുന്നതില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഏറെ സഹായിച്ചിട്ടുണ്ടെന്ന് മീന തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. താരം പുനര്വിാഹത്തിന് ഒരുങ്ങുന്നു എന്നതടക്കം പല കമന്റുകളും പിന്നീട് കേട്ടിരുന്നു. എന്നാല്‍ എതിര്‍പ്പുകളും വിമര്‍ശനവും വകവെക്കാതെ അഭിനയത്തില്‍ സജീവമാവുകയാണ് മീനയിപ്പോള്‍.






