
പ്രണയജീവിത്തില്‍ ചതിക്കപെട്ടുപ്പോകുന്ന നിരവധി ആളുകളുണ്ട് ഈ സമൂഹത്തില്‍. പ്രണയം തകരുന്നതിനെക്കാള്‍ വേദനാജനകമാണ് ഈ അവസ്ഥ.
തന്റെ കാമുകന് അല്ലെങ്കില്‍ കാമുകിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട് എന്നറിയുമ്പോള്‍ പലരും തകര്‍ന്നുപോകും. എന്നാല്‍ എല്ലാവരും ഒരേ തരത്തിയിരിക്കില്ല ഈ സാഹചര്യത്തോട് പ്രതികരിക്കുന്നത്. ചിലര്‍ മോശവും ക്രൂരവുമായ വഴികള്‍ സ്വീകരിക്കും. എന്നാല്‍, കാര്യങ്ങള്‍ പറഞ്ഞ് അവരുടെ ജീവിതത്തില്‍ നിന്നും മാന്യമായി ഇറങ്ങി വരുന്നവരും ഉണ്ട്. ഏതായാലും, ഒരു യുവതി തന്നെ ചതിച്ച തന്റെ പ്രതിശ്രുതവരനോട് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കയ്യടി ഏറ്റുവാങ്ങുന്നത്.
ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആള് തന്നെ ചതിച്ചു എന്നും എന്നാല്‍, അതിന് താന്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പകരം ചോദിച്ചു എന്നും യുവതി തുറന്നു പറഞ്ഞത്. പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് യുവതി തിരിച്ചറിയുകയായിരുന്നു. എന്നാല്‍, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തില്‍ അയാളെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനോ ജാമി എന്ന യുവതി തയ്യാറായില്ല. പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് യുവതി ചെയ്തത്.
തന്നെ ചതിച്ച കാര്യം തിരിച്ചറിഞ്ഞ യുവതി അധികം വൈകാതെ പ്രതിശ്രുതവരനൊപ്പം താമസിച്ചിരുന്ന അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി. ഇറങ്ങും മുമ്പ് ഫ്രോസണ്‍ ചെയ്ത മീന്‍ വീടിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് അവള് ചെയ്തത്. പിന്നീട് എന്തുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അയാള്‍ വീട്ടില്‍ കയറുമ്പോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാല്‍, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും പറ്റില്ല. യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. യുവതി ചെയ്തത് പൊളിച്ചു എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. ചതിക്കുന്നവരോട് ഇങ്ങനെയൊക്കെ വേണം ചെയ്യാന്‍ എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.






