
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതര്‍ സ്ഥലത്ത് എത്താതെ മരിച്ച കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
മെഡിക്കല്‍ കോളേജില്‍ ഉടൻ കളക്ടര്‍ എത്തണം, കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
വനംവകുപ്പ് രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. കര്ഷകൻ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.






