
തിയേറ്ററുകളിൽ വലിയ രീതിയിൽ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ഷൂട്ടിൽ നിന്നുള്ളതാണ് ഈ വീഡിയോ. മമ്മൂട്ടി ദേഷ്യത്തോടെ തകർപ്പൻ ഡയലോഗ് പറയുന്നതാണ് വീഡിയോയിൽ കാണാനാവുക. ആ ദേഷ്യവും ഡയലോഗുമൊക്കെ കേട്ട് ക്യാമറാമാൻ ഒന്നു വിരണ്ടു. അതുകണ്ട്. സഹതാരമായ റോണി ഉറക്കെ ചിരിക്കുന്നതും വീഡിയോയിൽ കാണാം. 'പേടിച്ചോ... സുമ്മാ നടിപ്പ് താൻ' എന്ന് പതറിയ ക്യാമറാമാനെ മമ്മൂട്ടി ആശ്വസിപ്പിക്കുന്നതും കാണാം.
മമ്മൂട്ടിയെ കൂടാതെ റോണി ഡേവിഡ് രാജ് , അസീസ് നെടുമങ്ങാട് , ശബരീഷ് വർമ്മ , കിഷോർ , വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതിയനിയമം , ദി ഗ്രേറ്റ് ഫാദർ , ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രഹൻ റോബി വർഗീസ് രാജിന്റെ സംവിധാനത്തിലേയ്ക്കുള്ള ആദ്യ ചുവടു വയ്പ്പ് കൂടിയായിരുന്നു 'കണ്ണൂർ സ്ക്വാഡ്'.
റിയൽ ലൈഫ് സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രം കണ്ണൂരിലെ ഒരുസംഘം പോലീസുകാരുടെ ജീവിതാനുഭവമാണ് പറഞ്ഞത്. റോബി വർഗീസിന്റെ സഹോദരന് റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ.






