
ഈ ലോകത്തില്‍ മാതാപിതാക്കളുടെ സ്നേഹത്തിനും സംരക്ഷണത്തിനും പകരമായി മറ്റൊന്നുമില്ല എന്നാണ് വിശ്വാസം. കാരണം സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ അവരോളം മറ്റാര്‍ക്കും കഴിയില്ല. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മറ്റ് ജീവജാലങ്ങള്‍ക്കിടയിലും ഈ സ്നേഹം പ്രകടമാണ്. മക്കള്‍ക്ക് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമം ഇവയും നടത്താറുണ്ട്.
അത്തരത്തില്‍ ഒരു ചെറുത്തുനില്‍പ്പിന്റെയും സംരക്ഷണ വലയം തീര്‍ക്കുന്നതിന്റെയും കൗതുകകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി.
@travelexportprotect എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ തങ്ങളുടെ കൂട്ടില്‍ കയറി മുട്ട മോഷ്ടിക്കാന്‍ ശ്രമം നടത്തുന്ന ഒരു പാമ്പിനെ നാല് കിളികള്‍ ചേര്‍ന്ന് കൊത്തി ഓടിക്കുന്നതാണ് കാണുന്നത്. ബൂംസ്ലാംഗ് ഇനത്തില്‍പ്പെട്ട ഒരു പാമ്പാണ് ഈ വീഡിയോയിലെ വില്ലന്‍. അത് കിളിക്കൂടുകള്‍ തൂങ്ങിക്കിടക്കുന്ന ഒരു മരത്തിന്റെ ശിഖരത്തിലൂടെ കൂടുകള്‍ ലക്ഷ്യമാക്കി ഇഴഞ്ഞു വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കിളിക്കൂടുകള്‍ക്ക് സമീപത്തായി ശത്രുവിനെ നിരീക്ഷിച്ച് ഏതാനും കിളികളും പറക്കുന്നത് കാണം. കൂടിനരികിലെത്തിയ പാമ്പ് ഒട്ടും അമാന്തിക്കാതെ അതിനുള്ളിലേക്ക് തലയിട്ടു.
പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. പാമ്പിനെ തുരത്തിയോടിച്ച് തങ്ങളുടെ മുട്ടകള്‍ സംരക്ഷിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ കിളികള്‍ ഒറ്റക്കെട്ടായി. അവ പാമ്പിനെ പറന്നു നടന്ന് തലങ്ങും വിലങ്ങും കൊത്തി. ആദ്യം പാമ്പ് അത് അത്ര കാര്യമാക്കിയില്ല എന്നു മാത്രമല്ല ഒരു കൂസലുമില്ലാതെ മുട്ട മോഷണം തുടരുകയും ചെയ്യുന്നു. പക്ഷേ, അധികം വൈകാതെ കളിമാറി, കളികളുടെ ആക്രമണം സഹിക്കവയ്യാതെ ആശാന് ജീവനും കൊണ്ട് രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. പലരും പക്ഷികളുടെ പോരട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.






