
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ പലതും കാണികളില്‍ കൗതുകവും അമ്പരപ്പും സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ മനം കവരുന്നത്. ഒരു റഷ്യന്‍ യുവതി ഇന്ത്യയിലെ ഒരു തെരുവോരത്ത് ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കുന്ന വീഡിയോയാണ് ഇത്. മേരി എന്നാണ് യുവതിയുടെ പേര്. തിളങ്ങുന്ന പച്ചനിറത്തിലുള്ള ഡ്രസ്സ് ധരിച്ച് അതീവ സുന്ദരിയായിട്ട് നിന്നാണ് മേരി പച്ചക്കറി വില്‍ക്കുന്നത്. വീഡിയോ കണ്ട് പലരും അമ്പരന്നിരിക്കുകയാണ്.
@mariechug എന്ന തന്റെ ഔദ്യോഗിക അക്കൗണ്ട് വഴി മേരി തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തെരുവോരത്ത് ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കുന്ന ഒരു യുവാവിനെ സമീപിക്കുകയാണ് മേരി. ആദ്യം നമസ്തേ ഭയ്യ എന്ന് പറഞ്ഞാണ് യുവതി ഇയാളെ സമീപിക്കുന്നത്. പിന്നീട് തന്നെ പച്ചക്കറി വില്ക്കാന് പഠിപ്പിക്കുമോ എന്നും ചോദിക്കുന്നുണ്ട്. പഠിപ്പിക്കാം എന്ന് യുവാവ് സമ്മതിക്കുന്നു. പിന്നെ കാണുന്നത് യുവതി പച്ചക്കറി വില്‍ക്കുന്നതാണ്. അവളെ യുവാവ് കച്ചവടത്തിന്റെ ചില സൂത്രങ്ങളും പഠിപ്പിക്കുന്നുണ്ട്. 'ആലൂ ലേലോ' (ഉരുളക്കിഴങ്ങ് എടുക്കൂ) എന്നൊക്കെ യുവതി വിളിച്ച് പറയുന്നത് കേള്‍ക്കാം.
മേരിയുടെ ഈ പച്ചക്കറി വില്പന അതുവഴി പോകുന്നവരെയെല്ലാം ആകര്‍ഷിക്കുന്നുണ്ട്. വഴിയാത്രക്കാരും സമീപത്തെ മറ്റ് കച്ചവടക്കാരും ഒക്കെ അവളെ നോക്കുന്നതും കാണാം. മാത്രമല്ല, ചിലരൊക്കെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നുണ്ട്. വരുന്നവരോട് അവള് പേരൊക്കെ ചോദിക്കുന്നുണ്ട്.
വീഡിയോയില്‍ അവള് ഇന്ത്യക്കാരുടെ വിലപേശല്‍ സ്വഭാവത്തെ കുറിച്ചും പറയുന്നുണ്ട്. ഇന്ത്യയില്‍ വില പേശുക എന്നത് ഒരു ജീവിതരീതിയാണ്. കച്ചവടം നടത്തുമ്പോള്‍ പലരും വിലപേശാന്‍ വരും എന്നാണ് മേരി പറയുന്നത്. എന്നാല്‍, തന്റെയടുത്ത് അതൊന്നും നടക്കില്ല. വിലപേശല്‍ ഗെയിമില്‍ താനൊരു മാസ്റ്ററാണ് എന്നും അവള് പറയുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് മേരിയുടെ തെരുവോരത്തെ പച്ചക്കറി വില്പന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നെറ്റിസണ്‍സിന് അവള് ഇന്ത്യയിലെ ഭാഷ സംസാരിക്കാന്‍ ശ്രമിക്കുന്ന രീതിയും അവളുടെ പെരുമാറ്റവുമൊക്കെ വളരെ അധികം ഇഷ്ടമായി.






