
ആലപ്പുഴ: കഴിഞ്ഞതവണ കേരളത്തില് യു.ഡി.എഫിനു െകെവിട്ടുപോയ ഏകസീറ്റ് തിരിച്ചുപിടിക്കാന് ''കിടിലന്'' സ്ഥാനാര്ഥി വരുമെന്ന് സമരാഗ്നി ജാഥയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആലപ്പുഴയില് പറഞ്ഞിരുന്നു. എ.ഐ.സി.സി. ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്തന്നെ ഒടുവില് നേരിട്ടിറങ്ങിയതോടെ ആലപ്പുഴ മുന്നണികളുടെ കിടിലന് പോരാട്ടവേദിയായി. എല്.ഡി.എഫില്നിന്ന് സിറ്റിങ് എം.പി: എ.എം. ആരിഫിനും എന്.ഡി.എയില്നിന്ന് ബി.ജെ.പി. സംസ്ഥാന െവെസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും പിന്നാലെ കെ.സി. കൂടി എത്തുമ്പോള് മണ്ഡലം ദേശീയ തലത്തില്ത്തന്നെ ശ്രദ്ധയാകര്ഷിക്കുകയാണ്.
കണ്ണൂര് പയ്യന്നൂര് സ്വദേശിയായ വേണുഗോപാല് ആലപ്പുഴയില്നിന്ന് 2009 ലും 2014 ലും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറിയായതിനാല് 2019 ല് മത്സരരംഗത്തുണ്ടായിരുന്നില്ല.
യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പായിരുന്നു 2019 ലേത്. എന്നാല് 19 സീറ്റും പിടിച്ചെടുത്തപ്പോഴും െകെവശമുണ്ടായിരുന്ന ആലപ്പുഴ അവര്ക്കു നഷ്ടമായി. ഈ സാഹചര്യത്തിലാണ് സംഘടനാത്തിരക്കുണ്ടെങ്കിലും ആലപ്പുഴയില് വേണുഗോപാലിനെത്തന്നെ ഇറക്കാന് ഇത്തവണ കോണ്ഗ്രസ് െഹെക്കമാന്ഡ് പച്ചക്കൊടി കാട്ടിയത്. ആലപ്പുഴയില് മത്സരിക്കാനുള്ള സന്നദ്ധത നേരത്തെതന്നെ അദ്ദേഹം അറിയിച്ചിരുന്നു. വേണുഗോപാല് സ്ഥാനാര്ഥിയായേക്കുമെന്ന് ഫെബ്രുവരി 21ന് മംഗളം റിപ്പോര്ട്ട് ചെയ്തിരുന്നെങ്കിലും കോണ്ഗ്രസിന്റെ പ്രഖ്യാപനം നീണ്ടുപോയി.
സ്ഥാനാര്ഥിപ്പട്ടിക പുറത്തുവരുംമുമ്പ് വേണുഗോപാലിനായി പ്രവര്ത്തകര് പ്രചാരണവും തുടങ്ങിയിരുന്നു. ചുവരെഴുതിയും പോസ്റ്ററുകള് പതിച്ചുമുള്ള പ്രചാരണമാണ് അനൗദ്യോഗികമായി ആരംഭിച്ചത്.2019 ല് 10474 വോട്ടുകള്ക്കാണ് സി.പി.എമ്മിലെ എ.എം. ആരിഫ് കോണ്ഗ്രസ് സ്ഥാനാര്ഥി ഷാനിമോള് ഉസ്മാനെ കീഴടക്കിയത്. ആരിഫ് 445970 വോട്ടുകളും ഷാനിമോള് ഉസ്മാന് 435496 വോട്ടുകളും നേടി. ശബരിമല വിവാദം കത്തിനിന്ന തെരഞ്ഞെടുപ്പില് എന്.ഡി.എയില്നിന്ന് ബി.ജെ.പി സ്ഥാനാര്ഥി കെ.എസ്. രാധാകൃഷ്ണന് 187729 വോട്ടുകള് സ്വന്തമാക്കി. ഇതുകൂടി കണക്കിലെടുത്താണ് ബി.ജെ.പി. ഇത്തവണ ശോഭാ സുരേന്ദ്രനെ പരീക്ഷിക്കുന്നത്.
33-ാം വയസില് ആലപ്പുഴയില്നിന്ന് നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച വ്യക്തിത്വമാണ് കെ.സി. വേണുഗോപാലിന്റേത്. തുടര്ന്നും രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില് അദ്ദേഹം മികച്ച വിജയം നേടി. അതിനിടെ മന്ത്രിയാകുകയും ചെയ്തു. 2009 ല് ലോക്സഭയിലേക്കു മത്സരിച്ചപ്പോഴും മണ്ഡലം ആലപ്പുഴയായിരുന്നു. ജയിച്ച് കേന്ദ്ര സഹമന്ത്രിയായി. 2014 ലും വിജയം ആവര്ത്തിച്ചു.
ആലപ്പുഴ ജില്ലയില് മൂന്നു പതിറ്റാണ്ടോളമായുള്ള കെ.സിയുടെ വ്യക്തിബന്ധങ്ങളും സാമുദായിക നേതൃത്വങ്ങളുമായുള്ള അടുപ്പവും വോട്ടായി മാറുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്. അതേസമയം തെരഞ്ഞെടുപ്പുപരാജയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ആരിഫിലൂടെ സീറ്റ് നിലനിര്ത്താന് എല്.ഡി.എഫും രംഗത്തുണ്ട്. കൂടാതെ, മത്സരിച്ച ഇടങ്ങളിലെല്ലാം ഭൂരിപക്ഷം വര്ധിപ്പിച്ചിട്ടുള്ള ശോഭാ സുരേന്ദ്രനിലൂടെ എന്.ഡി.എയും കരുക്കള് നീക്കുമ്പോള് പോരാട്ടം കടുക്കുമെന്നുറപ്പ്.







Comments