
സൗഹൃദത്തിന്റെ ചൂടും ചൂരും തിരിച്ചറിയുന്ന സർവൈവൽ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന മഞ്ഞുമ്മല്‍ ബോയ്സ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. സംവിധായകൻ ചിദംബരം ഒരു യഥാർഥ സംഭവത്തെ അതിഗംഭീരമായി സിനിമയിലേക്ക് പകർത്തിവച്ച് വെള്ളിത്തിരയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച മഞ്ഞുമ്മല്‍ ബോയ്സിന് കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ വളരെ കുറവ് സ്ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ, കഴിഞ്ഞ ദിവസങ്ങളില്‍ 25 കോടിയിലധികം രൂപ തമിഴ്നാട്ടില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
എല്ലാ കോണുകളിലും നിന്നും മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിക്കുമ്പോള്‍ ഇപ്പോഴിതാ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്ന. താരത്തിന്റെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേല്‍ കണ്ടതിന് ശേഷം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങവേയായിരുന്നു മേഘ്ന മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പ്രതികരിച്ചത്. ‘‘ഞാന്‍ ഒരു മലയാളിയാണ്. ഞാന്‍ മനസിലാക്കിയിടത്തോളം കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്നാട്ടില്‍ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ സിനിമ കണ്ടതാണ്. വലിയ തൃപ്തി ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല...’’ താരം പറഞ്ഞു.
താരമിത് പറയുന്ന സമയത്ത് അരിമാപ്പട്ടി ശക്തിവേല്‍ എന്ന സിനിമയുടെ സംവിധായകനും മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നു. താരം സിനിമയ്ക്കെതിരെ പ്രതികരിച്ചപ്പോള്‍ സിനിമ ഇമോഷണലി കണക്ട് ആയതായി സംവിധായകന് പറഞ്ഞു. ഇതിനെ നിരവധിപേര്‍ പ്രശംസിക്കുന്നുണ്ട്. എന്നാല്‍
ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി മലയാളികള്‍ മേഘ്നക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘സ്വന്തം പടത്തിന് ആള് കയറാതത്തുകൊണ്ട് ഹിറ്റ് ആയി ഓടുന്ന മലയാളം പടത്തിന് കുറ്റം പറയുന്ന ചേച്ചി...ഇവൾ കണ്ട കേരളം അല്ലാ അപ്പൊ ഒറിജിനൽ കേരളം അവള്ടെ ഒരു മഞ്ജുമ്മൽ..’ എന്നതടക്കമാണ് കമന്റുകള്‍.






