
ലോകത്തില്‍ എല്ലായിടത്തും ജീവിതച്ചെലവ് വലിയ തോതില്‍ വര്‍ദ്ധിച്ചുവരുകയാണ്. സ്വന്തമായി വീടുള്ളവര്‍ക്ക് ആ കാര്യത്തില്‍ എങ്കിലും ആശ്വസിക്കാന്‍ കഴിയുമെങ്കിലും വാടക വീട്ടില്‍ താമസിക്കുന്നവരുടെ അവസ്ഥ അതിലും പരിതാപകരമാണ്. വാടക കുത്തനെ ഉയര്‍ന്നത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഒരു സൗകര്യം പോലും ഇല്ലാതിരുന്നിട്ടും ലക്ഷകണക്കിന് വാടക ഈടാക്കുന്ന നിരവധി വീടുകളും അപ്പാര്‍ട്ടുമെന്റുകളും ഉണ്ട്. ഇത്തരത്തിലൊരു അപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ന്യൂയോര്‍ക്കിലാണ് ഈ അപ്പാര്‍ട്ട്മെന്റ് ഉള്ളത്. ആ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിന് രണ്ട് ലക്ഷം രൂപയാണ് വാടക എന്ന് കേട്ടാല്‍ ആരും കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു പോകും. രണ്ട് ലക്ഷം രൂപയോ എന്ന്. കാരണം അപ്പാര്‍ട്ട്മെന്റില്‍ ഒന്നും തന്നെയില്ല. മാത്രമല്ല വൃത്തിപോലും ഇല്ല. റിയര്‍ എസ്റ്റേറ്റ ഏജന്റായ ഡേവിഡ് ഒക്കോച്ചയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
വീഡിയോയില്‍ കാണിച്ചിരിക്കുന്ന അപാര്ട്മെന്റിന്റെ ഡിസൈന്‍ പോലും വളരെ ദയനീയാവസ്ഥയിലാണ് ഉള്ളത്. മാത്രമോ? അതിനകത്ത് ഒരു ചെറുതായി മറച്ചിരിക്കുന്ന സ്ഥലം യുവാവ് കാണിച്ചു തരുന്നത് കാണാം. ഇതെന്താണ് എന്ന് ഊഹിക്കാനാവുമോ എന്നും ചോദിക്കുന്നുണ്ട്. അത് തുറന്ന് കാണിക്കുമ്പോഴാണ് അത് കുളിമുറിയാണ് എന്ന് മനസിലാവുക. അതിന്റെ തൊട്ടടുത്താണ് അടുക്കള എന്നും യുവാവ് പറയുന്നുണ്ട്.
ടോയ്ലെറ്റിലാവട്ടെ വെളിച്ചമോ കാറ്റ് കയറാനുള്ള സംവിധാനമോ ഒന്നും ഇല്ല. ഇതാണ് താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശമായ ഒരു അപാര്‍ട്മെന്റ് ഡിസൈന്‍ എന്നാണ് യുവാവ് പറയുന്നത്. ഈ അപാര്‍ട്മെന്റിന് വാടക രണ്ട് ലക്ഷം രൂപയാണ് എന്നത് നെറ്റിസണ്‍സിനെയും ഞെട്ടിച്ചു. ന്യൂയോര്‍ക്കില്‍ വീട് കിട്ടാന്‍ എത്ര പ്രയാസമാണ് എന്നതിന്റെ തെളിവാണ് ഈ വാടക എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ന്യൂയോര്‍ക്കില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി.






