‘‘കണ്ണീര്പ്പുത്രിയല്ല, എല്ലാം പോസിറ്റീവായി ബോള്‍ഡായി നേരിടുന്ന ഇന്നിന്റെ പെണ്‍പ്രതീകമാണ് ഗീതാഞ്ജലി...’’ മനസ്സ് തുറന്ന് ബിന്നി നൂബിന്
‘‘കണ്ണീര്പ്പുത്രിയല്ല, എല്ലാം പോസിറ്റീവായി ബോള്‍ഡായി നേരിടുന്ന ഇന്നിന്റെ പെണ്‍പ്രതീകമാണ് ഗീതാഞ്ജലി...’’ മനസ്സ് തുറന്ന് ബിന്നി നൂബിന്
Authored by ലക്ഷ്മി ബിനീഷ് | Last updated: 13 Mar 2024, 2:09 AM | 8 min read
കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ മുന്‍പന്തിയിലാണ് ഗീതാഗോവിന്ദം. അല്‍പ്പം കുറുമ്പു കാട്ടി, മനസ്സിലുള്ളത തുറന്നു പറയാന്‍ മടി കാണിക്കാത്ത, പോസിറ്റീവായി എല്ലാത്തിനെയും നേരിടുന്ന ഗീതുവിനെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. തന്റെ അരങ്ങേറ്റ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന ബിന്നിയാണ് ഗീതുവായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തന്റെ അഭിനയ യാത്രയെക്കുറിച്ച് മനസ്സു തുറക്കുകയാണ് ബിന്നി...
Binny Noobin
ഒരു കാലത്ത് കണ്ണീര്പ്പരമ്പരകളാണ് പ്രേക്ഷകരുടെ മനസ്സ് കവര്ന്നിരുന്നതെങ്കില് ഇന്നിപ്പോള്‍ അല്‍പ്പം മോഡേണായ, ബോള്‍ഡായ നായികമാരെയാണ് കുടുംബപ്രേക്ഷകരും സ്വീകരിക്കുന്നത്. അക്കൂട്ടത്തില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ട സീരിയലുകളില്‍ മുന്‍പന്തിയിലാണ് ‘ഗീതാ ഗോവിന്ദം’. അതിലെ ഗീതുവിനെയും ഗോവിന്ദനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കുറുമ്പു കാട്ടി ഗോവിന്ദനെ ശല്യപ്പെടുത്തുന്ന, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന, അപകടങ്ങളില്‍ പെടാതെ ഗോവിന്ദനെ രക്ഷിക്കുന്ന ഗീതു പ്രേക്ഷക മനസ്സ് കീഴടക്കിയതാണ്. ഗീതുവിനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് ബിന്നി നൂബിനാണ്. സീരിയല്‍ താരമായ നൂബിന്റെ ഭാര്യ ബിന്നിയുടെ ആദ്യ സീരിയല്‍ കൂടിയാണിത്. തന്റെ അഭിനയ യാത്രയില്‍ ഗീതാഗോവിന്ദം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് തുറന്നു പറയുകയാണ് ബിന്നി. ഒരു ഡോക്ടറായ തന്നിലേക്ക് അഭിനയം ആകസ്മികമായി എത്തിയതാണെങ്കിലും ഇപ്പോഴത് നന്നായി ആസ്വദിക്കാനാവുന്നു എന്നാണ് ബിന്നിയുടെ ഏറ്റവും വലിയ സന്തോഷം. കടന്നു വന്ന വഴികളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന ബിന്നി മംഗളം ഓണ്‍ലൈനിനൊപ്പം ചേരുകയാണ് ...
ഒരു സീരിയൽ വഴി പ്രേക്ഷരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയുക, ആദ്യ സീരിയലിനു ഇങ്ങനെയൊരു റെസ്പോൺസ് പ്രതീക്ഷിച്ചിരുന്നോ ?
ഒരിക്കലുമില്ല. കമ്മിറ്റു ചെയ്യുന്ന സമയത്ത് എനിക്കിതിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു. മലയാള സീരിയലുകളുടെ ഒരു സ്ഥിരം പ്രേക്ഷക പോലുമായിരുന്നില്ല ഞാൻ. ചെറുപ്പത്തിൽ അമ്മയൊക്കെ കാണുന്ന കൂട്ടത്തിൽ കാണുമായിരുന്നു. കോളേജ് കാലത്തൊക്കെ ആ കാഴ്ച മുടങ്ങി. പിന്നീട് ഞാൻ സീരിയൽ കണ്ടുതുടങ്ങിയത് നൂബിന് ‘കുടുംബവിളക്ക്’ ചെയ്തു തുടങ്ങിയപ്പോഴാണ്. നൂബിന്റെ സീരിയല്‍ മാത്രം അന്നൊക്കെ കാണുമായിരുന്നു. അങ്ങനെ സീരിയലുകളില്‍ നിന്ന് അകന്നു മാറി നിന്നിരുന്ന ഞാന്‍ ശരിക്കും എല്ലാ അര്‍ത്ഥത്തിലും ന്യൂ കമര്‍ തന്നെയാണ്. അങ്ങനെയുള്ള എനിക്ക് ഇത്രയും റീച്ചുള്ള ഒരു കഥാപാത്രം കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. ഗീതാഞ്ജലിയില്‍ 46 കാരനായ നായകനും 23 കാരിയായ നായികയും തമ്മിലുള്ള പ്രണയം ആദ്യമൊക്കെ ആളുകള്‍ അംഗീകരിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ വരെപ്പെട്ടെന്നാണ് ആളുകളത് അംഗീകരിച്ചത്. ഇവരുടെ യാത്ര പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചു. എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യം തന്നെയാണ് ഗീതാഞ്ജലി. പതിവില്‍ നിന്ന് വിപരീതമായി അമ്മമാര്‍ മാത്രമല്ല ഈ കഥാപാത്രത്തിന് ചെറുപ്പക്കാരായ പ്രേക്ഷകരുമുണ്ട്. അതു തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ഗീതാഗോവിന്ദം തന്നെയായിരുന്നോ അരങ്ങേറ്റം ?
അല്ല. ചൈനയില്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ ‘തോപ്പില്‍ ജോപ്പന്’ എന്ന സിനിമയിലേക്ക് ഒരു ഫാമിലി ഫ്രണ്ട് വഴി അവസരം കിട്ടി. അതില്‍ ആന്‍ഡ്രിയയുടെ ചെറുപ്പം അഭിനയിച്ചായിരുന്നു എന്റെ തുടക്കം. വളരെ ആകസ്മികമായിരുന്നു അത്. എനിക്ക് ആ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് പറഞ്ഞാണ് ഫാമിലി ഫ്രണ്ടായ അങ്കിള്‍ എന്നെ അതിലേക്ക് കാസറ്റ് ചെയ്തത്. അതില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ എനിക്ക് വെള്ളിത്തിരയെക്കുറിച്ച് ഒന്നും അറിയില്ല. അന്ന് ജോണി ആന്റണി സാര്‍ പറഞ്ഞു തന്നതു പോലെ ഞാനത് ചെയ്തു, എന്നിട്ട് തിരിച്ചു പോയി. സിനിമ റിലീസായ ശേഷം അതിനു കിട്ടുന്ന ഫേമും റീച്ചും ആളുകളുടെ സ്നേഹവും കണ്ടപ്പോഴാണ് സംഭവം കൊള്ളാമല്ലോ എന്നു തോന്നുകയും അഭിനയമേഖലയിലേക്ക് ഒരു താത്പര്യം വരുകയും ചെയ്യുന്നത്.
Binny Noobin
മമ്മൂട്ടിയുടെ സിനിമയിലൂടെ തുടക്കം, ഒരു സ്വപ്നം പോലെയായിരുന്നില്ലേ അത് ?
തീര്‍ച്ചയായും. എങ്കിലും മമ്മൂക്കയുമായി എനിക്കതില്‍ കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെയില്ല. ലൊക്കേഷനില്‍ വച്ച് ഞാന്‍ മമ്മൂക്കയെ കണ്ടിട്ടു പോലുമില്ല. സിനിമ റിലീസായ ശേഷം പലരും മമ്മൂക്കയുമായി സംസാരിച്ചോ, കണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. സിനിമയിലുള്ള മറ്റു അഭിനേതാക്കളെ കണ്ടെങ്കിലും മമ്മൂക്കയെ കാണാനുള്ള ഭാഗ്യം കിട്ടിയില്ല. എങ്കിലും അരങ്ങേറ്റ സിനിമ മമ്മൂക്കയുടേതായിരുന്നു എന്നു പറയുന്നതില്‍ വലിയ അഭിമാനമുണ്ട്.
ഗവണ്മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍, സ്ഥിര വരുമാനമുള്ള ജോലി വേണ്ടെന്നു വച്ചാണ് അഭിനയത്തിലേക്ക് എത്തുന്നത്. റിസ്കായിരുന്നില്ലേ ആ തീരുമാനം ?
സാമ്പത്തികമായി സംസാരിക്കുകയാണെങ്കില്‍ അങ്ങനെ തന്നെയാണ്. ഞാന്‍ ഡെര്‍മറ്റോളജിയില്‍ പിജി ചെയ്യാന്‍ തയാറെടുക്കുന്ന സമയത്താണ് ഇതിലേക്ക് ക്ഷണം വരുന്നത്. ആദ്യ സിനിമ ചെയ്ത ശേഷം ഒരുപാട് ഓഫറുകള്‍ സിനിമയില്‍ നിന്ന് വന്നിരുന്നു. അന്നൊക്കെ പഠനത്തിന് പ്രാധാന്യം കൊടുക്കാനായിരുന്നു വീട്ടിലെ തീരുമാനം. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഗീതാഗോവിന്ദ’ത്തിലേക്ക് ക്ഷണം വന്നപ്പോള്‍ യെസ് പറയണോ എന്നൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. അന്നെന്നെ കണ്‍വിന്‍സ് ചെയ്തത് നൂബിനാണ്. ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നൊരു ഓഫര്‍ വരുകയെന്നതും അവിടെയുള്ള സീരിയലില്‍ നായികവേഷത്തിലെത്തുക എന്നതും പലരും കാത്തിരിക്കുന്ന ഒരു ഓപ്പര്ച്യൂണിറ്റിയാണെന്നൊക്കെ നൂബിന് പറഞ്ഞു. അങ്ങനെയാണ് ഗീതുവാകാന് ഞാന്‍ സമ്മതം മൂളിയത്. സിനിമയും സീരിയലും രണ്ടു പാറ്റേണാണെങ്കില് കൂടി കിട്ടിയ ഓഫര്‍ മികച്ചതായതു കൊണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കാമെന്നു തീരുമാനിച്ചു.
അല്ലേയല്ല. ഫെയ്സ് ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. ഞങ്ങള്‍ക്ക് കോമണ്‍ ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഞാന്‍ പരിചയപ്പെടുന്ന സമയത്ത് നൂബിന് ദുബായില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് മാറിയത്. പിന്നീട് നൂബിന് എന്റെ ജീവിതപങ്കാളിയുമായി. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് ഒട്ടുമിഷ്ടമില്ലാതിരുന്ന ആളായിരുന്നു നൂബിന്. നാട്ടില്‍ വന്ന് ബിസിനസ്സ് തുടങ്ങാമെന്നു വച്ചാണ് ഇവിടേക്ക് എത്തിയത്. അതിനുള്ള ആലോചനകള്‍ നടക്കുന്നതിനിടയില്‍ സീ യില്‍ ഒരു സീരിയല്‍ ചെയ്ത് നൂബിന് അഭിനയമേഖലയിലേക്കെത്തി. പിന്നീടാണ് ഏഷ്യാനെറ്റിലേക്ക് എത്തുന്നത്. പക്ഷേ നൂബിന്റെ കരിയര്‍ അഭിനയമായി മാറുകയായിരുന്നു.
Binny Noobin with Husband Noobin
സാധാരണ കണ്ണീര്‍ക്കഥകളില്‍ നിന്ന് വ്യത്യസ്തമാണല്ലോ ഗീതാഗോവിന്ദം, അതുമൊരു റിസ്കായിരുന്നില്ലേ ?
കുങ്കുമപ്പൂവിനൊക്കെ ശേഷം എഴുതിവന്ന കഥയാണ് ഗീതാഗോവിന്ദം. ബാക്കിയുള്ള മിക്ക സീരിയലുകളും ഏഷ്യാനെറ്റിലേത് അടക്കം അന്യഭാഷകളില്‍ നിന്ന് റീമേക്ക് ചെയ്ത് എടുത്തവയാണ്. എന്നാല്‍ ഇത് അങ്ങനെയല്ല. അപ്പപ്പോള്‍ എഴുതി ഷൂട്ട് ചെയ്യുകയാണ്. അതു മാത്രമല്ല
ബാക്കിയുള്ള നായികമാരെ വച്ചു നോക്കുമ്പോൾ ഗീതാഞ്ജലി ലൈവ് കഥാപാത്രമാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഒരു പെൺകുട്ടി എങ്ങനെയായിരിക്കും എന്നതാണ് ഗീതു. പോസിറ്റീവ് മാത്രമല്ല നെഗറ്റീവും ഉള്ള പെൺകുട്ടി. ബാക്കിയുള്ള സീരിയലുകളിൽ നായിക ഒരിക്കലും പോസിറ്റീവല്ലാതെ സംസാരിക്കുക പോലുമില്ല. ക്ഷമയും സഹനവും ഏറെ കാണും നായികയ്ക്ക്. ശരിയും തെറ്റും സംസാരിക്കുന്ന, മണ്ടത്തരങ്ങൾ പറയുന്ന ഏക നായിക ഒരുപക്ഷെ ഗീതാഞ്ജലി ആകും.
എന്നാൽ ഗീതാഞ്ജലി അങ്ങനെയല്ല. മനസിലുള്ളത് തുറന്നു പറയുന്ന, മുൻ പിൻ നോക്കാതെ സ്നേഹിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന നായികയാണ് ഗീതാഞ്ജലി. കണ്ണീര്പ്പുത്രിയല്ല, എല്ലാം പോസിറ്റീവ് മൈന്‍ഡോടെ ബോള്‍ഡായി നേരിടുന്ന ഇന്നിന്റെ പെണ്‍പ്രതീകമാണ് ഗീതാഞ്ജലി. കരച്ചില്, ദേഷ്യം, വയലന്‍സ്, ഫൈറ്റ് എന്നിങ്ങനെ എല്ലാ വെറ്റൈറികളും ഇതിലെ നായികയ്ക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്. മറ്റേതൊരു കഥാപാത്രമാണെങ്കിലും ഒരേ പാറ്റേണില്‍ തന്നെ പോകേണ്ടി വന്നേനേം. പോസിറ്റീവ് ആണ് ആ പെൺകുട്ടി. ആദ്യമൊക്കെ ഇതിലെ ചില സീനുകളില്‍ ചില ഡയലോഗുകള്‍ പറയുമ്പോൾ പ്രേക്ഷകർ എങ്ങനെയെടുക്കും എന്ന് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ വിചാരിച്ചു ഹേറ്റേഴ്സ് ഉണ്ടാകുമെന്ന്. പക്ഷേ എല്ലാവരും ഗീതാഞ്ജലിയെ മനസ്സ് തുറന്നു സ്നേഹിച്ചു.
വർഷങ്ങളായി അഭിനയമേഖലയില്‍ സജീവമായ സാജന് സൂര്യ, അംബിക എന്നിങ്ങനെയുള്ളവര്ക്കൊപ്പം ആദ്യ സീരിയല്‍, ആ ടെന്ഷനുണ്ടായിരുന്നില്ലേ ?
തുടക്കത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഈ ജോലി എന്താണെന്നു അറിയില്ല. ഡയലോഗ് ഡെലിവറി, മോഡുലേഷൻ ഇതൊക്കെ ആ മിനിറ്റിൽ കൊണ്ട് വരുകയെന്നത് ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. അത് മാത്രമല്ല എനിക്കൊപ്പം പെയർ ആയി വരുന്ന സാജൻ ചേട്ടൻ എത്ര വർഷത്തെ എക്സ്പീരിയൻസ് ഉള്ള ആളാണ്. ഹാര്‍ഡ് സീന്‍ ക്യാമറയ്ക്ക് മുന്നിൽ ചേട്ടന് അഭിനയിക്കുമ്പോൾ വായും പൊളിച്ചു അമ്പരപ്പോടെ നോക്കി നിന്ന് പോയിട്ടുണ്ട് ഞാന്‍. പിന്നെ അംബിക മാം, അയ്യപ്പേട്ടൻ, എന്റെ അച്ഛൻ അമ്മമാരായി വരുന്ന ഉമ ചേച്ചി സന്തോഷ് ചേട്ടൻ... ഇങ്ങനെ ഈ സീരിയലിലെ മിക്കവരും നല്ല എക്സ്പീരിയൻസ് ഉള്ളവരാണ്. ഇവരുടെ കൂടെ ഒരു പുതുമുഖമായി അഭിനയിക്കുന്ന സമയത്ത് എല്ലാവരുടെയും പെർഫോമൻസ് കാണുമ്പോൾ ‘എങ്ങനെയാണ് ഇത്രയും പെർഫെക്ട് ആയി ഇവരൊക്കെ ചെയ്യുന്നത്’ എന്നോർത്തു ഞാൻ അത്ഭുതപെട്ടു പോയിട്ടുണ്ട്.
Binny Noobin and Sajan Soorya
നായികയാണെന്ന് അറിഞ്ഞു തന്നെയാണോ സീരിയല്‍ കമ്മിറ്റ് ചെയ്തത് ?
അല്ല. ആദ്യമത് അറിഞ്ഞിരുന്നില്ല. ഞാൻ സീരിയലിലേക്ക് വരാൻ കാരണം ജോസേട്ടനാണ്. ഫോട്ടോ അയച്ചോ ഒരു പ്രൊജക്ട് ഉണ്ടെന്ന് പറഞ്ഞു. എന്താ ഏതെയെന്നാെന്നും പറഞ്ഞില്ല. സീരിയൽ ആണെന്ന് മാത്രമേ പറഞ്ഞു. ഞാൻ അവിടെ ചെല്ലുമ്പോള്‍ അമൃതയെ കണ്ടു. നൂബിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ അമൃതയോട് സംസാരിച്ചിട്ടുണ്ട്. ‘ലുക്ക് ടെസ്റ്റ് കഴിഞ്ഞു. കഥാപാത്രത്തെ പറ്റി പറഞ്ഞ് തന്ന് താഴെ വന്നോ ഷോട്ടുണ്ടെന്ന്’ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. താഴെ പോയപ്പോള്‍ ടഫായുള്ള സീനാണ് തന്നത്. കുറേ ഡയലോഗും. ഞാൻ കത്തിക്കയറുന്ന സീനാണണതില്. സാജന് ചേട്ടനടക്കം എല്ലാവരും ഉണ്ടായിരുന്നു അവിടെ. എനിക്ക് പ്രോംപ്രിറ്റിംഗും വെച്ചു. സീനില്‍ ഞാന്‍ ദേഷ്യപ്പെടണം, ലെറ്റ് ക്യാച്ച് ചെയ്യണം, കുറേ ഡയലോഗും പറയണം. ‘എനിക്ക് മാത്രമെന്താ ഇത്രയും ഡയലോഗെന്ന്’ സത്യത്തില്‍ തോന്നിപ്പോയി. ഞാനാണ് നായികയെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. കുറേ ഷോട്ട് പോയി. ഡയറക്ടർ സാറുടെ തൊണ്ടയൊക്കെ പൊട്ടി. അമ്മയായി അഭിനയിക്കുന്ന ശ്വേതയ്ക്ക് ചെന്നെെയിൽ പോണം. ഞാനാണെങ്കില്‍ റീ ടേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എനിക്കാകെ ടെന്‍ഷന്‍ വന്നു. അവസാനം കുറേ വെള്ളം കുടിച്ച് എങ്ങനെയോ ഒപ്പിച്ചു. അത് കഴിഞ്ഞാണ് മനസ്സിലാവുന്നത് ആ സീനെടുത്ത് അയച്ച് കൊടുത്താണ് അപ്രൂവ് ആവേണ്ടതെന്ന്. ഞാൻ കാരണം ബാക്കിയുള്ളവർക്ക് കൂടി ബുദ്ധിമുട്ടായെന്ന ചിന്തയായിരുന്നു എനിക്ക്. ഇത്രയും വലിയ ഡയലോഗൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്റെ ആദ്യ സിനിമയില്‍ ഒരു ഡയലോഗു പോലുമില്ല. എന്റെ കെട്ടിയോനുൾപ്പെടെ ചെയ്യുന്നത് വലിയൊരു ടഫ് ജോബാണെന്ന് അന്നാണ് മനസ്സിലായത്. അതിന് മുമ്പ് ഞാൻ കുറ്റം പറയുമായിരുന്നു അത് ശരിയായില്ലെന്നാെക്കെ. അന്ന് മുതൽ ഒന്നും പറഞ്ഞിട്ടില്ല. ഏതായാലും അവസാനം എന്റെ അഭിനയം അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഗീതാഞ്ജലിയായി.
നൂബിന് തന്ന പിന്തുണ എത്രത്തോളമാണ് ?
ആദ്യമൊക്കെ ഞാന്‍ വന്ന് പരാതി പറയുന്നതും ലൊക്കേഷനിലെ കഥകളും പറയുന്നത് നൂബിനോടായിരുന്നു. അന്നൊക്കെ എല്ലാം കേട്ടിട്ട് നൂബിന് എന്നെപ്പറഞ്ഞ് ആശ്വസിപ്പിക്കും. ‘എല്ലാവരും ഇങ്ങനെയായിരുന്നു, ലൈറ്റ് ക്യാച്ച് ചെയ്യുന്നതും പൊസിഷന്‍ കീപ്പ് ചെയ്യുന്നതും ആര്‍ക്കും അറിയില്ലായിരുന്നു. നീ കുറച്ച് ചെയ്തു കഴിയുമ്പോള്‍ മനസ്സിലാകും. നേരത്തെ പോയി സംഭാഷണങ്ങളും അതിന്റെ സൈഡിലെഴുതിയിരിക്കുന്ന മോഡുലേഷന് വായിച്ചു പഠിക്കണം. എക്സ്പ്രെഷനും കഥയും കൂടി മനസ്സിലാക്കി ചെയ്താല്‍ മതി’ എന്നൊക്കെ നൂബിന് തന്നെയാണ് പറഞ്ഞു തന്നത്. പതിയെപ്പതിയെ ഞാനും എല്ലാം പഠിച്ചെടുത്തു. നൂബിന് തന്ന പിന്തുണ അതിനൊരു വലിയ പങ്കുവഹിച്ചിട്ടുണ്ട്.
Binny Noobin
ഡോക്ടര്‍ ജോലി മിസ്സ് ചെയ്യുന്നുണ്ടോ ?
കൂട്ടുകാരുമായി പഴയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ മിസ്സ് ചെയ്യാറുണ്ട്. പഴയ കാര്യങ്ങളൊക്കെ ആലോചിക്കുമ്പോള്‍ ഞാനുമൊരു ഡോക്ടറായിരുന്നല്ലോ എന്നോര്‍ക്കും. അത് വേറൊരു ലൈഫാണ്. രോഗികളെ കാണുന്നു. ഡൽഹിയിലായിരിന്നപ്പോൾ വളരെ തിരക്കായിരുന്നു. ഇരിക്കാൻ പോലും സമയം കിട്ടിയില്ല. ആ സമയത്ത് കുറച്ച് റെസ്റ്റെടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു. അന്നങ്ങനെ ഓര്‍ത്തെങ്കിലും പിന്നീടത് വേണമെന്നു തോന്നി. പഠനവും മുന്‍പോട്ടു കൊണ്ടു പോകണമെന്നുണ്ട്. അത് ഡിസ്കണ്ടിന്യൂ ചെയ്യുന്നില്ല. എപ്പോഴെങ്കിലും ഈ കരിയറില്‍ നിന്നു വിട്ടു മാറിയാല്‍ സ്കിന്‍ റിലേറ്റഡ് ആയി ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. പിന്നെ ഈ കരിയര്‍ ഏറെ ആസ്വദിക്കുന്നതു കൊണ്ട് ഒരുപാടൊന്നും മിസ്സ് ചെയ്യുന്നില്ലെന്ന് പറയാം.
ഞാനിപ്പോള്‍ ഡോക്ടറായി വര്‍ക്കു ചെയ്യുമ്പോള്‍ പലരും ബഹുമാനം തരും. പക്ഷേ ഈയൊരു ഫീല്‍ഡില്‍ നില്‍ക്കുമ്പോഴും ഒരുപാട് അംഗീകാരവും ബഹുമാനവും സ്നേഹവും കിട്ടുന്നുണ്ട്. ഒരുപക്ഷേ ഡോക്ടര്‍ മാത്രമായിരുന്നെങ്കില്‍ ഞാനങ്ങോട്ടു ചെന്ന് പരിചയപ്പെടേണ്ടി വരേണ്ടിയിരുന്നവരൊക്കെ ഒരു അഭിനേതാവായപ്പോള്‍ ഇങ്ങോട്ടു വന്ന് സ്നേഹവും പരിചയവും പുതുക്കുന്നുണ്ട്. ആക്ടറായതു കൊണ്ട് വലിയൊരു പ്രേക്ഷകര്‍ക്ക് മുന്നില്‍ ഞാനെന്ന ഡോക്ടറെ പരിചയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
സീരിയലും സിനിമയും രണ്ടു തട്ടില്‍ കാണുന്നതിന്റെ കാരണമായി തോന്നിയിട്ടുള്ളത് ?
സീരിയലുകള്‍ക്ക് വര്‍ഷങ്ങളായി നിലനിന്നു പോകുന്ന ഒരു പാറ്റേണുണ്ട്. അത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്. കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി അവരുടെ എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് സീരിയലുകള്‍ ചെയ്യുന്നത്. അതിനു വേണ്ടി കണ്‍സ്ട്രക് ചെയ്യുന്നതാണത്. ഇത്ര ദിവസം ഇത്ര മണിക്കൂറുകള്‍ കാണിച്ചു കൊണ്ടിരിക്കുന്നതാണത്. സിനിമ പോലെ അത്ര പെര്ഫക്ഷന് വരുത്താന്‍ പറ്റുന്ന, അത്രയും ബഡ്ജറ്റില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമല്ലത്. അതേ പോലെ വേള്ഡ്വൈഡായ പ്രേക്ഷകരും അതിനില്ല. ഒരുപാട് ലിമിറ്റേഷന്‍സില്‍ നിന്നാണ് സീരിയലുകള്‍ ചെയ്യുന്നത്. ഒരു സീനെടുത്ത് അത് പെര്ഫക്ടാക്കാന് വേണ്ടി എത്രയൊക്കെ ടേക്ക് പോകാനും അത് ഇപ്രൂവ് ചെയ്യാനും സമയവും ബഡ്ജറ്റുമുണ്ട്. ഇംപ്രവൈസ് ചെയ്ത് അത്രയ്ക്കും ബെസ്റ്റാണ് സിനിമയില്‍ കാണുന്നത്. എന്നാല്‍ സീരിയലുകളില്‍ അത് പറ്റില്ല. അതുകൊണ്ട് സിനിമയും സീരിയലും കംപയര്‍ ചെയ്യാന്‍ പറ്റില്ല.
പലപ്പോഴും മനസ്സിലാക്കാതെയാണ് പലരും ജഡ്ജ്മെന്റ് ചെയ്യുന്നത്. എനിക്കും മുന്‍പ് അങ്ങനെയായിരുന്നു ചിന്തകള്‍. ഇതില്‍ വന്ന് എന്താണെന്ന് മനസ്സിലാക്കിയപ്പോഴാണ് എന്റെയും ധാരണകള്‍ മാറിയത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാത്തതു കൊണ്ട് ഞാനും പറഞ്ഞു പോയതാണ്.
Binny Noobin
ഗീതയും ഗോവിന്ദനും തമ്മിലുള്ള പ്രണയത്തിന് പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട് ?
കുറെ നാളുകളായി എല്ലാ പ്രേക്ഷകരും അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഇനിയാണ് അത് വന്നു തുടങ്ങുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയമാണ് ഇനിയുള്ള എപ്പിസോഡുകള്‍. കുറച്ചു കൂടി സീരിയസ്സായ കണ്ടന്റുകള്‍ കൊണ്ടുവരാനാണ് ശ്രമം. ഒരു സര്‍പ്രൈസ് വ്യക്തിയുടെ എന്‍ട്രി കൂടി ഇതിലേക്ക് വരുന്നുണ്ട്. ഒരുപാട് ട്വിസ്റ്റുകളും ടേര്ണുകളും ഒക്കെയാണ് ഗീതാഗോവിന്ദത്തില്‍ ഇനിയിപ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക.
ഒരുപാട് നല്ല പ്രേക്ഷകര്‍ ഈ സീരിയലിനുണ്ട്. സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഇഷ്ടങ്ങളുമൊക്കെ പ്രേക്ഷകര്‍ തുറന്നു പറയാറുണ്ട്. അവരുടെ ഈ തുറന്നു പറച്ചില് തന്നെയാണ് ഞങ്ങളെന്നെ കലാകാരുടെ വിജയം. എന്നും എപ്പോഴും ഈ പിന്തുണയും സ്നേഹവും ഒപ്പമുണ്ടാകണം എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
സീരിയലുകളില്‍ നിന്നു കിട്ടുന്ന പ്രശസ്തിയും സിനിമയില്‍ നിന്നു കിട്ടുന്ന പ്രശസ്തിയും രണ്ടും രണ്ടാണ്, സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നില്ല സീരിയലില്‍ അഭിനയിക്കാം എന്ന തീരുമാനം ഒരു വെല്ലുവിളിയായിരുന്നില്ലേ ?
എന്നെപ്പോലെയുള്ള യംഗ്സ്റ്റേഴ്സിനെ സംബന്ധിച്ച് സീരിയലിനു പകരം സിനിമയെയാണ് കൂടുതല്‍ ഫോളോ ചെയ്യുന്നത്. സീരിയലിന്റെ പ്രേക്ഷകര്‍ പോലും അല്‍പ്പം പ്രായമുള്ളവരാണ്. അതുകൊണ്ടു തന്നെ എന്റെ പേഴ്സണല്‍ പ്രിഫറന്‍സ് സിനിമ തന്നെയായിരുന്നു. പക്ഷേ ഇതില്‍ വന്ന് ഇത്രയും പ്രശസ്തി കിട്ടിയപ്പോള്‍ വലിയ സന്തോഷം തോന്നി. മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു എന്നതു പോലും പലര്‍ക്കുമറിയില്ല. ഗീതാ ഗോവിന്ദത്തിലെ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് എല്ലാവര്ക്കും അറിയാവുന്നത്. രജിസ്റ്റര്‍ ആകാത്ത ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് പ്രശസ്തി എനിക്കിതിലൂടെ കിട്ടി. പലരും എന്നെ തിരിച്ചറിയുന്നു, ഗീതുവിനെ മനസ്സ് തുറന്നു സ്നേഹിക്കുന്നു അവരുടെ വീട്ടിലെ അംഗത്തെപ്പോലെ കാണുന്നു. ആ സ്നേഹം തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.
പക്ഷേ ഒരു പുതുമുഖമെന്ന വേര്‍തിരിവ് അവരൊന്നും കാണിച്ചിട്ടില്ല. ഒരുപാട് ഗൈഡൻസ് എല്ലാവരും തന്നിട്ടുണ്ട്.റഫറൻസ് നോക്കാൻ പറഞ്ഞിട്ടുണ്ട്, പിന്തുണ തന്നിട്ടുണ്ട്, പാമ്പർ ചെയ്തിട്ടുണ്ട്. സാജൻ ചേട്ടനാണെങ്കിൽ പിന്നെ കട്ട സപ്പോർട്ട് ആണ്. ഇങ്ങനെ ചെയ്തു നോക്ക് എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കും. എന്റെ കൂടെ പെയർ ആയി ആദ്യമുണ്ടായിരുന്ന കിഷോർ ആണെങ്കിലും പുതിയ താരമായിരുന്നു. ഞങ്ങൾക്ക് രണ്ടാൾക്കും സാജൻ ചേട്ടനുമായി ഉള്ള കോമ്പിനേഷൻ സീൻ വരുമ്പോൾ ടെൻഷൻ ആയിരുന്നു. വയലന്റ് സീനൊക്കെ വളരെ റിയലിസ്റ്റിക് ആയിട്ടാണ് സാജൻ ചേട്ടൻ ചെയ്യുന്നത്. പതിയെപ്പതിയെ അഭിനയം ഞാനും പഠിച്ചു. ആദ്യത്തെ ടെൻഷനൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്.
വീട്ടുകാരുടെ പിന്തുണ ?
വീട്ടിലുള്ളവര്‍ക്കും സിനിമ തന്നെയായിരുന്നു താത്പര്യം. സ്ഥിര ജോലി മാറ്റി വച്ചിട്ട് പോകുമ്പോള്‍ നല്ലൊരു കരിയര്‍ ആകണമെന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. ഈ സീരിയലിന് ഇത്രയും റീച്ച് കിട്ടിത്തുടങ്ങിയതോടെ അവരും ഹാപ്പിയായി. ഞാനേതൊരു ജോലി ചെയ്താലും അതില്‍ സന്തോഷം കണ്ടെത്തണമെന്നാണ് അവര്‍ എപ്പോഴും പറയുന്നത്. ഞാനിതില്‍ ഹാപ്പിയാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ എന്നേക്കാളും ഹാപ്പിയായി. അവരുടെ പിന്തുണയാണ് എന്നെ ഇവിടം വരെയെത്തിച്ചത്.
സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടോ ?
സിനിമ തന്നെയാണ് ഏതൊരു അഭിനേതാവിന്റെയും ലക്ഷ്യം. എനിക്ക് ഇടയ്ക്ക് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ നിലവില്‍ ലീഡ് കഥാപാത്രം ചെയ്യുന്നതു കൊണ്ട് കുറെയധികം ദിവസങ്ങള്‍ മാറി നില്ക്കാന് ബുദ്ധിമുട്ടാണ്. എനിക്കതിനോട് കമ്മിറ്റ്മെന്റുമുണ്ട്. അത്രയ്ക്കും എക്സൈറ്റഡായ കഥാപാത്രങ്ങള്‍ സിനിമയില്‍ നിന്ന് വന്നിട്ടുമില്ല. അങ്ങനെ വന്നാല്‍ എനിക്കുമതൊരു വിഷമമാകും. പിന്നെ സീരിയലില്‍ നിന്ന് ഒരു സ്ഥിര വരുമാനവുമുണ്ട്. ഒരുപാട് കമ്മിറ്റ്മെന്റ് ഗീതാഞ്ജലിയോടുള്ളതു കൊണ്ട് വെറുതെ അങ്ങ് കളഞ്ഞിട്ടു പോകാനും പറ്റില്ല. സീരിയിലിനൊപ്പം സിനിമ കൂടി മാനേജ് ചെയ്യാവുന്ന ഓഫറുകള്‍ വന്നാല്‍ ഉറപ്പായും യെസ് പറയും.
നൂബിനും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. നല്ലൊരു ലോഞ്ച്, അല്ലെങ്കില്‍ പ്രൊജക്ടിനു വേണ്ടിയാണ് ഞങ്ങള്‍ രണ്ടാളും കാത്തിരിക്കുന്നത്. അത് വരട്ടെ, വരുമ്പോള്‍ ഞങ്ങള്‍ സിനിമയിലുമുണ്ടാകും. തുടക്കം നല്ലൊരു പ്രൊജക്ടിലാകണമെന്ന ആഗ്രഹമുള്ളതു കൊണ്ടാണ് നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഞങ്ങളൊരുമിച്ചുള്ള നല്ല പ്രൊജക്ടുള്‍ വന്നാല്‍ തീര്‍ച്ചയായും ഞങ്ങളുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയും പ്രേക്ഷകരുടെ മുന്നിലെത്തും. അങ്ങനെയൊരു സ്വപ്നം കൂടിയുണ്ട്.