
വേനലവധിക്കാലം തുടങ്ങാറായി, കുട്ടികളുടെ ഇഷ്ടപരമ്പരകളായ കാര്‍ട്ടൂണുകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാര്‍ വരാനുള്ള സമയമാകുന്നു. അതറിഞ്ഞിട്ടാവണം പല കാര്‍ട്ടൂണ്‍ പരമ്പരകളും ചലച്ചിത്രമായി മാറ്റാനുള്ള തീരുമാനം അണിയറപ്രവര്ത്തകരെടുക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ കാര്‍ട്ടൂണായ ഛോട്ടാ ഭീമാണ് സിനിമയാകുന്നത്. ആക്ഷൻ പാക്ക്ഡ് സൂപ്പർ ഹീറോ ചിത്രമെന്ന നിലയ്ക്കാണ് ‘ഛോട്ടാ ഭീം ആൻഡ് ദ കഴ്സ് ഓഫ് ദമ്യാൻ’ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ചിത്രം മേയ് 24ന് തിയേറ്ററുകളില്‍ എത്തും.നടൻ അനുപം ഖേറാണ് ചിത്രത്തില്‍ ഗുരു ശംഭുവായി വേഷമിടുന്നത്.
ഛോട്ടാ ഭീമിന്റെ ഇഷ്ടനഗരമായ ധോലക്പൂരിന്റെ ആകാശക്കാഴ്ചകളോടെയാണ് ടീസർ ആരംഭിക്കുന്നത്. ഭീമും സുഹൃത്തുക്കളും ധോലക്പൂരിനെ ദുഷ്ടശക്തികളില്‍ നിന്ന് രക്ഷിക്കാൻ നടത്തുന്ന ശ്രമമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച ആക്ഷൻ-വിഎഫ്എക്സ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഭീമിന്റെ സുഹൃത്തുക്കളായ ചുട്കി, രാജു, ജഗ്ഗു, കാലിയ, ധോലു, ഭോലു, ഇന്ദുമതി എന്നിവരെയും ടീസറില്‍ പരിചയപ്പെടുത്തുന്നു.
ചിത്രത്തില്‍ ഛോട്ടാ ഭീമായി എത്തുന്നത് ബാലതാരം യഗ്യാ ഭാസിനാണ്. ആശ്രിയ മിശ്ര ചുട്കിയും സുരഭി തിവാരി ടുണ്ടുണ് മൗസിയുമാകുന്നു. മകരന്ദ് ദേശ്പാണ്ഡെയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് ചിലക്കയാണ് ചിത്രത്തിന്റെ സംവിധാനം.
അനുപം ഖേറും ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഇനി ബിഗ് സ്ക്രീനിൽ...ധോലക്പൂരിനെ സംരക്ഷിക്കാൻ ഭീമനും അവൻ്റെ നിർഭയ സംഘവും ദാമ്യനെ നേരിടുമ്പോൾ ചേരൂ..’’ എന്നാണ് അനുപം ഖേര്‍ കുറിച്ചത്.






