പുരപ്പുറത്തും തൊടിയിലുമെല്ലാം നിരന്നു കിടക്കുന്നത് ഐസ്ക്രീം; കുടിക്കാനും കുളിക്കാനുമെല്ലാം മഞ്ഞ് കൊയ്യുന്ന നാട്ടുകാര്‍...!!
പുരപ്പുറത്തും തൊടിയിലുമെല്ലാം നിരന്നു കിടക്കുന്നത് ഐസ്ക്രീം; കുടിക്കാനും കുളിക്കാനുമെല്ലാം മഞ്ഞ് കൊയ്യുന്ന നാട്ടുകാര്‍...!!
Authored by Web Desk | Last updated: 11 Jan 2017, 11:21 AM | 2 min read
ഷിംല: ഷിംലയില്‍ നാട്ടുകാര്‍ക്ക് ഇത് മഞ്ഞു കൊയ്യും കാലമാണ്. പുരപ്പുറത്തും തൊടിയിലും പെയ്യുന്ന ഐസ്ക്രീമിനെ ഉരുക്കി വെള്ളമാക്കുന്ന തിരക്കിലാണ് നഗരവാസികള്‍. അസാധാരണ ജലകൊയ്ത്തിന് പിന്നാലെയാണ് പ്രദേശവാസികള്‍. വെള്ളപുതച്ച മലനിരകളും വര്‍ണ്ണാഭമായ പൂക്കളുമെല്ലാം മനോഹര കാഴ്ചകളാണെങ്കിലും ആണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ഹിമപാതം ഹിമാചല്‍ പ്രദേശുകാര്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. വീടും പരിസരവും വഴിയും മുറ്റവും നിറയെ മഞ്ഞ് വീഴും. കൊടും തണുപ്പിനു പുറമേ കടുത്ത വരള്‍ച്ചയും വൈദ്യൂതി പ്രതിസന്ധിയും വേറെ. തൊണ്ട നനയ്ക്കാനുള്ള വെള്ളത്തിന് പോലും വന്‍ തുക കൊടുക്കേണ്ടി വരുമ്പോള്‍ പണക്കാരനും സാധാരണക്കാരനും ദുരിതം ഒരുപോലെ. പക്ഷേ ഇത്തവണ സ്ഥിതി മാറി.
സംഗതി മറ്റൊന്നുമല്ല. പുരപ്പുറത്ത് വീഴുന്ന മഞ്ഞുകണങ്ങളെ ഉരുക്കി കുടിക്കാനും കുളിക്കാനും ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ജലമാക്കി മാറ്റുകയാണ് ഇവര്‍. കനത്ത ഹിമപാതത്തില്‍ ഷിംലാ നഗരം മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞ് ദുരന്ത നിവാരണസേനയുടെ പ്രവര്‍ത്തനങ്ങളും വെള്ളവും വൈദ്യൂതിയും വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയമാകുമ്പോഴാണ് ചെലവു കുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ ഇവര്‍ മഞ്ഞുകൊയ്ത്ത് നടത്തുന്നത്. പുരയ്ക്ക് മുകളില്‍ വീഴുന്ന ഉറഞ്ഞ വെള്ളത്തെ ശേഖരിക്കുകയും അവ ഉരുക്കി വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. നാലു ദിവസമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ജല, വൈദ്യൂതി വിതരണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമായപ്പോഴാണ് നാട്ടുകാര്‍ ജലക്കൊയ്ത്തിന്റെ പരമ്പരാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
ശുചിമുറി മുതല്‍ അടുക്കളയിലേക്ക് വരെയുള്ള വെള്ളം ഇവര്‍ ശേഖരിക്കുന്നത് ഈ മഞ്ഞ് ഉരുക്കിയാണ്. തലസ്ഥാന നഗരത്തിലെ 34 മുനിസിപ്പല്‍ വാര്‍ഡുകളിലും ഇതോടെ ജല ദൗര്‍ലഭ്യം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളും സാധാരണക്കാരും കഴിഞ്ഞ നാലു ദിവസമായി ഇവിടെ ജനങ്ങള്‍ വെള്ളത്തിന്റെയും മഞ്ഞിന്റെയും ദുരിതം അനുഭവിക്കുകയായിരുന്നു. സാധാരണഗതിയില്‍ ഇത്തരം സാഹചര്യം വെള്ള ബിസിനസുകാര്‍ക്ക് വന്‍ തുക സമ്മാനിച്ചിരുന്നു. ഇതിനൊപ്പം വൈദ്യൂതി ഇല്ലാത്തതും ഇവിടെ വലിയ പ്രതിസന്ധിയായിരുന്നു.
ഷിംലയിലും കിനാവൂരിലും കടുത്ത ഹിമപാതമാണ്. അതിശക്തമായ തണുപ്പിനൊപ്പം ജലവിതരണം തടസ്സപ്പെട്ടതും വൈദ്യൂതി പ്രതിസന്ധിയും രൂക്ഷമാണ്. മഞ്ഞുവീണ പാതകളില്‍ ഗതാഗത തടസ്സം നേരിടുകയാണ്. മണാലിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം മഞ്ഞുവീഴ്ചയാണ്. മണാലി നാഗര്‍ റോഡിലെ ബസ് സര്‍വീസുകളും നിര്‍ത്തി വെച്ചു. കെയ്ലോംഗ്, കല്‍പ്പാ, ലഹൗള്‍, സ്പിറ്റി, കിന്നാവൂര്‍ ജില്ലകളില്‍ താപനില മൈനസ് 9.7 ഡിഗ്രിയാണ്. വിനോദ സഞ്ചാരമേഖലകളായ മണാലിയില്‍ മൈനസ് 7 ഡിഗ്രി രേഖപ്പെടുത്തി.
ഷിംലയില്‍ മൈനസ് രണ്ടു ഡിഗ്രിയും സോളാനില്‍ 0.5 ഡിഗ്രിയും ഭുണ്ടാറില്‍ 1 ഡിഗ്രിയുമാണ് താപനില. ധര്‍മ്മശാലയില്‍ 7 ഡിഗ്രിയാണ് താപനില. ലാഹൗള്‍, സ്പിറ്റി ജില്ലകളില്‍ എല്ലാ റോഡുകളും ഹിമപാതത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. 253 റോഡുകളാണ് അടച്ച നിലയില്‍ തുടരുന്നത്. ഷിംല നഗരത്തില്‍ മാത്രം അടച്ചത് 40 റോഡുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ 35 എണ്ണവും തുറന്നിട്ടുണ്ട്. 450 ജല വിതരണ സംവിധാനങ്ങളാണ് തകര്‍ന്നത്. ജല വിതരണം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. മഞ്ഞു കനത്തതോടെ കമ്പളിപ്പുതപ്പുകള്‍, കുളുഷാളുകള്, കൈയ്യുറ, മഫ്ളര്‍, കാലുറകള്‍, തൊപ്പി, ഷൂസ് എന്നിവയുടെ വില്‍പ്പന വര്‍ദ്ധിച്ചു.