
പോലീസ് സ്റ്റേഷനില്‍ നിന്നു തൊണ്ടിമുതല്‍ കാണാതാവുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ തൊണ്ടിമുതല്‍ കാണാതാവുന്നതിന് വിചിത്രമായ പല കാരണങ്ങളും പോലീസുകാര്‍ നിരത്താറുണ്ട്. അത്തരത്തിലൊരു വിശദീകരണത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ന്യൂ ഒര്‍ലീന്‍സ് എന്ന ചെറുനഗരം. ന്യൂ ഒര്ലീനിലെ പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാതാവുന്നതിന് എലിയെ പഴി ചാരുകയാണ് ഇവിടുത്തെ പോലീസ്. പഴക്കം ചെന്ന കെട്ടിടത്തില്‍ എലി ശല്യം രൂക്ഷമാണെന്നും തൊണ്ടിമുതലുകള്‍ എലികളും പാറ്റകളും കയറി നശിപ്പിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
1968 ല്‍ നിര്‍മ്മിച്ച കെട്ടിടമായതിനാല്‍ കാലപ്പഴക്കം ചെന്നെന്നും ഇത് പോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായുമാണ് പോലീസ് വ്യക്തമാക്കിയത്. പ്രതികളില്‍ നിന്ന് പിടികൂടിയ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ എലികള്‍ തിന്ന് മത്ത് പിടിച്ച് നടക്കുകയാണെന്നാണ് പോലീസ് സൂപ്രണ്ട് ആനി കിര്‍ക് പാട്രിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മേശകളില്‍ അടക്കം എലി കാഷ്ഠം കാണുന്ന സ്ഥിതിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നഗരസഭയുടെ സഹായം തേടിയാണ് പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. പോലീസ് ആസ്ഥാനത്ത് മാത്രമല്ല വിവിധ സ്റ്റേഷനുകളിലും സമാന സ്ഥിതിയാണെന്നും ആനി പറയുന്നത്.
അതേസമയം ഒരു തരത്തിലും വൃത്തിയാക്കാന്‍ പറ്റാത്ത രീതിയിലുള്ള അന്തരീക്ഷം വൃത്തിയാക്കുന്ന തൊഴിലാളികളോട് ഏറെ ബഹുമാനമുണ്ടെന്നും ആനി പറയുന്നു. എന്നാല്‍ എലികള്‍ക്ക് ലഹരി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം പോലീസ് ആസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തേണ്ടത് ക്രമസമാധാന പാലനത്തിന് അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. പോലീസ് സ്റ്റേഷനായി താല്‍ക്കാലിക ഇടമെങ്കിലും ഒരുക്കാനുള്ള ശ്രമത്തിലാണുള്ളതെന്നാണ് നഗരസഭ വിശദമാക്കുന്നത്.






