
അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹത്തിനു ശേഷം വരന്റെ വീട്ടിലെത്തിയ 'അലമാര' മൂലം അവരുടെ കുടുംബജീവിതത്തിലും അവരുടെ വീട്ടുകാര്‍ക്കിടയിലും ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'അലമാര' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഹിറ്റ് ചിത്രമായ ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രംകൂടിയാണ് അലമാര. സണ്ണി വെയ്ന്‍, അജുവര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആന്മരിയ കലിപ്പിലാണ് ഫെയിം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്ടെയ്നര് കോമഡി ചിത്രമാണ് അലമാര.
പുതുമുഖം അതിദി രവിയാണ് നായിക. രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുധി കോപ്പ, മണികണ്ഠന്, ബിജുക്കുട്ടന്, ഇന്ദ്രന്‍സ്, സാദിഖ്, കുഞ്ചന്‍, വിജിലേഷ്, നവീന്‍ രാജ്, സോനു ജോസഫ്, പ്രീത, സീമാ നായര്‍, മഞ്ജു സതീഷ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
അരുണ്‍ ബാംഗ്ലൂരില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. ബാച്ച്ലര് ജീവിതം ആര്‍ഭാടത്തോടെ ആഘോഷിക്കന്ന അരുണ്‍, ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സജീവസാന്നിധ്യവും ഒരു പ്രചോദനമാണ്. സുവിത്, പ്രശാന്ത്, ജെസ്റ്റിന്. ഇവരില്‍ പ്രശാന്ത് മാത്രം വിവാഹം കഴിച്ച് കുടുംബസമേതം താമസിക്കുന്നു. ഒരേ ഓഫീസിലാണ്. ഏറ്റവും അടുത്ത സുഹൃത്തായ സുവിത് കൂടെയാണ് താമസം.
ഇതിനിടയിലാണ് അരുണ്‍ സ്വാതി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും സൗഹൃദത്തലാകുന്നതും. പുതുതായി ജോലി ലഭിച്ച് ബാംഗ്ലൂരിലെത്തിയ സ്വാതിയുമായി സുവിത് പ്രണയത്തിലാകുന്നു. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രണയം തീവ്രമായപ്പോള്‍ ഈ വിവരം രണ്ടുപേരും വീട്ടുകാരെ അറിയിക്കുന്നു.
അരുണിന്റെയും സ്വാതിയുടെയും വീട്ടുകാര്‍ക്ക് ഈ പ്രണയത്തെ അനുകൂലിക്കന്‍ തയാറായില്ല. വീട്ടുകാരുടെ സമ്മതം ഇല്ലാതെതന്നെ അവര്‍ വിവാഹിതരാവുമെന്ന് അറിഞ്ഞപ്പോള്‍ മനസ്സില്ലാ മനസോടെ രണ്ടു കുടുംബക്കാരും സമ്മതിക്കുന്നു.
അങ്ങനെ അരുണിന്റെയും സ്വാതിയുടെയും വിവാഹം നടക്കുന്നു. എങ്കിലും രണ്ടു പേരുടെയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നുമറിയാതെ അരുണും സ്വാതിയും പ്രണയസാഫല്യ സ്വപ്നങ്ങളിലായിരുന്നു.
കല്യാണം കഴിഞ്ഞ് മൂന്നാം നാള് വധുവിന്റെ വീട്ടില്‍നിന്നും വരന്റെ വീട്ടിലേക്ക് അടുക്കള കാണല്‍ ചടങ്ങിനായി എത്തുന്നു. ഈ വരവില്‍ ഒരു അലമാര കൊടുക്കുകയെന്നത് പതിവാണ്. അങ്ങനെ വധുവിന്റെ വീട്ടില്‍നിന്നും വരന്റെ വീട്ടിലെത്തിയ അലമാരയുടെ പേരുപറഞ്ഞ് ഓരോ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങുന്നു.
അതിന്റെ പേരില്‍ ഓരോ ദിവസവും ഉണ്ടാകന്ന സംഭാഷണങ്ങള്‍ പതുക്കെ പതുക്കെ വളര്‍ന്ന് രണ്ടു കുടുംബക്കാരെ മാത്രമല്ല, അരുണിനെയും സ്വാതിയെയും ബാധിക്കുന്നു. അത് അവരുടെ പ്രണയത്തെ പോലും ചോദ്യം ചെയ്യുന്നു. ഇതിനിടയില്‍ സുഹൃത്തുക്കള്‍ പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് അവരുടെ ജീവിതത്തിലും രണ്ടു കുടുംബങ്ങളിലുമുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നര്‍മ്മരസത്തോടെ ചിത്രീകരിക്കുകയാണ് 'അലമാര'യില്‍ മിഥുന് മാനുവല്‍ തോമസ്.
അരുണായി സണ്ണി വെയ്നും സ്വാതിയായി അദിതി രവിയും വേഷമിടുന്നു. സുവിത്തായി അജുവര്‍ഗീസും പ്രശാന്തായി സൈജു കുറുപ്പും ജെസ്റ്റിനായി സുധി കോപ്പയും പ്രത്യക്ഷപ്പെടുന്നു. അരുണിന്റെ മാതാപിതാക്കളായി രഞ്ജി പണിക്കരും സീമാ നായരും സ്വാതിയുടെ മാതാപിതാക്കളായി സാദിഖും മഞ്ജു സതീഷും അഭിനയിക്കുന്നു. അരുണിന്റെ അമ്മാവനായി കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനും അനുജത്തിയായി സോനു ജോസഫും വേഷമിടുന്നു.
ഫുള്‍ ഓള് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അലമാരയുടെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. മഹേഷ് ഗോപാലന്റേതാണ് കഥ. സംഗീതം- സൂരജ് എസ്. കുറുപ്പ്.പ്രൊഡക്്ഷന്‍ കണ്ട്രോളര്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രോജക്ട് ഡിസൈനര്‍- സുനില്‍ ബി.എസ്., കല- അരുണ്‍ വെഞ്ഞാറമ്മൂട്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറാ സനീഷ്, സ്റ്റില്‍സ്- റിച്ചാര്‍ഡ് ആന്റണി, എഡിറ്റര്‍- ലിജോപോള്‍, ചീഫ് അസോ. ഡയറക്ടര്‍- ഷാജന് കല്ലായി, അസോ. ഡയറക്ടര്‍- എം.എസ്. നിഥിന്, സംവിധാന സഹായികള്‍- ദാസ് ഓസ്റ്റിന്‍, സുജിന്‍ സുജാതന്‍, പ്രിന്‍സ് ജോയി, സഞ്ജു ടോം, അസോ. ക്യാമറാമാന്- നവീന്‍ ചെമ്പൊടി, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, സെബീര്‍ മലവെട്ടത്ത്. ലൊക്കേഷന്‍- ബാംഗ്ലൂര്‍, എറണാകുളം.
-എ.എസ്. ദിനേശ്
സ്റ്റില്‍: റിച്ചാര്‍ഡ് ആന്റണി






