
ബംഗളൂരു: കർണാടകയിൽ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ബിജെപി. ജനതാദൾ സെക്കുലർ മൂന്ന് സീറ്റിൽ മത്സരിക്കും. മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകൾ ജെഡിഎസിന് നൽകാനാണ് ധാരണയായിരിക്കുന്നത്. ഡിഎസിന് മൂന്ന് സീറ്റുകൾ നൽകാൻ ബിജെപി തീരുമാനിച്ചത്. മാണ്ഡ്യയിൽ നിന്നും കോൺഗ്രസ് സ്റ്റാർ ചന്ദ്രുവെന്ന വെങ്കട്ടരാമ ഗൗഢയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിഖിൽ ഗൗഢ, കുമാരസ്വാമി, അനിതാ കുമാരസ്വാമി എന്നിവരിൽ ആരെങ്കിലും മാണ്ഡ്യയിൽ ജെഡിഎസിന് വേണ്ടി രംഗത്തിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ കോലാർ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ ജെഡിഎസ് അതൃപ്തി വ്യക്തമാക്കിയിരുന്നു.ജെഡിഎസിന് മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകൾ നൽകുമെന്ന് നേരത്തെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപി ഇതിനോട് പ്രതികരിച്ചിരുന്നില്ല. സീറ്റിങ്ങ് സീറ്റായ കോലാർ വിട്ടുനൽകുന്നതിനെതിരെ ബിജെപിയിലും ആശയക്കുഴപ്പമുണ്ടായിരുന്നു. കോലാറിന് പകരം ചിക്ക്ബെല്ലാപൂർ ജെഡിഎസിന് വാഗ്ദാനം ചെയ്തതായും വാർത്തകളുണ്ടായിരുന്നു. ജെഡിഎസിന് മാണ്ഡ്യയും ഹാസനും മാത്രം നൽകിയാൽ മതിയെന്ന നിലയിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
2019ൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുമ്പോൾ ജെഡിഎസ് ഏഴ് സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇതിൽ ശക്തികേന്ദ്രമായ മാണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഢ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയോട് പരാജയപ്പെട്ടിരുന്നു. സ്വാധീനകേന്ദ്രമായ ഹാസനിൽ മാത്രമാണ് 2019ൽ ജെഡിഎസിന് വിജയിക്കാൻ സാധിച്ചത്. ജെഡിഎസ് നേതാവ് രേവണ്ണയുടെ മകൻ പ്രജ്ജ്വുൽ രേവണ്ണയാണ് ഇവിടെ വിജയിച്ചത്.






