
ബോളിവുഡ് സിനിമാതാരം കങ്കണ റണാവത്ത് അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല ചില തുറന്നു പറച്ചിലുകളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള താരമാണ്. ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്നിട്ടും ശക്തമായ പ്രകടനം കാഴ്ച്ചവെച്ച് സ്വയം പേരെടുത്ത താരം അടുത്തിടെയായി വിവാദ പ്രസ്താവനകളിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് സിനിമയില്‍ നെപ്പോട്ടിസം നിലനില്ക്കുന്നുണ്ടെന്നതടക്കം പല അഭിനേതാക്കളുടെയും സ്വകാര്യ അഫയറുകള്‍ പോലും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാലിപ്പോള്‍ കങ്കണ വാര്‍ത്തകളില്‍ നിറയുന്നത് ഇതിന്റെയൊന്നും പേരിലല്ല, താരം ഇലക്ഷനില്‍ മത്സരിക്കാനൊരുങ്ങുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ കങ്കണയും അതിലുണ്ട്, ബിജെപി സ്ഥാനാർത്ഥിയായി.
ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ് താരം.
ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള വിവരങ്ങളും സന്തോഷവും നന്ദിയും എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിക്കുകയാണ് താരം.
‘‘എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എന്നും എന്റെ പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം ഇന്ന് എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ (മണ്ഡലം) ലോക്സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. യോഗ്യയും വിശ്വസ്തയുമായ പൊതുപ്രവർത്തകയാകാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി...’’ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ താരം എക്സിൽ കുറിച്ചു.
My beloved Bharat and Bhartiya Janta’s own party, Bharatiya Janta party ( BJP) has always had my unconditional support, today the national leadership of BJP has announced me as their Loksabha candidate from my birth place Himachal Pradesh, Mandi (constituency) I abide by the high…
— Kangana Ranaut (@KanganaTeam) March 24, 2024
ഇതിനു മുൻപ് രാഷ്ട്രീയ പ്രവേശന സൂചനകള്‍ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത് രംഗത്ത് എത്തിയിരുന്നു. ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമാണ് അന്ന് കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. 111 പേരടങ്ങുന്ന പട്ടികയാണ് ബിജെപി അഞ്ചാം ഘട്ടത്തില്‍ പുറത്തുവിട്ടത്. കങ്കണയെ കൂടാതെ നടൻ അരുണ്‍ ഗോവിലും സ്ഥാനാർത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മീററ്റില്‍ നിന്നാണ് അരുണ്‍ ഗോവില്‍ മത്സരിക്കുക. രാമയണ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് യുപി സ്വദേശിയായ അരുണ്‍ ഗോവില്‍. സന്ദേശ്ഖാലി കേസിലെ അതിജീവിതയായ രേഖാ പത്രയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പശ്ചിമബംഗാളിലെ ബസിർഹത് മണ്ഡലത്തില്‍ നിന്നാണ് രേഖാ പത്ര ബിജെപിക്കായി ജനവിധി തേടുക.






